Site iconSite icon Janayugom Online

എണ്ണ ഇറക്കുമതി റെക്കോഡില്‍

ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് ഉയരത്തില്‍. മേയ് മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. 10 ശതമാനം വര്‍ധനയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. അതേസമയം രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. മേയ് മാസത്തില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യം 21.32 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങള്‍ എണ്ണ, വാതക മേഖലകളില്‍ തടസ്സമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, ആഭ്യന്തര ഇന്ധന വിതരണം സംരക്ഷിക്കാന്‍ ഇന്ത്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

മേയ് മാസത്തില്‍ ഇന്ത്യയുടെ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണയുടെ പങ്ക് നേരിയ തോതില്‍ കുറഞ്ഞു. മേയ് മാസത്തില്‍ അസംസ്‌കൃത എണ്ണ ഉല്പന്നങ്ങളുടെ ഇറക്കുമതി ഏകദേശം 3.9 ശതമാനം കുറഞ്ഞ് 4.20 ദശലക്ഷം ടണ്ണായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക കൂടി പങ്കാളിയായതോടെ എണ്ണവില കുതിച്ചുയരുകയാണ്. ആഗോളവിപണിയില്‍ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.49 ശതമാനം ഉയര്‍ന്ന് ബാരലിന് 77.39 ഡോളറിലെത്തി. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. 

എണ്ണവിതരണത്തിലെ അനിശ്ചിതത്വം ഓഹരി വിപണികളെയും ബാധിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 511.38 പോയിന്റ് അഥവാ 0.62 ശതമാനം നഷ്ടത്തില്‍ 81,896.79 ല്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 140.50 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 24,971.90 ലെത്തി. മറ്റ് ഏഷ്യന്‍ വിപണികളില്‍, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചികകള്‍ താഴ്ന്നപ്പോള്‍, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിന്റെ ഹാങ് സെങ്ങും ഉയര്‍ന്ന നിലയില്‍ അവസാനിച്ചു. 

Exit mobile version