Site iconSite icon Janayugom Online

ഒമിക്രോണ്‍: 4000 ത്തിലധികം യാത്രാവിമാനങ്ങള്‍ റദ്ദാക്കി

ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇന്നലെയും ഇന്നുമായി ആഗോളതലത്തില്‍ ഏകദേശം 4,000 ലധികം യാത്രാവിമാനങ്ങളാണ് റദ്ദാക്കിയത്. ക്രിസ്മസ് വാരാന്ത്യ യാത്രയ്ക്കായി ഒരുങ്ങിയ ആയിരക്കണക്കിന് പേരുടെ യാത്ര ഇതോടെ മുടങ്ങി.

ക്രിസ്മസ് ദിനമായ ഇന്നലെ മാത്രം 1,404 വിമാനങ്ങളാണ് റദ്ദാക്കിയത്. പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാന ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുകയോ, സമ്പര്‍ക്ക വിലക്ക് ഉണ്ടാകുകയോ ചെയ്തതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ ഇടയാക്കിയത്. റദ്ദാക്കപ്പെട്ട വിമാന സര്‍വീസുകളില്‍ നാലിലൊന്നും അമേരിക്കയിലാണ്. ഒമിക്രോണ്‍ വകഭേദം കാരണം അമേരിക്കയില്‍ ശരാശരി പ്രതിദിന കോവിഡ് കേസുകള്‍ 45% ഉയര്‍ന്ന് 1,79,000 ലെത്തി. ലണ്ടനില്‍ 20 ല്‍ ഒരാള്‍ക്ക് എന്ന തോതിലായിരുന്നു കഴിഞ്ഞ ആഴ്ച കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. വരുന്ന ആഴ്ച ഇത് 10 ല്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഉയരുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. കേസുകള്‍ കുതിച്ചുയര്‍ന്നതോടെ യൂറോപ്പില്‍ നിയന്ത്രണം കര്‍ശനമാക്കിത്തുടങ്ങിയിട്ടുണ്ട്. ഇറ്റലി, സ്പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ പുറത്തിറങ്ങുന്നതിന് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി. ക്രിസ്മസ് ദിനത്തിന് ശേഷം മിക്ക യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണത്തിലേക്ക് കടക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Omi­cron: More than 4,000 flights canceled
You may like this video also

Exit mobile version