Site iconSite icon Janayugom Online

ഓസോണ്‍ പാളി വീണ്ടെടുക്കലിന്റെ പാതയില്‍

ഓസോണ്‍ പാളി വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് ഗവേഷകര്‍. യുഎന്‍ പിന്തുണയുള്ള ശാസ്ത്ര പാനലിന്റെ നാല് വര്‍ഷത്തെ തുടര്‍ച്ചയായ വിലയിരുത്തലിലാണ് ഓസോണ്‍ പാളി പൂര്‍വസ്ഥിതിയിലേക്കെത്തുകയാണെന്ന് സ്ഥിരീകരിച്ചത്. അന്റാർട്ടിക്കയ്ക്ക് മുകളിലുള്ള ഓസോൺ ദ്വാരം ഏകദേശം നാല് പതിറ്റാണ്ടിനുള്ളിൽ പൂർണ്ണമായും മാറുമെന്നും സമിതി വ്യക്തമാക്കി.
ഓസോണ്‍ പാളിയുടെ വീണ്ടെടുക്കല്‍ കാലവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും താപനില വര്‍ധനവ് പരിമിതപ്പെടുത്താനും സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഒസോണ്‍ പാളി അതിന്റെ 1980 ലെ വലുപ്പത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 2066 ഓടെ അന്റാർട്ടിക്കയ്ക്ക് മേൽ, 2045ല്‍ ആർട്ടിക്, 2040 ല്‍ ലോകമെമ്പാടും ഓസോണ്‍ പാളി സാധാരണ നിലയിലേക്കെത്തും. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ, യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം, യുഎസ് നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എന്നിവയിലെ ശാസ്ത്ര സംഘമാണ് വിലയിരുത്തല്‍ നടത്തിയത്. 

ജിയോ എന്‍ജിനീയറിങ് പോലുള്ള കാലാവസ്ഥാ പ്രതിരോധ സാങ്കേതിക വിദ്യകൾ ഓസോൺ പാളിയിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചും സമിതി മുന്നറിയിപ്പ് നൽകി.
ആഗോള താപനം കുറയ്ക്കുന്നതിന് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ഉദ്ദേശിച്ചുള്ള സ്ട്രാറ്റോസ്ഫെറിക് എയറോസോൾ ഇഞ്ചക്ഷൻ എന്നറിയപ്പെടുന്ന ഒരു തരം ജിയോ എന്‍ജിനീയറിങ് ഓസോൺ പാളിയെ പ്രതികൂലമായി ബാധിക്കും. ജിയോ എന്‍ജിനീയറിങ്ങിന്റെ ആസൂത്രിതമല്ലാത്ത അനന്തരഫലങ്ങൾ താപനില, ചംക്രമണം, ഓസോൺ ഉല്പാദനം എന്നിവയിൽ മാറ്റം വരുത്താമെന്നും നശീകരണ നിരക്ക് വര്‍ധിക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry; On the road to ozone lay­er recovery

You may also like this video

Exit mobile version