Site iconSite icon Janayugom Online

നട്ടെല്ലൊടിക്കുന്ന ഒമിക്രോൺ നയം

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. പുതിയ തൊഴിൽസാധ്യത സൃഷ്ടിക്കാനുമായില്ല. കാർഷികമേഖലയും ഗുരുതരമായ പ്രതിസന്ധിയിലാണ്. 2018 — 19 ൽ 5.9 ലക്ഷമായിരുന്നു തൊഴിലവസരങ്ങൾ. 2019 ഡിസംബർ 31 വരെ 2.6 ലക്ഷമായി ഇടിഞ്ഞു. കിട്ടാക്കടം എഴുതിത്തള്ളിയും, നികുതി ഇളവ് പ്രഖ്യാപിച്ചും കോടികൾ വിലമതിക്കുന്ന പൊതുസ്വത്തും, പൊതുമേഖലയും നിസാരവിലയ്ക്ക് നല്കിയും കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്രസർക്കാർ പാവങ്ങളെ ബാധിക്കുന്ന കാർഷികോല്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കാനോ കാർഷിക കടം എഴുതിത്തള്ളാനോ അല്പം താല്പര്യംപോലും കാണിക്കുന്നില്ലെന്ന വിമർശനം തള്ളിക്കളയാനാവില്ല. വിദേശ കടം, കറൻസി വായ്പ കനത്ത വെല്ലുവിളിയാണ്. ഇറക്കുമതി നിയന്ത്രിച്ച് കയറ്റുമതി വർധിപ്പിച്ചും പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ കഴിയില്ലെന്ന് ഉറപ്പാണ്. വർധിച്ചുവരുന്ന വിദേശ വ്യാപാരക്കമ്മിമൂലം ഇന്ത്യൻ രൂപയുടെ മൂല്യവും ശോഷിക്കുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചർച്ചയ്ക്കുപോലും അനുമതി നൽകാതെയാണ് ജനറൽ ഇൻഷുറൻസ് മേഖല വിദേശകുത്തക കമ്പനികൾക്ക് അടിയറവയ്ക്കുന്ന ബിൽ ലോക്‌സഭയിൽ പാസാക്കിയെടുത്തത്. കാർഷിക നിയമം പാസാക്കിയതും ഇതേ ശൈലിയിൽ തന്നെ. ജനറൽ ഇൻഷുറൻസ് കോർപറേഷനിലും, അനുബന്ധ സ്ഥാപനങ്ങളായ നാഷണൽ ഇൻഷുറൻസ് കമ്പനി, ന്യു ഇന്ത്യ അഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവയിൽപോലും കേന്ദ്ര സർക്കാരിന് 51 ശതമാനമെങ്കിലും ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്ന 1972 ലെ നിയമഭേദഗതി ചെയ്യുന്ന ബില്ലാണ് ലോകസഭാ പാസാക്കിയത്. ഇതോടെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള സാവകാശവും ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശവും, രാജ്യത്തേയും വിദേശത്തെയും കമ്പനികളുടെ കൈകളിലമർന്നു. പിന്നാലെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി. സ്വകാര്യ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് അടക്കമുള്ള മേഖലകളിൽ പ്രീമിയം നിശ്ചയിക്കുന്നതിലും, നഷ്ടപരിഹാരം അനുവദിക്കുന്നതിലും സാധാരണക്കാരുടെ താല്പര്യം ഹനിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. മദ്യവ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി മേഹുൽ ചോക്സി എന്നിവരടക്കം 50 പേരുടെ 68607 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇനിയും ബാക്കി നിൽക്കുന്ന കിട്ടാക്കടം 1.53 ലക്ഷം കോടി. വായ്പ എടുത്ത് മനഃപൂർവം തിരിച്ചടയ്ക്കാത്തവരാണ് ഈ 50 പേരും. 2019 സെപ്റ്റംബർവരെയുള്ള കണക്കാണിത്.

 


ഇതുകൂടി വായിക്കാം; കേന്ദ്രത്തിന്റെ അവകാശ വാദങ്ങൾ പൊളിയുന്നു: രാജ്യത്തെ ജനങ്ങള്‍ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടില്ലെന്ന് സര്‍വേകള്‍


 

1947 ലെ അധികാര കൈമാറ്റത്തിനു ശേഷം 1980 വരെ നീണ്ട നെഹ്രുവിയൻ കാലത്ത് പൊതുമേഖലയിലൂന്നി സ്വാശ്രയത്വം കൈവരിച്ചത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും, ബഹുരാഷ്ട്ര എണ്ണക്കുത്തക കമ്പനികളുടെയും ഇടപെടലുകളെ നേരിട്ടുകൊണ്ടായിരുന്നു. ഇതിന്റെ ഫലമായി ഇന്ത്യയ്ക്ക് ആവശ്യമായ പെട്രോളിയത്തിന്റെ എഴുപത് ശതമാനത്തിനുമേൽ ആഭ്യന്തരമായി ആർജ്ജിക്കാനായി. എന്നാൽ തുടക്കം മുതൽ സ്വീകരിച്ചുവന്ന ഈ നയം 1990 മുതൽ തലകീഴായി മറിയുകയായിരുന്നു. 2002‑ൽ അധികാരത്തിൽ വന്ന വാജ്പേയ് സർക്കാരാണ് ഇന്ധനവില നിയന്ത്രണ സംവിധാനത്തിന് അന്ത്യംകുറിച്ചത്. ഇതോടെ രാജ്യത്ത് നിലനിന്ന “ഓയിൽ പൂൾ അക്കൗണ്ട്’ സംവിധാനം അർത്ഥരഹിതമായി. അന്താരാഷ്ട്ര എണ്ണവില കൂടുമ്പോൾ പൂൾ അക്കൗണ്ടിലെ പണമുപയോഗിച്ച് എണ്ണവില പിടിച്ചുനിർത്തുകയും, വില കുറയുമ്പോൾ കിട്ടുന്ന ലാഭം ഓയിൽപൂളിലേയ്ക്ക് നിക്ഷേപിക്കുകയും ചെയ്യുന്ന രീതിവഴി ദീർഘകാലമായി പെട്രോളിയം വില നിയന്ത്രണവിധേയമാക്കി നിർത്തിയിരിക്കുകയായിരുന്നു. 1956‑ലാണ് ഇന്ത്യയുടെ വ്യവസായനയം പ്രഖ്യാപിക്കുന്നത്. 1951‑ൽ കൊണ്ടുവന്ന ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കാർഷിക മേഖലയ്ക്കായിരുന്നു മുൻഗണന. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവർലാൽ നെഹ്‌റു പ്രഖ്യാപിച്ചതും കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കം പിന്തുണ നൽകിയതുമായ കാർഷിക — വ്യവസായ നയത്തിന് വിരുദ്ധമായ നിലപാടിന് തുടക്കമിട്ടത് മറ്റാരുമല്ല 1991‑ൽ അധികാരത്തിൽ വന്ന പി വി നരസിംഹറാവു സർക്കാരായിരുന്നു. നരസിംഹറാവു സർക്കാർ തുടക്കംകുറിച്ചതും മൻമോഹൻസിങ് സർക്കാർ പിന്തുടർന്ന് വന്നതുമായ പൊതുമേഖലാ വില്പനനയം വർധിത വീര്യത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് തുടർന്ന് അധികാരത്തിൽ വന്ന മോഡി സർക്കാർ. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഇന്ത്യൻ റയിൽവേയ്ക്ക് എട്ടാംസ്ഥാനവും, ഇന്ത്യയിൽ ഒന്നാം സ്ഥാനവുമാണ്. 15 ലക്ഷം പേർക്കാണ് തൊഴിൽ നല്കുന്നത്. രണ്ടാം സ്ഥാനം കരസേനയ്ക്കുമാണ്. നോട്ടു നിരോധനംമൂലം മൂന്നു ലക്ഷത്തിലേറെ ചെറുകിട വ്യവസായ യൂണിറ്റുകൾ പൂട്ടാനും അതുമൂലം നാലുകോടി തൊഴിലവസരങ്ങൾ നഷ്ടപ്പെടാനും ഇടയാക്കി. ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 47 കോടി തൊഴിലാളികളിൽ 45 കോടിയും അസംഘടിത മേഖലയിലാണ്. അടച്ചുപൂട്ടലിന്റെയും പിരിച്ചുവിടലിന്റെയും ഫലമായി അസംഘടിത മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വൻകിട വിദേശ മൂലധന നിക്ഷേപങ്ങൾക്ക് നൽകിയ നികുതി ഇളവുമൂലം ഉണ്ടായ നഷ്ടവും നോട്ടു നിരോധനവും, ജിഎ‌സ്‌ടി നടപ്പാക്കലും, വൻകിട തൊഴിലുടമകളുടെ കിട്ടാക്കടം എഴുതിത്തള്ളിയതുമൂലമുണ്ടായ നഷ്ടവും നികത്താൻ വേണ്ടിയാണ് റിസർവ് ബാങ്കിന്റെ കരുതൽ ഫണ്ടിൽ നിന്നും മിച്ച ഫണ്ടിൽ നിന്നുമായി 1.76 ലക്ഷം കോടി രൂപ എടുത്തതെന്നാണ് റിപ്പോർട്ട്. പൊതുസമ്പത്ത് വിറ്റ് നാലുവർഷംകൊണ്ട് ആറുലക്ഷം കോടി രൂപ സംഭരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മൂന്നു ലക്ഷം കോടി രൂപയിലേറെ റോഡുകളുടെയും റയിൽവേയുടേയും വില്പനയിലൂടെയാകും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഖനികൾ, എണ്ണ — വാതക കുഴലുകൾ, ടെലികോം സ്വത്തുക്കൾ എന്നിവ വിറ്റഴിച്ച് ശേഷിക്കുന്ന തുക കണ്ടെത്തുകയെന്നതാണ് പദ്ധതിയിൽ പറയുന്നത്. പൊതുമേഖലാ ബാങ്കുകളും ഘട്ടംഘട്ടമായി വിറ്റഴിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി നടപ്പുവർഷം രണ്ടു പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. ഓവർസീസ് ബാങ്കും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുമാണ് സ്വകാര്യവൽക്കരിക്കുക. 28 സംസ്ഥാനങ്ങളിലായി 4651 ശാഖകളുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 33,481 ജീവനക്കാരും, 3400 ഓളം ശാഖകളുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 26000 ത്തിൽപ്പരം ജീവനക്കാരുമുണ്ട്. സ്വയം വിരമിക്കൽ പദ്ധതിയനുസരിച്ച് അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. രണ്ട് ബാങ്കുകളുടെയും മൊത്തം ആസ്തി 6.17 ലക്ഷം കോടി. പൊതുമേഖലയായ ടെലികോം കമ്പനികളായ ബിഎസ്എൻഎല്ലിന്റേയും, മഹാനഗർ ടെലികോം ലിമിറ്റഡിന്റേയും ഭൂസ്വത്ത് വിറ്റഴിക്കാനും കേന്ദ്ര സർക്കാർ നടപടിയാരംഭിച്ചു. കേന്ദ്ര സർക്കാർ ഭൂസ്വത്ത് വിറ്റഴിക്കാൻ രൂപീകരിച്ചിട്ടുള്ള പ്രത്യേക വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക്ക് അസറ്റ് മാനേജ്മെന്റ് വിറ്റഴിക്കുന്ന സ്വത്തുക്കളുടെ പട്ടിക ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1100 കോടി രൂപയാണ് അടിസ്ഥാന വില. ഈ രണ്ടു സ്ഥാപനത്തിനും രാജ്യവ്യാപകമായി ആയിരക്കണക്കിനു കോടിയുടെ സ്വത്തുണ്ടെന്ന് “ഡൈപ്പാം” കണ്ടെത്തി. “ഭാരതരത്ന” പദവി നേടിയിട്ടുള്ള, ലോകത്തിലെ ഏറ്റവും മികച്ച 500 കമ്പനികളിൽ ഒന്നാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്”. എട്ട് ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഈ കമ്പനിയാണ് പതിനായിരം കോടി രൂപയ്ക്ക് വില്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കോർപറേഷന്റേ 69 എണ്ണപ്പാടങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറി. കൈമാറ്റ വ്യവസ്ഥയിൽ അവർക്ക് വളരെ അനുകൂലമായ പല ഇളവുകളും നൽകിയതിനു പുറമേ അവിടെ നിന്നും ലഭിക്കുന്ന ഉല്പന്നങ്ങൾ അവർക്ക് നേരിട്ട് വില്ക്കാനും അനുമതി നൽകിയിരിക്കുകയാണ്. 72,000 കോടി രൂപയുടെ ഉല്പന്നങ്ങൾക്ക് സാധ്യതയുള്ള ഈ എണ്ണപ്പാടത്ത് 10 കോടി ടൺ പ്രകൃതി ഇന്ധന നിക്ഷേപമുണ്ടെന്നാണ് സാങ്കേതിക വിദഗ്‌ധരുടെ വിലയിരുത്തൽ. സമ്പന്നരുടെയും അതിസമ്പന്നരുടെയും താല്പര്യസംരക്ഷണത്തിനു വേണ്ടിയുള്ള നിയമനിർമ്മാണങ്ങളുടെയും നടപടികളുടെയും പിന്നിലൊളിഞ്ഞിരിക്കുന്ന സത്യം ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇതിന് ഇരയാകേണ്ടിവരുന്നത് രാജ്യത്തെ കോടിക്കണക്കിന് പാവങ്ങളാണ്. കൊള്ളലാഭം കൊയ്യാനും പൊതുസ്വത്ത് കൈയടക്കാനും പരമാവധി ഭരണകൂടത്തെ ഉപയോഗിക്കുകയെന്നതാണ് കോർപറേറ്റുകളുടെ പ്രവർത്തനശൈലിയെങ്കിൽ കോർപറേറ്റുകളെ എല്ലാതലത്തിലും പരമാവധി ഉപയോഗിച്ച് ഭരണം കൈക്കലാക്കുകയെന്നതാണ് ഭരണകർത്താക്കളുടെ ലക്ഷ്യം. ഇന്ത്യയിലെ ശതകോടീശ്വരന്മാരായ അഞ്ചുശതമാനം പേർ രാജ്യത്തെ സമ്പത്തിന്റെ 69 ശതമാനവും കയ്യടക്കിയിരിക്കുന്നുവെന്നാണ് “ക്രെഡിറ്റ് സ്വിസ്” 2019‑ൽ പുറത്തുവിട്ട കണക്ക് പറയുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ ഈ വർഷം 179പേർ കൂടി അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി. 2011 ൽ രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം നൂറിൽ താഴെയായിരുന്നു. 2021 ൽ 1007 ആയി വർധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തി. ഒരിക്കൽ കച്ചവടക്കാരായി വന്നു നാടുമുഴുവൻ കൈപ്പിടിയിലൊതുക്കിയ ചരിത്രത്തിന്റെ തനിയാവർത്തനത്തിന് കവാടം തുറന്നു കൊടുക്കുകയാണ്.

Exit mobile version