Site icon Janayugom Online

ഒഡിഷാ ദുരന്തം: സിബിഐ അന്വേഷണം തുടങ്ങി, 101 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല

ബാലാസോര്‍ ട്രെയിൻ അപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം തുടങ്ങി. ഇന്നലെ അന്വേഷണ സംഘം അപകട സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിബിഐയുടെ പത്തംഗം സംഘമാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 278 ആയി ഉയര്‍ന്നു. പരിക്കേറ്റ 1,100 പേരില്‍ 900ത്തോളം പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഇരുന്നൂറോളം പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

അപകടത്തില്‍ മരിച്ച 101 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല. ഇതുവരെ 177 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനല്കി. നിരവധി അന്വേഷണങ്ങള്‍ ഇപ്പോഴും ഹെൽപ്‌ലൈൻ നമ്പറുകളിലേക്കു വരുന്നുണ്ട്. അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രതിസന്ധിയാകുന്നത്.

തിരിച്ചറിയാത്ത മൃതദേഹങ്ങളില്‍ ഡിഎൻഎ പരിശോധന നടത്തും. കാണാതായവരുടെ ബന്ധുക്കൾ പരിശോധനയ്ക്കായി ഡിഎൻഎ സാമ്പിൾ നല്കണം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഡിഎൻഎ സാമ്പിൾ ശേഖരിച്ചതിനു ശേഷം ആറു മാസം വരെ മൃതദേഹങ്ങൾ സൂക്ഷിക്കാനാണ് നിലവിലുള്ള തീരുമാനം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആറുമാസത്തോളം എബാം ചെയ്ത് സുക്ഷിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം.
അപകടത്തിന് പിന്നാലെ യാത്രക്കാര്‍ ട്രയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം തെറ്റാണ് റെയില്‍വെ മന്ത്രാലയം പ്രതികരിച്ചു. ഒഡിഷ ട്രെയിന്‍ അപകടത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

Eng­lish Sum­ma­ry: Odisha train tragedy: CBI starts investigation
You may also like this video

Exit mobile version