ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന് സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം:
തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല.
കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർത്ഥികൾ രണ്ട് പത്രികകൾ വീതവും കാസർകോട് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു. ആകെ 18 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.
ആദ്യദിവസം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന് സ്വതന്ത്രർ ഉൾപ്പെടെ നാല് സ്ഥാനാർത്ഥികളുടെ പത്രികകളാണ് ലഭിച്ചത്. ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), മിനി.എസ് (എസ്.യു.സി.ഐ), സുശീലൻ.എം (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ) എന്നിവർ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പത്രിക നൽകി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ആദ്യദിനം സ്ഥാനാർത്ഥികളാരും പത്രിക നൽകിയിട്ടില്ല.
മാർച്ച് 28, 30, ഏപ്രിൽ രണ്ട്, മൂന്ന്, നാല് തിയതികളിൽ രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. തിരുവനന്തപുരം മണ്ഡലത്തിൽ വരണാധികാരിയുടെയോ ഉപവരണാധികാരി സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അശ്വതി ശ്രീനിവാസിന്റെ മുൻപാകയോ നോമിനേഷൻ നൽകാവുന്നതാണ്.
ആറ്റിങ്ങൽ മണ്ഡലത്തിൽ വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജിയുടെയോ, ഉപവരണാധികാരി തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വഹീദിന്റെ ചേംബറിലോ നാമനിർദേശ പത്രിക നൽകാം.
നാമനിർദേശ പത്രിക ഏപ്രിൽ നാല് വരെ സമർപ്പിക്കാം. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട് ആണ്. ഏപ്രിൽ 26 രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
English Summary: On the first day, 14 candidates submitted their nomination papers
You may also like this video