Site iconSite icon Janayugom Online

ഒമിക്രോണ്‍: ജനിതകമാറ്റങ്ങള്‍ ആശങ്കയുണര്‍ത്തുന്നുവെന്ന് വിദഗ്ധര്‍

നിരവധി ജനിതക മാറ്റങ്ങള്‍ സംഭവിച്ചു എന്നതാണ് ഒമിക്രോണി (ബി. 1.1529) നെ ആശങ്കയുടെ വകഭേദമായി കണക്കാക്കാനുള്ള പ്രധാന കാരണമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞ ഡോ. ഗഗന്‍ദീപ് കാങ്.

വൈറസിനെ ബന്ധിപ്പിക്കുന്ന ഉപരിതലത്തിലും ആന്റിബോഡികൾ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിലുമാണ് മാറ്റങ്ങളുണ്ടായതെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ‘ടി സെല്ലില്‍’ വച്ചാണ് വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നത്. ടി സെല്ലുകൾ ബന്ധിപ്പിക്കുന്ന നൂറുകണക്കിന് പ്രതലങ്ങളാണ് ഉള്ളത്. ഇതുവരെ ആറ് സ്ഥലങ്ങളിലാണ് ജനിതകമാറ്റം രൂപപ്പെടുന്നത് കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത ഒമിക്രോണിന് ഉണ്ടെന്നതാണ് ഇപ്പോള്‍ കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നതെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വാക്സിന്‍ സ്വീകരിക്കുന്നതിനു മുമ്പേ തന്നെ ഇന്ത്യയിലുള്ള ഭൂരിപക്ഷത്തിനും കോവിഡ് വന്നു എന്നത് ആശ്വാസകരമാണ്. വാക്സിനേഷനും രോഗം ബാധിച്ചതിനു ശേഷവുമാണ് നാം വൈറസിനെതിരെ രോഗപ്രതിരോധം കൈവരിക്കുന്നത്. വാക്സിനേഷന്‍ എടുത്ത ഒരാളില്‍ വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നു എന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ബൂസ്റ്റര്‍ഡോസ് ഉള്‍പ്പെടെയുള്ളവ സ്വീകരിച്ചവരില്‍ വൈറസ് ബാധ ഉണ്ടാകുന്നു എന്നത് ഭയപ്പെടേണ്ടതാണ്. ഒമിക്രോണിന്റെ കാര്യത്തില്‍ അക്കാര്യവും തെളിയിക്കപ്പെട്ടു കഴിഞ്ഞു.

അതേസമയം വ്യാപനം കൂടിയതിനാല്‍ വൈറസ് ഗുരുതരമാണെന്ന് പറയാനാകില്ലെന്നും ഡോ. കാങ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ അതിവ്യാപന ശേഷിയുള്ളതാണെങ്കിലും ഗുരുതരമായ വൈറസ് അല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ആര്‍ നോട്ട് 15 വരെ ആയേക്കും

 

വൈറസിന്റെ വ്യാപന ശേഷിയെ നിശ്ചയിക്കുന്ന ‘ആര്‍ നോട്ട്’ (ഒരാളില്‍ നിന്നും എത്ര പേര്‍ക്ക് രോഗം പകരുന്നു) ഘടകം ഒമിക്രോണില്‍ അധികമാണെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു. വുഹാനില്‍ കണ്ടെത്തിയ പ്രാഥമിക വൈറസില്‍ ഇത് 2.5ഉം ഡെല്‍റ്റ വകഭേദത്തില്‍ 6.5 മുതല്‍ എട്ട് വരെയുമായിരുന്നു. എന്നാല്‍ ഒമിക്രോണിലിത് ഏറ്റവും വ്യാപനശേഷിയുള്ളതെന്ന് കണക്കാക്കപ്പെടുന്ന മീസില്‍സ് വൈറസിനു സമാനമാണ്. 15 വരെയാണ് മീസില്‍സ് വൈറസിലെ ആര്‍ നോട്ടിന്റെ സാന്നിധ്യം. ഒമിക്രോണില്‍ ഇത് എട്ട് മുതല്‍ 15 വരെയാകാമെന്ന് വിലയിരുത്തപ്പെടുന്നു.

Eng­lish Sum­ma­ry: Omi­cron: Con­cerns about genet­ic mutations

You may like this video also

Exit mobile version