Site iconSite icon Janayugom Online

ദുശ്ശകുനം, പോക്കറ്റടിക്കാരന്‍ പരാമര്‍ശങ്ങള്‍; രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നവംബര്‍ 19ന് നടന്ന ലോകകപ്പിലെ ഇന്ത്യ തോല്‍ക്കാന്‍ കാരണം പ്രധാനമന്ത്രി സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിച്ചതാണെന്നും പ്രധാനമന്ത്രി ദുശ്ശകുനമാണെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. തുടര്‍ന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു. 

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനുമായി താരതമ്യം ചെയ്തുവെന്നും ഇന്ത്യയിലെ മുതിർന്ന നേതാവിനെ മോശം മനുഷ്യനായി ചിത്രീകരിച്ചു​വെന്നും ബിജെപി പരാതിയിൽ വ്യക്തമാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

പോക്കറ്റടിക്കാരൻ ഒറ്റക്ക് വരില്ലെന്നായിരുന്നു രാജസ്ഥാനിലെ റാലിയിൽ രാഹുൽ ഗാന്ധിയുടെ പരാമർശം. ഒരാൾ മുമ്പിൽ നിന്ന് വരുമ്പോൾ ഒരാൾ പിന്നിൽ നിന്നും മറ്റൊരാൾ ദൂരെ നിന്നും വരും. പ്രധാനമന്ത്രി ഹിന്ദുമുസ്‍ലിം, നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവ പറഞ്ഞത് പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കും. ഈ സമയത്ത് അദാനി പിന്നിലൂടെയെത്തി പണം കൊള്ളയടിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. ഒരാളെ പോക്കറ്റടിക്കാരൻ എന്ന് വിളിച്ചതിലൂടെ കേവലം വ്യക്തിപരമായ ആക്രമണം മാത്രമല്ല രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. ഇതിനൊപ്പം നരേ​ന്ദ്ര മോഡിയെ വ്യക്തിഹത്യ നടത്തുകയും കൂടി കോൺഗ്രസ് നേതാവ് ചെയ്തിരിക്കുകയാണെന്ന് ബിജെപി പരാതിയിൽ പറയുന്നു.
നോട്ടീസില്‍ ശനിയാഴ്ച വൈകുന്നേരത്തിനകം മറുപടി നൽകാൻ തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: omi­nous, pick­pock­et ref­er­ences; Elec­tion Com­mis­sion issued show cause notice to Rahul Gandhi

You may also like this video

Exit mobile version