കൊച്ചി പുറംകടലില്‍ 25000 കോടി മൂല്യം വരുന്ന ലഹരിമരുന്ന് പിടിച്ച സംഭവത്തിലുള്‍പ്പെട്ട ചെറുകപ്പല്‍ ഇറാനിലെ ചബഹാര്‍ തുറമുഖത്തു നിന്നാണ് പുറപ്പെട്ടതെന്ന് നേവല്‍ ഇന്റലിജന്‍സ് കണ്ടെത്തി.
അതിനിടെ പാക് പൗരനെ എൻഐഎ ചോദ്യംചെയ്തു. തീവ്രവാദവിരുദ്ധ സ്ക്വാഡും എൻസിബിയിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. കപ്പലിൽനിന്ന് പിടികൂടിയ പാക് പൗരൻ സുബൈറിനെ കൊച്ചി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു. ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അപേക്ഷനൽകും. എന്നാൽ, താൻ പാക്കിസ്ഥാൻകാരനല്ല, ഇറാൻകാരനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതി.
എൻസിബി പിടിച്ചെടുത്ത 2525 കിലോഗ്രാം ലഹരിമരുന്നിനുപുറമേയുള്ള ലഹരിമരുന്ന് കടലിൽ തള്ളിയതായും ചോദ്യംചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിന്തുടർന്നപ്പോൾ കടലിൽ തള്ളിയെന്നാണ് സൂചന. ഇതുകണ്ടെത്താൻ നാവികസേനയുടെ സഹായത്തോടെ എൻസിബി ശ്രമം തുടങ്ങി.
വെള്ളംകയറാത്തരീതിയിൽ പൊതിഞ്ഞാണ് കടലിൽ തള്ളിയിരിക്കുന്നത്. ഇത് ജിപിഎസ്. സംവിധാനമുപയോഗിച്ച് ലഹരിറാക്കറ്റിന് പിന്നീട് കണ്ടെത്താനാകും. അതിനുമുമ്പേ ഇവ കണ്ടെത്തി പിടിച്ചെടുക്കാനാണ് നീക്കം. അതേസമയം കപ്പലിൽനിന്ന് സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ട ആറുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇവർ പാക്കിസ്ഥാൻ പൗരൻമാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് പുറംകടലിൽ നടത്തിയ പരിശോധനയിൽ മെത്താംഫെറ്റമിൻ പിടിച്ചെടുത്തത്.
നേവൽ ഇന്റലിജൻസിന് രഹസ്യവിവരം ലഭിക്കുമ്ബോൾ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത പാകിസ്ഥാൻ ചരക്കുകപ്പൽ ഗുജറാത്ത് പുറംകടൽ താണ്ടി തെക്കുകിഴക്ക് ദിശയിൽ ലക്ഷദ്വീപ് ലക്ഷ്യമാക്കിയാണ് നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ, നാവികസേനയും എൻസിബിയും പിന്തുടരുന്ന വിവരം കപ്പലിനു ലഭിച്ചതായി അതിന്റെ പിന്നീടുള്ള വേഗം സൂചിപ്പിക്കുന്നു. ഇന്ത്യൻ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ പുറത്തുള്ള അന്താരാഷ്ട്ര കപ്പൽച്ചാലിലേക്കു നീങ്ങാൻ ശ്രമിച്ചതും ഇത് ശരിവെക്കുന്നു.
english summary; Offshore Drug Trafficking; The ship departed from Iran
you may also like this video;