Site iconSite icon Janayugom Online

ഒമിക്രോണ്‍; സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് കേന്ദ്രം

ഒമിക്രോണ്‍ വ്യാപനം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സ്ഥിതിവിവര-പദ്ധതി നടപ്പാക്കല്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്തമാസം ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഉദ്ദേശിച്ച പാതയിലല്ല സഞ്ചരിക്കുന്നതെന്ന സര്‍ക്കാരിന്റെ മുന്‍കൂര്‍ ജാമ്യമായാണ് പുതിയ റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നത്. ബജറ്റില്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പൊള്ളയായ കണക്കിലെ കളികളിലൂടെ

രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മോഡി കോവിഡിന്റെ പേരില്‍ സര്‍ക്കാരിന്റെ ഭരണ പിടിപ്പു കേടുകള്‍ കെട്ടിവയ്ക്കാന്‍ ബജറ്റില്‍ ശ്രമിക്കുകയെന്ന കാര്യം ഇതോടെ വ്യക്തമായി. കോവിഡ് വ്യാപനത്തിന് ഇടയിലും രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നിലാണെന്ന് കണക്കുകള്‍ നിരത്തി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുന്ന മോഡിക്ക് പുതിയ കണക്കുകള്‍ കനത്ത തിരിച്ചടിയായി. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷം പത്ത് ശതമാനത്തില്‍ അധികമാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

എന്നാല്‍ ഇത് 9.2 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വിലയിരുത്തല്‍. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്തൃ വികാരങ്ങളും സാമ്പത്തിക ഇടപാടുകളിലും ഉണ്ടാകുന്ന മാറ്റമാണ് സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയെന്ന് മന്ത്രാലയം ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 9.5 ശതമാനം എന്നായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കൈവിട്ട് മുന്നേറുകയാണെന്ന മോഡി സര്‍ക്കാരിന്റെ അവകാശ വാദങ്ങളെ തള്ളിക്കളയുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

eng­lish sum­ma­ry; Omi­cron; Cen­ter says eco­nom­ic growth will slow down

you may also like this video;

Exit mobile version