2 May 2024, Thursday

തൊഴിലാളിവര്‍ഗ പ്രസ്ഥാനം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി

Janayugom Webdesk
October 30, 2023 5:00 am

ഇന്ത്യയിലെ പ്രഥമ ദേശീയ ട്രേഡ്‌യൂണിയൻ സംഘടനയായ അഖിലേന്ത്യ ട്രേഡ്‌യൂണിയൻ കോൺഗ്രസി(എഐടിയുസി)ന്റെ 103-ാമത് സ്ഥാപകദിനമാണ് നാളെ, ഒക്ടോബർ 31. ഇന്ത്യൻ തൊഴിലാളിവർഗവും അവരുടെ സംഘടിത പ്രസ്ഥാനങ്ങളും കടുത്ത വെല്ലുവിളികളെ നേരിടുന്ന അതീവഗുരുതരമായ സാഹചര്യങ്ങളിലാണ് എഐടിയുസി അതിന്റെ സ്ഥാപക വാർഷികം ആഘോഷിക്കുന്നത്. ഇന്ത്യയുടെ ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ തീച്ചൂളയിലാണ് 1920ൽ ലാലാ ലജ്പത്റായിയുടെ നേതൃത്വത്തിൽ എഐടിയുസിയുടെ പ്രഥമ കോൺഗ്രസ് രാജ്യത്തെ പ്രമുഖ തൊഴിലാളി കേന്ദ്രമായിരുന്ന ബോംബെയിൽ സമ്മേളിച്ചത്. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സർവോപരി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും തൊഴിലാളികൾ ദേശീയാടിസ്ഥാനത്തിൽ സംഘടിച്ചേ മതിയാകൂ എന്ന സ്വാതന്ത്ര്യസമര പോരാളികളുടെയും അന്ന് രാജ്യത്തെ വിവിധ തൊഴിൽമേഖലകളിൽ പ്രവർത്തിച്ചിരുന്ന ട്രേഡ്‌യൂണിയൻ സംഘടനകളുടെയും ഉത്തമബോധ്യമാണ് എഐടിയുസിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. ലാലാ ലജ്പത്റായിയെ തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി മഹാരഥന്മാരായ സ്വാതന്ത്ര്യസമര പോരാളികൾ സംഘടനയുടെ അധ്യക്ഷപദവി അലങ്കരിച്ചു എന്നത് ഇന്ത്യയുടെ കോളനിവിമോചന സമരവും തൊഴിലാളിവർഗവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. 1945 വരെ ഇന്ത്യൻ തൊഴിലാളിവർഗത്തിന് മറ്റൊരു ദേശീയ കേന്ദ്രസംഘടനയും ഉണ്ടായിരുന്നില്ല എന്നത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും തൊഴിലാളികളുടെ അവകാശസമരങ്ങളിലും എഐടിയുസി വഹിച്ച മഹത്തായ പങ്കിനെയാണ് സാക്ഷ്യപ്പെടുത്തുന്നത്. പിൽക്കാലത്ത് കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ട്രേഡ്‌യൂണിയൻ പ്രസ്ഥാനം വിഭജിക്കപ്പെട്ടുവെങ്കിലും രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ ഐക്യത്തിനും തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കും എഐടിയുസി നിർണായക പങ്കും നേതൃത്വവുമാണ് തുടർന്നും നിർവഹിച്ചുപോന്നിട്ടുള്ളത്.

 


ഇതുകൂടി വായിക്കൂ; കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികളുടെ അന്താരാഷ്ട്ര സമ്മേളനം


1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെത്തുടർന്നുള്ള കാലയളവിൽ സാമുദായിക അടിസ്ഥാനത്തിൽ തൊഴിലാളികൾ സംഘടിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, തൊഴിലിന്റെയും തൊഴിൽമേഖലകളുടെയും അടിസ്ഥാനത്തിലും വർഗബോധത്തിലും തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമം ഫലപ്രാപ്തിയിലേക്ക് എത്തുന്നത് എഐടിയുസിയുടെ രൂപീകരണത്തോടെയാണ്. ഇന്ന് ലോകത്തെ ഏറ്റവും ബൃഹത്തായ തൊഴിലാളി മുന്നേറ്റങ്ങൾക്കും പണിമുടക്ക് പ്രക്ഷോഭങ്ങൾക്കും രാജ്യം വേദിയാകുന്നതിൽ എഐടിയുസിയുടെ സംഭാവന അനന്യമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും കെടുതികൾക്കെതിരെ, തൊഴിലാളികളുടെയും സാമാന്യജനങ്ങളുടെയും വകാശസംരക്ഷണത്തിനുവേണ്ടിയുള്ള നിരന്തര പോരാട്ടത്തിലാണ് ഇന്ത്യൻ തൊഴിലാളിവർഗം ഏർപ്പെട്ടിട്ടുള്ളത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും വിപുലമായ ഐക്യം വളർത്തിയെടുക്കുന്നതിനും സംയുക്ത ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിനും വേണ്ടിയുള്ള ശ്രമകരവും നിർണായകവുമായ നേതൃത്വം നൽകുന്നതിനും എഐടിയുസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു നൂറ്റാണ്ടിലേറെക്കാലമായി ട്രേഡ്‌യൂണിയൻ പ്രസ്ഥാനം ത്യാഗപൂർണമായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും, സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ സ്വതന്ത്ര്യവും ഹനിക്കാനും കവർന്നെടുക്കാനുമുള്ള ശ്രമങ്ങളാണ് സംഘ്പരിവാറിന്റെ പിന്തുണയോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി ഭരണകൂടങ്ങള്‍ നടത്തിവരുന്നത്. 2019–20 കാലയളവിൽ പാർലമെന്റ് പാസാക്കിയ പ്രതിലോമകരമായ നാല് ലേബർകോഡുകൾ തൊഴിലാളികളുടെ ശക്തമായ ചെറുത്തുനില്പിനെത്തുടർന്ന് പൂർണമായി നടപ്പാക്കാനായിട്ടില്ല. ഉയർന്ന രാഷ്ട്രീയ ബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും അധികാരം കയ്യാളുന്ന ബിജെപി ഭരണകൂടത്തെ അധികാരത്തിൽനിന്നും നിഷ്കാസനംചെയ്യുക എന്നതാണ് ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി.


ഇതുകൂടി വായിക്കൂ; രാഷ്ട്രത്തിന്റെ പേരുമാറ്റം: പിന്നില്‍ ഗൂഢലക്ഷ്യം


 

ബ്രിട്ടീഷ് കോളനി മേധാവികളെ അധികാരത്തിൽനിന്നും പുറത്താക്കി രാജ്യത്തിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്താതെ തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനാവില്ലെന്ന തിരിച്ചറിവാണ് 103 വർഷങ്ങൾക്കുമുമ്പ് എഐടിയുസിയുടെ സ്ഥാപനത്തിലേക്ക് നയിച്ചത്. സമാനമായ രാഷ്ട്രീയ, തൊഴിൽ സാഹചര്യത്തെയാണ് ഇന്ത്യൻ തൊഴിലാളിവർഗം ഇന്ന് അഭിമുഖീകരിക്കുന്നത്. രാജ്യം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ്-ചങ്ങാത്ത മുതലാളിത്ത ഭരണകൂടത്തെ അധികാരത്തിൽനിന്ന് പുറത്താക്കാതെ തൊഴിലാളികളും കർഷകരും സാമാന്യജനങ്ങളും ഉൾപ്പെടുന്ന മഹാഭൂരിപക്ഷത്തിനും സ്വതന്ത്രവും അന്തസോടെയുമുള്ള ജീവിതവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ സംരക്ഷണവും അസാധ്യമെന്ന് വന്നിരിക്കുന്നു. അത്തരം ഒരു ചെറുത്തുനില്പിനും പോരാട്ടത്തിനുമുള്ള അവസരമാണ് പൊതുതെരഞ്ഞെടുപ്പ്. അതിൽ കർഷകരും ഇതര ജനവിഭാഗങ്ങളുമായി കൈകോർത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ തൊഴിലാളിവർഗത്തിനും എഐടിയുസിക്കും നിർണായകവും സുപ്രധാനവുമായ പങ്കാണ് നിർവഹിക്കാനുള്ളത്. എഐടിയുസി സ്ഥാപനത്തിന്റെ വാർഷികത്തിൽ രാജ്യം അവരെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.