രാജ്യത്തെ ഞെടുക്കിയ ഒഡിഷയിലെ തീവണ്ടി അപകടത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അലംഭാവം തന്നെയെന്ന് രേഖകള്‍. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി ) സമര്‍പ്പിച്ച ഇന്ത്യന്‍ റെയില്‍വെയിലെ പാളം തെറ്റല്‍ (ഡീറെയില്‍മെന്റ് ഇന്‍ ഇന്ത്യന്‍ റെയില്‍വെ ) റിപ്പോര്‍ട്ട് അവഗണിച്ചു. 2017 മുതല്‍ 2021 വരെ സിഎജി നടത്തിയ പഠനത്തിലാണ് റെയില്‍പ്പാളങ്ങളുടെ അറ്റകുറ്റപ്പണിയിലും സിഗ്നല്‍ സംവിധാനത്തിലുമുള്ള പോരായ്മകള്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ഡിസംബറില്‍ സിഎജി സര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാളം തെറ്റലിന് 24 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിഗ്നലിങ് സംവിധാനത്തിലെ ഗുരുതര പാളിച്ചകള്‍ വലിയ അപകടത്തിനു കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ട്രാക്കുകളുടെ അറ്റകുറ്റപ്പണിയിലും ട്രാക്കിന്റെ ശേഷി കണക്കാക്കാതെയുള്ള വണ്ടികളുടെ കടന്നുപോക്കും ഗുരുതര വിഷയമാണന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. റെയില്‍ നവീകരണത്തിനും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വിനിയോഗിക്കുന്ന തുക വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. 2017–18ല്‍ റെയില്‍വേ നവീകരണ, സുരക്ഷാകാര്യങ്ങള്‍ക്കുള്ള ദേശീയ റെയില്‍ സുരക്ഷാ ഫണ്ടി (രാഷ്ട്രീയ റെയില്‍ സംരക്ഷണ്‍ കോഷ്) ന് മാറ്റിവച്ചിരുന്ന തുക 81.55 ശതമാനമായിരുന്നു. 2019–20ല്‍ 73.76 ആയി വെട്ടിക്കുറച്ചു. സുരക്ഷയ്ക്കായി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ മാറ്റിവയ്ക്കുമെന്ന് റെയില്‍വെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്ക് നവീകരണത്തിനായി 2018–19ല്‍ 9,607.65 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് 2019–20 ല്‍ 7,417 കോടി രൂപയായി കുറഞ്ഞു. ഈ തുക യഥാസമയം വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തി.
പാളം തെറ്റല്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കുന്നതിലും കൃത്യവിലോപം സംഭവിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പശ്ചിമറെയില്‍വെ സോണ്‍ പ്രിന്‍സിപ്പല്‍ ചീഫ് ഒപ്പറേറ്റിങ് മാനേജര്‍ സിഗ്നലിങ് സംവിധാനത്തില്‍ ഗുരുതര പാളിച്ചകള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ട് നല്കിയിരുന്നതായി ദിപ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിഗ്നല്‍ തകരാര്‍ മൂലം രണ്ടു തീവണ്ടികള്‍ മുഖാമുഖം എത്തിയത് ചൂണ്ടിക്കാട്ടി ഒപ്പറേറ്റിങ് മാനേജര്‍ നല്കിയ റിപ്പേര്‍ട്ടില്‍ തകരാറുകള്‍ യഥാസമയം പരിഹരിച്ചില്ലെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. യശ്വന്ത്പൂര്‍ — ഹസ്രത്ത് നിസാമുദീന്‍ സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി മുഖാമുഖം എത്തിയ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി ദി പ്രിന്റ് പുറത്ത് വിട്ടു.
English Summary: odisha train accident
You may also like this video