ബാലാസോര്‍ ദുരന്തത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ എവിടെ കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച കവച് സംവിധാനമെന്ന ചോദ്യം ഉയരുന്നു. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കുന്ന സിഗ്നല്‍ സംവിധാനമായ കവച് അപകടം നടന്ന ട്രാക്കില്‍ ലഭ്യമല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ റെയില്‍വേ പറയുന്നത്. 2022 മാർച്ച് 23 നാണ് കവച് എന്ന പേരിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സംവിധാനം ഇന്ത്യൻ റെയിൽവേ അവതരിച്ചത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ കവചിന് ട്രെയിൻ അപകടങ്ങൾ തടയാനും മുന്നറിയിപ്പ് നൽകാനും കഴിയുമെന്നായിരുന്നു അവകാശവാദം.
ഒരു വർഷം കഴിഞ്ഞിട്ടും പ്രധാനപാതകളില്‍പ്പോലും കവചിന്റെ സേവനം ഉറപ്പാക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. 2019ല്‍ കവച് സംവിധാനം നിര്‍മ്മിക്കാനും റെയില്‍വേയില്‍ സ്ഥാപിക്കാനുമായി മൂന്നു കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നിട്ടും ഇതുവരെ വെറും രണ്ട് ശതമാനം ട്രാക്കുകളില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളതെന്നതാണ് വസ്തുത. ഓരോ സിഗ്നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും.
എന്നാല്‍ ബാലാസോറില്‍ ട്രെയിനുകൾ ഒരേ പാളത്തിൽ വരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നതാണ് പ്രാഥമികമായി റെയിൽവേയുടെ നിഗമനം. എല്ലാ ട്രെയിനുകളും പാളം തെറ്റിയ സാഹചര്യത്തിൽ കവച് സാങ്കേതികവിദ്യ പ്രവർത്തിക്കില്ലെന്നും വിദഗ്ധർ പറയുന്നു. രണ്ട് ട്രെയിനുകൾ നേർക്ക് നേർ വരുന്നതും കൂട്ടിമുട്ടുന്നതും സിഗ്നൽ തെറ്റിക്കുന്നതും ഒഴിവാക്കുന്നതിനുള്ളതാണ് കവച്. ഇത് പ്രായോഗികമായി പ്രവര്‍ത്തിക്കണമെങ്കില്‍ ട്രാക്ക് മുഴുവൻ ജിപിഎസ് സംവിധാനം ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
English Summary: Odisha Route Where Trains Collided Didn’t Have ‘Kavach’ Safety System
You may also like this video