Site iconSite icon Janayugom Online

അതിവേഗം ഒമിക്രോണ്‍

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1431 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഹോം ഐസോലേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കുക, പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുക, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മെഡിക്കല്‍-പാരാമെഡിക്കല്‍ സ്റ്റാഫിന്റെ ലഭ്യത ഉറപ്പാക്കുക, രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ വീടുകളില്‍ തന്നെ കിറ്റുപയോഗിച്ച് പരിശോധന നടത്താനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ രണ്ടാം വരവ് രാജ്യത്തെ ചികിത്സാ സംവിധാനങ്ങള്‍ താറുമാറാക്കിയത് പരിഗണിച്ചാണ് തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.

നൂറിനു മുകളില്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര (454), ഡല്‍ഹി (351), തമിഴ്‌നാട് (118), ഗുജറാത്ത് (115) കേരളം (109) എന്നിങ്ങനെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ പട്ടികയിലെ കണക്കുകള്‍. രാജ്യത്ത് ഇതുവരെ 145.16 കോടി വാക്‌സിനുകള്‍ വിതരണം ചെയ്തതായും കണക്കുകളില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 22,775 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1,04,781 സജീവ കോവിഡ് കേസുകളാണുള്ളത്. ഇതുവരെ 23 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തി. നിലവില്‍ കോവിഡ് മുക്തി നിരക്ക് 98.32 ശതമാനമാണ്.

ഡല്‍ഹിയില്‍ 50 ശതമാനം വര്‍ധന;

ജനസാന്ദ്രത അധികമുള്ള മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ രോഗവ്യാപനം വന്‍തോതില്‍ ഉയരുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് കേസുകളില്‍ 50 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെമാത്രം 2716 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.64 ശതമാനമാണ്. മുംബൈയില്‍ കോവിഡ് കേസുകള്‍ 12 ശതമാനം വര്‍ധിച്ച് 6347 ആയി ഉയര്‍ന്നു.
eng­lish summary;omicron spread rapi­de­ly in India
you may also like this video;

Exit mobile version