മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, വാതക ഉൽപ്പാദനം വരുംദിവസങ്ങളിൽ പൂർണ്ണമായും നിലച്ചേക്കുമെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി മുന്നറിയിപ്പ് നൽകി. ഇസ്രായേൽ‑ഇറാൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നും അദ്ദേഹം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘർഷം ഏതാനും ആഴ്ചകൾ കൂടി നീണ്ടുനിന്നാൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാം. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച 9 ശതമാനത്തിലധികം വർധിച്ച് ബാരലിന് 93 ഡോളറിലെത്തിയിട്ടുണ്ട്. ഇത് 2023ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. മിഡിൽ ഈസ്റ്റിലെ ഊർജ്ജ കേന്ദ്രങ്ങൾക്കും കപ്പൽ പാതകൾക്കും നേരെയുള്ള ആക്രമണങ്ങൾ ആഗോള വിപണിയിൽ കനത്ത തിരിച്ചടിയുണ്ടാക്കും.
ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തർ എനർജി ഇതിനോടകം തന്നെ തങ്ങളുടെ പ്ലാന്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഉൽപ്പാദനം നിർത്തിവെക്കുകയും ‘ഫോഴ്‌സ് മജൂർ’ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗൾഫിലെ മറ്റ് കയറ്റുമതി രാജ്യങ്ങളും വരുംദിവസങ്ങളിൽ ഇതേ വഴി സ്വീകരിക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇപ്പോൾ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ സാരമായി ബാധിക്കും. ഉൽപ്പാദനം ഇപ്പോൾ പുനരാരംഭിച്ചാൽ പോലും സാധാരണ നിലയിലേക്ക് എത്താൻ മാസങ്ങൾ എടുത്തേക്കാം.

