Site iconSite icon Janayugom Online

ഓണച്ചങ്ങാതി ഓണാഘോഷത്തിന് തുടക്കമായി

സമഗ്രശിക്ഷ കേരള തലവടി ബിആർസി എടത്വ, മുട്ടാർ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ വീടുകളിൽ ‘ഓണച്ചങ്ങാതി’ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ബിആർസി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ടിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികളുടെ വീട്ടിലെത്തിയ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. തലവടി ബി ആർ സിയിലെ ബി പി സി യുടെയും സ്കൂളിലെ പ്രഥമാധ്യാപികയുടെയും നേതൃത്വത്തിലാണ് സമപ്രായക്കാരുടെ സംഘമായ ചങ്ങാതിക്കൂട്ടം വീടുകളിലെത്തിയത്. പൂർണമായും കിടപ്പിലായ കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളുടെ വീട്ടിൽ സാമൂഹ്യ ഉൾച്ചേർക്കലിന്റെ ഭാഗമായാണ് മലയാളിയുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ഓണ നാളുകളിൽ സമപ്രായക്കാരുടെ ഒത്തുചേരലും ഓണാഘോഷവും സംഘടിപ്പിച്ചത്.

അത്തപ്പൂക്കളമൊരുക്കിയും, കുട്ടികളുടെയും, അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും, മധുരം വിതരണം ചെയ്തും കൂട്ടുകാർക്ക് ഓണപ്പുടവയും വിവിധ സമ്മാനങ്ങളും നൽകിയും കുട്ടികൾ ഓണത്തെ വരവേറ്റു. മുട്ടാർ പഞ്ചായത്തിലെ ഓണച്ചങ്ങാതി ജി യു പി എസ് മുട്ടാറിലെ വിദ്യാർത്ഥിയുടെ വീട്ടിൽ വെച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസ് ഉത്ഘാടനം ചെയ്തു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷില്ലി അലക്സ്, ബിപിസി ഗോപലാൽ ജി, സ്കൂൾ പ്രഥമാധ്യാപിക ശാന്തി പഞ്ചായത്ത് അംഗം സുരമ്യ, ബിആർസി ട്രെയിനർ ഷിഹാബ് നൈന, സിആർസിസി മാരായ സൂര്യ, മായാ ലക്ഷ്മി എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ സന്ധ്യ, ട്രീസ, അഞ്ചു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

എടത്വ പഞ്ചായത്തിലെ ഓണച്ചങ്ങാതി ഓണാഘോഷം സെന്റ് അലോഷ്യസ് എൽ പി എസിലെ വിദ്യാർത്ഥിയുടെ വീട്ടിൽ നടന്നു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി സി ജോസഫ്, പഞ്ചായത്ത് മെമ്പർ ദീപ ഗോപകുമാർ, സ്കൂൾ അധ്യാപിക നിഷ ആൻസി പി ടി എ പ്രതിനിധി മനോജ് എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ ഷീല, ഐബി, ബിൻസി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Eng­lish Sum­ma­ry: Onachangati Onam cel­e­bra­tions have started

Exit mobile version