Site iconSite icon Janayugom Online

പ്രണയം നടിച്ച് മൂന്നാം ദിനം വീട്ടമ്മയില്‍ നിന്ന് പത്തുപവന്‍ കവര്‍ന്നു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പ്രണയം നടിച്ച് സ്ത്രീയില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു വീട്ടമ്മയെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരിചയപ്പെട്ട് മൂന്നുദിവസം കൊണ്ടാണ് പണയം വയ്ക്കാന്‍ എന്ന് പറഞ്ഞ് ഷെനീര്‍ 10 പവന്‍ തട്ടിയെടുത്തത്. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ വീട്ടമ്മ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിയെ നിലേശ്വരം പൊലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇയാള്‍ ഏതാനും മാസം മുന്‍പ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടമ്മയെയും സമാനമായ രീതിയില്‍ കബളിപ്പിച്ചിരുന്നു. അന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പണം തിരിച്ചുനല്‍കി കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു.

Exit mobile version