ഉക്രെയ്ൻ പ്രഥമ വനിതയും പ്രമുഖ അഭിനേതാവുമായ ഒലേന സെലെൻസ്ക ഭർത്താവും പ്രസിഡന്റുമായ വ്ലോഡിമർ സെലെൻസ്കിയോടൊപ്പം വോഗ് മാഗസിനുവേണ്ടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തത് വിമർശനങ്ങൾക്ക് പാത്രമായി. രാജ്യം യുദ്ധത്തെ നേരിടുന്ന പശ്ചാത്തലത്തിലാണ് വിമർശനങ്ങളേറെയും.
മാഗസിന്റെ കവർചിത്രം ഒലേനയാണ്. ‘ധീരതയുടെ ഛായാചിത്രം’ എന്നാണ് തലക്കെട്ട്. വോഗിന്റെ ഡിജിറ്റൽ കവർ സ്റ്റാർ ആയും ഒലേന സെലൻസ്കയുടെ ഫോട്ടോ തന്നെയാണ് നൽകിയിരിക്കുന്നത്. യുദ്ധത്തിൽ പ്രഥമവനിത എന്ന നിലയിൽ നിർണായക പങ്കുവഹിച്ചെന്ന് വിവരിക്കുന്നതാണ് മാഗസിൻ നൽകിയ കവർ സ്റ്റോറിയുടെ ഉള്ളടക്കവും. ഉക്രെയ്ൻ യുദ്ധം നിർണായകമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒലേന ഒരു മുൻനിര നയതന്ത്രജ്ഞയുടെ റോളിലാണ് എല്ലാം കൈകാര്യം ചെയ്യുന്നതെന്നാണ് മാഗസിന്റെ നിരീക്ഷണം. പ്രശസ്ത ഫോട്ടോഗ്രാഫർ ആനി ലെയ്ബോവിറ്റ്സ് പകർത്തിയ നിരവധി ചിത്രങ്ങളാണ് മാഗസിനിൽ ഉള്ളത്. ഇതിൽ ചിലത് സെലെൻസ്കിയോടപ്പമുള്ളതുമാണ്. ഇരുവരുമായും അഭിമുഖവും മാഗസിനിൽ ചേർത്തിരിക്കുന്നു. ഒക്ടോബർ ലക്കത്തിനുവേണ്ടിയാണ് ഇവ തയാറാക്കിയിരിക്കുന്നു. ഇരുപത് വർഷം നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും ആക്രമണമാരംഭിച്ചതിനെ തുടർന്ന് മക്കളുമായി പിരിഞ്ഞ് ജീവിക്കേണ്ടിവന്നതിനെക്കുറിച്ചുമൊക്കെയാണ് വോഗ് ടീമിന് നൽകിയ അഭിമുഖത്തിൽ സെലൻസ്കിയും ഭാര്യയും പറയുന്നത്.
മാഗസിന്റെ കവർചിത്രം ഒലേന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചതോടെയാണ് കൂടുതൽ പ്രചാരം ലഭിച്ചത്. “ലോകത്തിലെ പ്രമുഖരായ നിരവധി ആളുകളുടെ മഹത്തായ ബഹുമതിയും സ്വപ്നവും” എന്നാണ് ചിത്രത്തോടൊപ്പം അവർ കുറിച്ചിരിക്കുന്നത്. തന്റെ സ്ഥാനത്ത് ഇവിടെയുള്ള എല്ലാ ഉക്രേനിയൻ സ്ത്രീകളെയും കാണണമെന്ന് ആഗ്രഹിക്കുന്നു. യുദ്ധം ചെയ്യുന്ന, സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുന്ന, അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന, അധിനിവേശത്തിൽ പിടിച്ചുനിൽക്കുന്ന എല്ലാവർക്കും ഈ അവകാശമുണ്ട്, അർഹതയുണ്ട്. ലോകത്തിന്റെ മുഴുവൻ മുഖചിത്രങ്ങളിലും അവർ ഇടം നേടണം. ഉക്രേനിയൻ സ്ത്രീകളെ, നിങ്ങൾ ഓരോരുത്തരും ഇപ്പോൾ നമ്മുടെ രാജ്യത്തിന്റെ മുഖമാണ്. ഒലേന കുറിച്ചു.
യുദ്ധകാലത്തെ ജീവിതത്തെക്കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും പങ്കിട്ട ചരിത്രങ്ങളെക്കുറിച്ചും ഉക്രെയ്നിന്റെ ഭാവിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം അവർ മാഗസിനുനൽകിയ അഭിമുഖത്തിലും പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ മാസങ്ങളാണിത്. തങ്ങൾ വിജയത്തിനായി കാത്തിരിക്കുകയാണ്. വിജയിക്കുമെന്നതിൽ സംശയമില്ല. ആ പ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മണൽച്ചാക്കുകൾക്കിടയിൽ ഇരിക്കുന്ന സെലെൻസ്കയുടെ ചിത്രമാണ് കവറിൽ. ഇത് ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും സെലെൻസ്കിയോടൊപ്പമുള്ളവയാണ് വിമർശനത്തിനാധാരമായത്. യുദ്ധത്തിൽ റഷ്യക്കാരെ തോൽപ്പിക്കാൻ പ്രസിഡന്റ് അസാധാരണമായ ഒരു സേവനങ്ങളാണ് ചെയ്തത്. പക്ഷെ യുദ്ധകാലത്ത് വോഗിനുവേണ്ടിയുള്ള ഫോട്ടോ ഷൂട്ട് മോശം ആശയമാണെന്നാണ് എഴുത്തുകാരനായ ഇയാൻ ബ്രെമ്മർ ട്വീറ്റ് ചെയ്തത്. മറ്റൊരാൾ പ്രസിഡന്റിന്റെ മുൻഗണനകളെ ചോദ്യം ചെയ്തു. യുദ്ധത്തിനിടയിലും രാജ്യത്തിന്റെ പ്രഥമ വനിത ഫാഷൻ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നു എന്ന രീതിയിലും വിമർശനമുയരുന്നു. വോഗിനെയും ഒലേനയുടെ ഫോട്ടോഷൂട്ടിനെയും പ്രശംസിച്ചുകൊണ്ടും പ്രതികരണങ്ങൾ പുറത്തുവരുന്നുണ്ട്.
English Summary: The first lady of Ukraine, Olena Zelenska, has received praise and criticism for appearing in a photo shoot for Vogue magazine along with her husband, President Volodymyr Zelenskyy.