Site iconSite icon Janayugom Online

വിവരാവാകാശ പ്രവര്‍ത്തകന് വിലക്കേര്‍പ്പെടുത്തി ഒഡീഷ

നിയമം ദുരുപയോഗം ചെയ്തെന്നാരോപിച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചയാള്‍ക്ക് വിലക്കുമായി ഒഡിഷ സര്‍ക്കാര്‍. പുരി ജില്ലയിലെ സതാപുരി ഗ്രാമത്തില്‍ നിന്നുള്ള ചിത്തരഞ്ജൻ സേത്തി എന്നയാള്‍ക്കാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. 61 അപേക്ഷകള്‍ നല്‍കിക്കൊണ്ട് ആർടിഐ നിയമം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് കമ്മിഷന്റെ നടപടി. കൂടാതെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളുടെ എണ്ണം 12 ആയി ചുരുക്കിക്കൊണ്ടുള്ള ഉത്തരവും കമ്മിഷൻ പുറത്തിറക്കി.
പ്രതിവർഷം സമർപ്പിക്കുന്ന അപേക്ഷകളുടെ എണ്ണം വെളിപ്പെടുത്തുന്ന നിർബന്ധിത സത്യവാങ്മൂലങ്ങൾ സമർപ്പിക്കാനും നിര്‍ദേശിച്ചു.
മേതേയ്പൂർ ഗ്രാമപഞ്ചായത്തിൽ നിന്നും നിമാപാറ ബ്ലോക്ക് ഓഫിസിലുമായി ചിത്തരഞ്ജൻ 61 അപേക്ഷകള്‍ നല്‍കിയതായി വിവരാവകാശ കമ്മിഷണർ സുശാന്ത കുമാർ മൊഹന്തി പറഞ്ഞു. വരുമാനം, ചെലവ്, വികസന പ്രവർത്തനങ്ങൾ എന്നിവയുടെ മാസാടിസ്ഥാനത്തിലുള്ള വിവരങ്ങൾ, വാർഷിക വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ.
രേഖകൾ പരിശോധിക്കാൻ അവസരം നല്‍കിയിട്ടും ചിത്തരഞ്ജൻ ഇതിന് തയ്യാറായില്ലെന്നും വീണ്ടും ആവർത്തിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നും കമ്മിഷൻ ആരോപിച്ചു. അപേക്ഷകന്റെ പെരുമാറ്റം വിവരാവകാശ പ്രക്രിയയുടെ ദുരുപയോഗമാണെന്ന് വ്യക്തമായതോടെ നടപടികളിലേക്ക് കടക്കുകയായിരുന്നുവെന്നും കമ്മിഷൻ പറയുന്നു.

Exit mobile version