Site iconSite icon Janayugom Online

പ്രതിസന്ധിയിൽ ഒല ഇലക്ട്രിക്; ഔട്ട്‌ലെറ്റുകളുടെ എണ്ണം 550 ആയി കുറയ്ക്കും

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം വൻതോതിൽ കുറയ്ക്കുന്നു. വിപണിയിൽ നേരിടുന്ന തിരിച്ചടികളും കുറഞ്ഞുവരുന്ന ഡിമാൻഡും കണക്കിലെടുത്ത് ഈ വർഷം മാർച്ച് അവസാനത്തോടെ സ്റ്റോറുകളുടെ എണ്ണം 550 ആയി പരിമിതപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. കഴിഞ്ഞ വർഷം 4,000 ഔട്ട്‌ലെറ്റുകൾ എന്ന വലിയ ലക്ഷ്യം പ്രഖ്യാപിച്ച സ്ഥാനത്താണ് കമ്പനി ഇപ്പോൾ പിന്മാറ്റം നടത്തുന്നത്. 

വിൽപനയിലെ വലിയ ഇടിവും വിപണി വിഹിതത്തിൽ സംഭവിച്ച കുറവുമാണ് കമ്പനിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 26 ശതമാനമുണ്ടായിരുന്ന ഒലയുടെ വിപണി വിഹിതം ജനുവരി മാസത്തിൽ വെറും 6.3 ശതമാനമായി കൂപ്പുകുത്തി. പ്രവർത്തന മാതൃകയിലും ചെലവുകളിലും മാറ്റം വരുത്തുന്നതിന്റെ ഭാഗമായി നിരവധി സ്റ്റോറുകൾ പൂട്ടിയതിനൊപ്പം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

കമ്പനിയുടെ സാമ്പത്തിക നിലയും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. 2025 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ 487 കോടി രൂപയുടെ നഷ്ടമാണ് ഒല രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹന വിതരണത്തിൽ 61 ശതമാനത്തിന്റെ ഇടിവുണ്ടായി. ഈ കാലയളവിൽ 32,680 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ സാധിച്ചത്. ഇലക്ട്രിക് വാഹന വിപണിയിൽ വലിയ ആധിപത്യം പുലർത്തിയിരുന്ന ഒലയ്ക്ക് മറ്റ് കമ്പനികളിൽ നിന്നുള്ള മത്സരം കടുത്തതും തിരിച്ചടിയായിട്ടുണ്ട്.

Exit mobile version