Site iconSite icon Janayugom Online

വാക്സിനെടുത്തവരില്‍ ഒമിക്രോണ്‍ ബാധിച്ചാല്‍ കരുതല്‍ ഡോസിനേക്കാള്‍ പ്രതിരോധശേഷി

ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുത്തവരേക്കാള്‍ പ്രതിരോധശേഷിയുണ്ടെന്ന് പുതിയ പഠനം. വാക്സിന്‍ നിര്‍മ്മാതാക്കളായ ബയോഎന്‍ടെക് എസ്ഇയും വാഷിങ്ടണ്‍ സര്‍വകലാശാലയുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ചില രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പഠനം. രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന് ശേഷം ഒമിക്രോണ്‍ ബാധിച്ചവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവരേക്കാള്‍ പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രോഗബാധയെ നിസാരമായി കാണരുതെന്നും പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന സൂചനകളാണ് പഠനത്തിലൂടെ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ അനുമാനത്തിലെത്താന്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. ചൈന, ഉത്തര കൊറിയ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍.

കോവിഡ് വാക്സിനെടുത്ത ശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍, രോഗ ബാധിതരായ ശേഷം രണ്ടോ മൂന്നോ ഡോസ് വാക്സിനെടുത്തവര്‍, ഒമിക്രോണ്‍ പിടിപെട്ടശേഷം ഇതുവരെ വാക്സിനെടുക്കാത്തവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയത്.

വാക്സിനെടുത്ത ശേഷം ഒമിക്രോണ്‍ വന്നവരിലെ ആന്റിബോഡി വിവിധ ഡെല്‍റ്റ വകഭേദങ്ങളെ ശക്തമായി പ്രതിരോധിക്കും. രോഗികളുടെ മൂക്കിലെ സ്രവസാമ്പിളുകളില്‍ ആന്റിബോഡിയെ തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്. ഒരാളുടെ ശരീരത്തില്‍ വൈറസ് പ്രവേശിച്ച ഉടന്‍തന്നെ നിര്‍വീര്യമാക്കാന്‍ ഇത് സഹായകരമായേക്കുമെന്നും പഠനത്തില്‍ പറയുന്നു.

Eng­lish summary;Omicron infec­tion bet­ter at upping immu­ni­ty than boost­ers, claims study

You may also like this video;

Exit mobile version