Site iconSite icon Janayugom Online

ഒഡീഷ ട്രെയിൻ ദുരന്തം: 40 മൃതദേഹങ്ങളിൽ പരുക്കില്ല, വൈദ്യുതാഘാതമേറ്റും മരണം

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിനിടെ വൈദ്യുതാഘാതമേറ്റും മരണമുണ്ടായെന്നും നാൽപ്പതിലധികം മൃതദേഹങ്ങളിൽ പരുക്കില്ലെന്നും റെയിൽവേ പൊലീസ്. എഫ്‌ഐആറിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.അതിനിടെ, ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ സംഘം ഒഡീഷയിലെ ബാലസോറിൽ എത്തി. അപകടം നടന്ന സ്ഥലത്തെ തെളിവുകൾ ശേഖരിക്കാനാണ് സിബിഐ സംഘം സ്ഥലം സന്ദർശിക്കുന്നത്. സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍പ്പേരുടെ മൊഴിയെടുക്കും. അട്ടിമറി ശ്രമം ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ കൂടുതല്‍ സാങ്കേതികമായ പരിശോധനകളും നടത്തും. ഇന്‍റര്‍ലോക്കിങ് സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മാത്രമാണ് അപകടകാരണമെന്ന നിഗമനത്തിലാണ് ആര്‍പിഎഫും സിബിഐയും.

അതേസമയം, ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇനി തിരിച്ചറിയാനുള്ളത് 83 പേരുടെ മൃതദേഹങ്ങള്‍ ആണ്. ആകെ 288 പേരുടെ മരണം സ്ഥിരീകരിച്ചെന്നും 205 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ അന്‍പതോളം പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

നാലു ദിവസം മുമ്പാണ് ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. അപകടത്തിൽ ഏകദേശം 288 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ‑ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി വിശദീകരിച്ചത്.

eng­lish sum­ma­ry; Odisha train dis­as­ter: 40 bod­ies unharmed, elec­tro­cu­tion death

you may also like this video;

Exit mobile version