Site icon Janayugom Online

പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം ചരിത്രസ്മാരകമാക്കും

കോഴിക്കോട് കോർപ്പറേഷന്റെ നൂറ്റാണ്ട് പഴക്കമുള്ള പഴയ ഓഫീസ് കെട്ടിടം ചരിത്ര സ്മാരകമാക്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി
മ്യൂസിയമാക്കാൻ തീരുമാനിച്ചതായി തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശദമായ ഡി പി ആർ തയ്യാറാക്കുന്നതിനും തീരുമാനമായി.
കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാന പ്രകാരമാണ് പുരാവസ്തു–മ്യൂസിയം വകുപ്പുമായി സഹകരിച്ച് മ്യൂസിയമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുത്ത് ചരിത്ര മ്യൂസിയമാക്കി മാറ്റുന്നതിന് മുന്നോടിയായി ചരിത്രകാരന്മാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും യോഗം വിളിക്കുന്നതിനും യോഗത്തിൽ ധാരണയായി.
നഗരത്തിലെ കോംട്രസ്റ്റ് കെട്ടിടം പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കേരള മ്യൂസിയം പ്രൊജക്ട് എഞ്ചിനീയർ എം മോഹനൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ കൃഷ്ണകുമാരി, നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ പി കെ നാസർ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി രമേഷ്, മുൻ മേയർ ടി പി ദാസൻ, മുൻ എംഎൽഎ എ പ്രദീപ് കുമാർ, നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Exit mobile version