Site iconSite icon Janayugom Online

ദേശീയപാതയിലെ കുഴി അടച്ച് മോട്ടോര്‍
വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

ഹരിപ്പാട്: ദേശീയപാതയിലെ കുഴി അപകട രഹിതമാക്കി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മാതൃകയായി. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷനു മുൻപിലെ ഡിവൈഡർ പൊളിച്ചു മാറ്റിയ സ്ഥലത്തെ കുഴികളാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ നികത്തി അപകടം ഒഴിവാക്കിയത്. ബസ് സ്റ്റാൻഡും ദേശീയപാതയും തമ്മിൽ വേർതിരിക്കുന്നതിനാണ് ഡിവൈഡർ സ്ഥാപിച്ചിരുന്നത്. ദേശീയപാത ടാർ ചെയ്ത് ഉയരം കൂട്ടിയതോടെ ഡിവൈഡർ റോഡിനൊപ്പമായി. ഇതേ തുടർന്നാണ് പൊളിച്ചു മാറ്റിയത്. പൊളിച്ചു മാറ്റിയ സ്ഥലത്തെ കുഴികൾ ശരിയായ രീതിയിൽ അടയ്ക്കാത്തത് കാരണം വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത ഉണ്ടായിരുന്നു. കുഴികളിൽ വീണ് വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപെട്ടതിൽ ഏറെയും. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും അപകട സാധ്യത വർധിപ്പിച്ചു. യാത്രക്കാർ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കുഴികളിൽ വീണ് അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയായിരുന്നു. ദേശീയപാത നാലുവരി പാതയാക്കുന്ന നടപടികൾ നടക്കുന്നതിനാൽ ദേശീയപാത അതോറിറ്റി റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ നടത്തുന്നില്ല. ആലപ്പുഴ ആർടിഒ, ജി എസ് സജിപ്രസാദ് റോഡിലെ കുഴികൾ അപകടരഹിതമാക്കാൻ നടപടി സ്വീകരിക്കാൻ കായംകുളം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചത്.

Exit mobile version