കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന ഗ്രാമങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലിൽ എല്ലാ വില്ലേജുകളെയും ഒഡിഎഫ് പ്ലസ് പദവിയിൽ എത്തിച്ച് കേരളം. കേന്ദ്ര കുടിവെള്ള ശുചിത്വ വകുപ്പിന്റെ വിലയിരുത്തൽ മാനദണ്ഡമനുസരിച്ച് ഓരോ ഗ്രാമങ്ങളെയും അവയുടെ ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ള ഭൗതിക സൗകര്യങ്ങളുടെയും ശുചിത്വ നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പ്രക്രിയയിൽ ആണ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളും ഒഡിഎഫ് പ്ലസ് പദവി നേടിയത്.
ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ശുചിത്വ ശീലങ്ങളിൽ മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതൽ ശുചിത്വ സുന്ദരവും മാലിന്യ രഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. കേരളം കൂടാതെ കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കും ഒഡിഎഫ് പ്ലസ് പദവി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വില്ലേജുകളും ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഒഡിഎഫ് പ്ലസ് പ്രഖ്യാപിച്ചതിനാലാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
2016ൽ കേരളം കൈവരിച്ച സമ്പൂർണ വെളിയിട വിസർജന വിമുക്ത പദവി എന്ന നേട്ടത്തിന്റെ അടുത്ത പടിയായി ഗ്രാമങ്ങളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൂടുതലായി ഒരുക്കുന്ന സൗകര്യങ്ങളാണ് ഒഡിഎഫ് പ്ലസ് നേടുന്നതിനായി വിലയിരുത്തപ്പെടുന്നത്.
ഖരദ്രവ മാലിന്യ സംസ്‌കരണ രംഗത്ത് ഗ്രാമതലങ്ങളിൽ മികച്ച ഇടപെടൽ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ഒഡിഎഫ് പ്ലസിന്റെ ലക്ഷ്യം. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും വ്യക്തിഗത ശുചിമുറി നിർമ്മാണം, പൊതുശൗചാലയ നിർമ്മാണം, പൊതുജൈവ മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ, പൊതുദ്രവമാലിന്യ സംസ്കരണ ഉപാധികൾ, വിവിധ വിവര വിജ്ഞാന പ്രവര്‍ത്തനങ്ങൾ എന്നിവയാണ് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകൾ നടപ്പിലാക്കിയത്.
നിലവിൽ സംസ്ഥാനത്തെ 1509 ഗ്രാമങ്ങളിൽ 491 എണ്ണം ആസ്പയറിങ് വിഭാഗത്തിലും 48 എണ്ണം റൈസിങ് വിഭാഗത്തിലും 970 എണ്ണം മോഡൽ വിഭാഗത്തിലുമാണ് ഒഡിഎഫ് പ്ലസ് പദവി ലഭിച്ചത്. ശതമാന കണക്കിൽ നിലവിൽ ഏറ്റവും അധികം മോഡൽ വില്ലേജുകൾ ഉള്ള സംസ്ഥാനവും കേരളമാണ്. മുഴുവന്‍ ഗ്രാമങ്ങളെയും മോഡല്‍ വിഭാഗത്തിലെത്തിച്ച് ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം.
സമ്പൂർണ ഒഡിഎഫ് പ്ലസ് മോഡൽ പദവി നേടുന്നതിനുള്ള തയ്യാറെടുപ്പുകൾ വളരെ വേഗം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഗ്രാമങ്ങളെ വെളിയിട വിസർജന രഹിതമാക്കി തുടർന്നു കൊണ്ട് പോവുന്നതോടൊപ്പം എല്ലാ വില്ലേജുകളിലും ആവശ്യാനുസരണം കൃത്യമായ പരിപാലന സംവിധാനമുള്ള പൊതുശൗചാലയം അടക്കം സൗകര്യങ്ങള്‍ ഇതിനായി ഒരുക്കേണ്ടതുണ്ട്. വിദ്യാലയങ്ങൾ, അങ്കണവാടികൾ, ഗ്രാമ പഞ്ചായത്ത് ആസ്ഥാനം, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചിമുറികൾ, പൊതു ഇടങ്ങളിൽ മലിന ജലം കെട്ടിനിൽക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയുള്ള പരിപാലനം, കമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനം, ദ്രവ മാലിന്യസംസ്കരണ സംവിധാനം, അജൈവ മാലിന്യ ശേഖരണ- സംസ്കരണ സംവിധാനം, ഹരിത കർമ്മ സേന സേവനം, ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോർഡുകൾ തുടങ്ങിയ മാനദണ്ഡങ്ങളും ഇതിനായി പാലിക്കേണ്ടതുണ്ട്.
English Summary: ODF plus status for Kerala
You may also like this video

