ഈ ഓണത്തിന് ഭാഗ്യം പച്ചക്കുതിരയിലേറി വരുന്നതും കാത്തിരിക്കുകയാണ് കേരളം. 500രൂപ മുടക്കിയാല്‍ 25 കോടി രൂപയാണ് ഭാഗ്യശാലിയായ ഒരാളെ തിരുവോണ ബംബര്‍ വഴി തേടിയെത്തുക. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇത്തവണ ഭാഗ്യചിഹ്നമായ പച്ചക്കുതിരയും ലോഗോയും പ്രകാശം ചെയ്തത്. രതീഷ് രവിയാണ് പച്ചക്കുതിരയെന്ന ഭാഗ്യമുദ്രയുടെ രൂപകല്പനയ്ക്ക് പിന്നില്‍. സത്യപാൽ ശ്രീധറാണ് ലോഗോ രൂപകല്പന ചെയ്തത്. കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കത്തക്ക വിധത്തിലാണ് ഇത്തവണ ഓണം ബംബര്‍.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം രണ്ടാം സമ്മാനമായി നല്‍കിയത്. ഇത്തവണ മൂന്നാം സമ്മാനമായ 50 ലക്ഷം വീതം 20 ടിക്കറ്റുകള്‍ക്കാണ് നല്‍കുക. കഴിഞ്ഞ വര്‍ഷമിത് ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു.
നാലാം സമ്മാനം, അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. കഴിഞ്ഞ തവണത്തേക്കാള്‍ ആകെ സമ്മാനത്തുക ഇത്തവണ കൂടുതലാണ്. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനത്തുക. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തിൽ ജില്ലാ ഓഫീസുകളിൽ എത്തിച്ചത്. ഇതിൽ ആദ്യ ആഴ്ച തന്നെ നാലര ലക്ഷവും വിറ്റുപോയ സ്ഥിതിക്ക് ഇത്തവണ ടിക്കറ്റ് ക്ഷാമം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വിതരണക്കാര്‍ ഏറെയും.
സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ലോട്ടറി വിൽപ്പന. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. രണ്ട് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്ന സംരംഭമാണ് സംസ്ഥാന ലോട്ടറി. ഒരു വര്‍ഷം 7000 കോടി രൂപ സമ്മാനമായി വിതരണം ചെയ്യുമ്പോള്‍ 3000 കോടി മുതൽ 3500 കോടി രൂപ വരെ കമ്മീഷനായി ലഭിക്കാറുണ്ട്. എല്ലാ ലോട്ടറികള്‍ക്കും കൂടി മുന്‍പ് 5.2 കോടി സമ്മാനങ്ങളാണ് പോയ വര്‍ഷങ്ങളില്‍ നല്‍കിയിരുന്നത്. സമ്മാനഘടന പരിഷ്‌കരിച്ചതിലൂടെ ഇത് 8.5 കോടിയായി വര്‍ധിച്ചു. ലോട്ടറിയുടെ മുഖവിലയ്ക്ക് ടാക്സ് എന്ന സംസ്ഥാനത്തിന്റെ ആവശ്യവും ജിഎസ് ടി കൗൺസിൽ അംഗീകരിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദിനം പ്രതിയുള്ള ലോട്ടറി നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെ നടുക്കെടുപ്പ് വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു. വിഷു, ഓണം, ക്രിസ്മസ്, പൂജ എന്നി വിശേഷ സന്ദര്‍ഭങ്ങളിലാണ് ബംബര്‍ ടിക്കറുകള്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. ഒപ്പം തന്നെ മണ്‍സൂണ്‍ സമ്മര്‍ ബംബറുകളും പുറത്തിറക്കാറുണ്ട്.
ഭാഗ്യം പിറന്ന 56 വർഷങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍ കേരള ഭാഗ്യക്കുറി വില്‍പ്പന ആരംഭിച്ചിട്ട് 56 വര്‍ഷമാകുന്നു. രണ്ടാം ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തുന്നത് 1967ലാണ്. സർക്കാരിന് നികുതി, നികുതിയേതര വരുമാനങ്ങൾ കുറവായിരുന്ന കാലം. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിനുള്ള ആലോചനയുടെ ഭാഗമായാണ് ഭാഗ്യക്കുറി അഥവാ ലോട്ടറി വിൽപ്പന നടത്തുകയെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സോഷ്യലിസ്റ്റ് നേതാവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെയും നേതാവുമായ പി കെ കുഞ്ഞായിരുന്നു രണ്ടാം ഇഎംഎസ് മന്ത്രി സഭയിലെ ധനമന്ത്രി. ലോട്ടറി ഇറക്കുന്നതിന് കമ്മ്യൂണിസ്റ്റ് സർക്കാരിന് പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയായിരുന്നു. ലോട്ടറി അച്ചടി, വിതരണം, വിൽപ്പന, സമ്മാന വിതരണം എന്നിവയ്ക്കൊക്കെ മുൻകൈ എടുക്കാൻ ലോട്ടറി ഡയറക്ടറേറ്റ് രൂപീകരിച്ചതും അക്കാലത്താണ്. 1967 സെപ്റ്റംബറിലാണ് കേരളത്തിൽ ലോട്ടറി ഡയറക്ടറേറ്റ് രൂപീകരിച്ചത്. സെപ്റ്റംബർ ഒന്നാം തീയതി ഡയറക്ടറേറ്റ് പ്രവർത്തനം ആരംഭിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തന്നെ സംസ്ഥാന സർക്കാർ ആദ്യ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി.
ഒരു രൂപ വിലയുള്ള ടിക്കറ്റിന് അമ്പതിനായിരം രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ചാണ് ആദ്യ ഭാഗ്യക്കുറി പുറത്തിറങ്ങിയത്. ഇതിന് പുറമെ 93 ക്യാഷ് പ്രൈസും ഉണ്ടായിരുന്നു. 1968 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു ആദ്യമായി പുറത്തിറങ്ങിയ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. ലോട്ടറിയിൽ തന്നെ സമ്മാനവും നറുക്കെടുപ്പ് വിവരങ്ങളും അച്ചടച്ചിട്ടുണ്ടായിരുന്നു. ആതുരശുശ്രൂഷ രംഗവുമായി ബന്ധപ്പെട്ട് സർജറി ടേബിളിലെ ചിത്രമാണ് ഭാഗ്യക്കുറിയുടെ നടുക്കായി നല്‍കിയിരുന്നത്. നറുക്കെടുപ്പ് ദിനം വരെ ലോട്ടറി വില്‍പ്പന അക്കാലത്ത് ഉണ്ടായിരുന്നില്ല. നറുക്കെടുപ്പിന് പതിനാറ് ദിവസം മുന്‍പ് 1968 ജനുവരി പത്തിന് ലോട്ടറി വിൽപ്പന അവസാനിപ്പിച്ചു. വില്‍പ്പന അവസാനിക്കുന്ന തീയതി ‘ക്ലോസിങ് ഡേറ്റ്’ എന്നെഴുതിയാണ് ഭാഗ്യക്കുറി അച്ചടിച്ചിരുന്നത്.
1968 ജൂലൈയില്‍ ഭാഗ്യശാലിക്കുള്ള സമ്മാനതുകയില്‍ വര്‍ധവുണ്ടായി. അൻപതിനായിരം രൂപ എന്നത് എഴുപത്തിയ്യായിരം രൂപയാക്കി ഒന്നാം സമ്മാനത്തുക ഉയർത്തി. ഭാഗ്യക്കുറിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1968 നവംബർ ഒന്നിന് വീണ്ടും സമ്മാനത്തുക വർദ്ധിപ്പിച്ചു. സമ്മാനത്തുക ഒരു ലക്ഷമാക്കി. രണ്ട് വര്‍ഷം കഴിഞ്ഞിറങ്ങിയ ‘ലോട്ടറി ടിക്കറ്റ്’ എന്ന സിനിമയില്‍ ഭാഗ്യക്കുറിയെക്കുറിച്ച് ഒരു പാട്ടും പുറത്തിറങ്ങി. ‘ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും എന്ന അടൂർഭാസി പാടി അഭിനയിച്ച ഗാനം ഇന്നും മലയാളികളുടെ ഓര്‍മ്മയിലുണ്ടാകും. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് വി ദക്ഷിണാമൂർത്തിയാണ് സംഗീതം നല്‍കിയത്. 1980കളുടെ അവസാനം വരെ ലോട്ടറി വിൽപ്പനക്കാരുടെ പ്രചാരണ ഗാനമായിമാറി ലോട്ടറി ടിക്കറ്റിലെ ഈ ഗാനം. കേരളത്തിലെ ലോട്ടറിക്ക് പ്രത്യേകിച്ച് പേരുകളില്ലായിരുന്നു. ഇതിനൊരു മാറ്റം വന്നത് 1991 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിൽ വന്ന ലോട്ടറിമുതലായിരുന്നു. ‘കൈരളി’ എന്നായിരുന്നു പേര്. പിന്നീട് മാവേലി, പെരിയാർ എന്നീ പേരുകളിൽ ആയിരുന്നു ഭാഗ്യകുറികൾ പുറത്തിറങ്ങിയത്.
ഭാഗ്യ ലാഭം
ഭാഗ്യക്കുറി വില്‍പ്പനയുടെ ആദ്യകാലത്ത് ആകെ ലഭിച്ച വരുമാനം ഇരുപത് ലക്ഷം രൂപയായിരുന്നു എങ്കില്‍ ഇന്ന് കോടികളുടെ ലാഭം കൊയ്യുകയാണ് ലോട്ടറി വകുപ്പ്. അതേസമയം രണ്ട് തവണ മാത്രമാണ് ലോട്ടറിയുടെ വിൽപ്പനയും വരുമാനവും കുറഞ്ഞത്. 2020 ‑2021ലും 2010- 2011 ലുമാണ് വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയത്. 2016ൽ 90 ലക്ഷമായിരുന്ന പ്രതിദിന ലോട്ടറി വിൽപന 2019–20 ൽ 1.02 കോടിയായി ഉയർന്നു. ഇതിലൂടെ വരുമാനം 2015- 16 ലെ 6,317.71 കോടിയിൽ നിന്നും 2019- 20ൽ 9,972.09 കോടി രൂപയായി വർദ്ധിച്ചതായി സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ 8516 കോടി രൂപയുടെ സംസ്ഥാന ഭാഗ്യക്കുറിയുടെ വിറ്റുവരവ് വഴി ഉണ്ടായത്. 1277 കോടി രൂപയുടെ ലാഭമാണ് സര്‍ക്കാരിന് ഇതിലൂടെ നേടാനായത്. എസ് ജി എസ് ടി വരുമാന ഇനത്തിൽ ഈ കാലയളവിൽ 511 കോടിരൂപയാണ് ലഭിച്ചതെന്ന് നിയമസഭാ രേഖകൾ പറയുന്നു. കോവിഡ് വ്യാപനം ശക്തമാകുന്നതിനും ലോക്ക് ഡൗണിനും മുന്‍പുള്ള കണക്കാണിത്. 2017 മുതൽ 2021 വരെ ലോട്ടറിയിൽ നിന്നും സംസ്ഥാന സർക്കാരിന് 5603 കോടി രൂപയാണ് ലാഭം ലഭിച്ചത്. 2017 മുതൽ 2020 വരെയുള്ള നാല് വർഷത്തെ കണക്കെടുത്താല്‍ പ്രതിവർഷം ശരാശരി 1700 കോടി രൂപ വീതം ലോട്ടറി വിൽപ്പനയിനത്തിൽ സർക്കാരിന് ലാഭമുണ്ടായി. എന്നാൽ കോവിഡ് ആഘാതം 2020–21ൽ ലാഭം 472 കോടി രൂപയായി കുറച്ചു. 2020 ജനുവരി മുതൽ ലോക്ക് ഡൗണും കോവിഡ് വ്യാപനവുമൊക്കെ ഭാഗ്യലാഭം കുറയാന്‍ കാരണമായി. കോവിഡ് കാരണം ലോട്ടറി വിൽപ്പനയക്ക് നേരിട്ട തടസമാണ് മറ്റൊരു പ്രധാന ഘടകം. 2008- 09 ലാണ് ലോട്ടറി ടിക്കറ്റിൽ നിന്നുള്ള സംസ്ഥാന സർക്കാരിന്റെ ലാഭം മൂന്നക്കം കടക്കുന്നത്. അന്നു മുതൽ ഇന്നുവരെയുള്ള വർഷങ്ങളിൽ ആകെ ഒരു തവണ മാത്രമാണ് ലാഭം രണ്ടക്കത്തിലേയ്ക്കു കുറഞ്ഞിട്ടുള്ളത്. 2010-11 ലാണ് 2009- 10 നേടിയ 114 കോടിയുടെ ലാഭത്തിൽ നിന്നും 92 കോടിയായി ലാഭത്തിൽ കുറവുണ്ടായത്. ലോട്ടറി നിരോധനം സംബന്ധിച്ചുണ്ടായ വിധിയുമായി ബന്ധപ്പെട്ടാണ് ഈ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത വർഷം വൻ കുതിച്ചു കയറ്റമാണ് ലോട്ടറി ടിക്കറ്റ് വിൽപനയിൽ ഉണ്ടായത്. രണ്ടക്ക ലാഭത്തില്‍ നിന്ന് 324 കോടി രൂപയായി ഉയർന്നു. ലോട്ടറി വഴിയുള്ള റവന്യൂ വരവ് കോടികളുടേതായി മാറിയതാണ് ഈ 56 വര്‍ഷത്തിനിടെ കാണാനായത്. 2022ല്‍ 67.5 ലക്ഷം ടിക്കറ്റുകളാണ് വിൽപന നടത്തിയത്. 25 കോടി രൂപയാണ് തിരുവോണ ബംബറില്‍ ഭാഗ്യശാലിയെ തേടിയെത്തിയത്.
2022ല്‍ വിഷു ബംബറിനായി 43,86,000 ടിക്കറ്റുകളാണ് അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റ് പോയത്. 2021 ല്‍ 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 2022 ഓണം ബംബറിന് 67.50 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. മുൻ വർഷത്തെക്കാൾ 18 ലക്ഷം ടിക്കറ്റുകളാണ് കൂടുതൽ വിറ്റത്. ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ പാലക്കാട് ജില്ലയാണ്. ജില്ലയില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. ടിക്കറ്റ് നിരക്ക് 500 ആക്കി കൂട്ടിയിട്ടും ടിക്കറ്റ് വില്‍പ്പന തകൃതിയായി അന്ന് നടന്നത്. 2021ല്‍ 54 ലക്ഷം ഓണം ബംബർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. അന്ന് 300 രൂപയായിരുന്നു ടിക്കറ്റ് വില.
ഭാഗ്യവാന്മാര്‍ക്കുമുണ്ട് പറയുവാനേറെ
ബംബറടിച്ച ഭാഗ്യവാന്മാര്‍ക്കുമുണ്ട് പറയാനേറെ. അപ്രതീക്ഷിതമായി തേടിയെത്തിയ സൗഭാഗ്യം പ്രയോജനപ്പെടുത്താന്‍ സാധിച്ചവരാണോ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം നേടിയവരേറയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒന്നാം സമ്മാനമായ 25 കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാണ് കയ്യില്‍കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്. 2022 ഓണം ബംബറിന്റെ 25 കോടി രൂപ തിരുവനന്തപുരം സ്വദേശി അനൂപിനാണ് അടിച്ചത്. എന്നാല്‍ ഒന്നാം സമ്മാനം ലഭിച്ച അനൂപിന് പിന്നീട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള കുടുംബത്തിന് നേരെയുള്ള ആക്രോശം. വീട്ടിലേക്ക് പണം ചോദിച്ച് ഒഴുകിയെത്തിയ ആളുകളുടെ ശല്യം കാരണം അനൂപിന് വീട് തന്നെ മാറേണ്ടിവന്നു. അനൂപിന്റെ അവസ്ഥ കണ്ട് പിന്നീട് ബംബര്‍ അടിച്ച ആരും തന്നെ സ്വന്തം പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
2023ല്‍ 12 കോടിയുടെ വിഷു ബംബര്‍ നേടിയ ഭാഗ്യവാന്‍ ലോട്ടറി വകുപ്പിനെ സമീപിച്ചത് തന്റെ പേര് വെളിപ്പെടുത്തരുതെന്ന ആവശ്യവുമായാണ്. ഭാഗ്യവാന്‍ ആരെന്ന വിവരം ഇന്നും അതുകൊണ്ട് രഹസ്യമായി തുടരുകയാണ്. സമ്മാനാര്‍ഹമായ 12 കോടിയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനായും 30 ശതമാനം നികുതി ഇനത്തിലും പോയ ശേഷം ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇയാള്‍ കോഴിക്കോടുള്ള ഒരു ബാങ്ക് മുഖേനെ കൈപ്പറ്റിയത്. പിന്നീട് ക്രിസ്മസ് ബംബര്‍ അടിച്ച ആളും പരസ്യമായി രംഗത്തുവന്നതുമില്ല. മുന്‍കാലങ്ങളെപ്പോലെയല്ല, ഭാഗ്യവാന്മാര്‍ മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുകയാണിപ്പോഴെന്ന് സാരം.
അതേസമയം പണം വിനിയോഗം സുരക്ഷിതമാക്കാന്‍ ഇപ്പോള്‍ ഭാഗ്യക്കുറി ജേതാക്കള്‍ക്ക് ലോട്ടറി വകുപ്പ് ക്ലാസും നല്‍കുന്നുണ്ട്. എല്ലാ നികുതികളും കൃത്യമായി അടച്ച് ആദായ നികുതി റിട്ടേണ്‍ കൃത്യമായി സമര്‍പ്പിച്ച് ലാഭം നേടിയെടുക്കാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികളിലേക്ക് പണം നിക്ഷേപിക്കാവുന്നതരത്തിലുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് ഫിനാന്‍ഷ്യല്‍ അഡൈ്വസറോ ചാര്‍ട്ടേഡ് അക്കൗണ്ടോ നല്‍കുന്ന ഉപദേശം. എത്ര രൂപ കയ്യില്‍ കിട്ടും, എത്ര രൂപ ടാക്‌സ് അടയ്ക്കണം എന്നതിനെ കുറിച്ചെല്ലാം കൃത്യമായി മനസിലാക്കികൊടുക്കാനും ഇത്തരം ക്ലാസുകള്‍ സഹായകമാകും. ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ ട്രഷറിയില്‍ നിക്ഷേപിക്കാമെന്ന് ക്ലാസ് നയിച്ചവര്‍ പറയുന്നു.
അതേസമയം ലോട്ടറി അടിച്ച പണം ധൂര്‍ത്തടിച്ച് കളഞ്ഞവരുടെ കഥകളും നമ്മള്‍ ധാരാളം കേട്ടിട്ടുണ്ടാകും. വലിയ തുക നേടിയവര്‍ പണം അനാവശ്യമായി ചിലവഴിച്ചും അബദ്ധങ്ങളില്‍ച്ചെന്ന് ചാടിയും ദാരിദ്രത്തിലായി പോയവരുമുണ്ട്.
ലോട്ടറി ഏജന്റുമാരുടെ അവസ്ഥ
കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പഴമൊഴി. ഓണം ആഘോഷിക്കാനായി മാത്രം ഓണം ബംബര്‍ വില്‍ക്കുന്ന ലോട്ടറി ഏജന്റുമാരുമുണ്ട്. ഓണം ബംബറിന്റെ ടിക്കറ്റ് വില 500 രൂപയാക്കിയതിൽ ചെറുകിട ലോട്ടറി ഏജന്റുമാര്‍ ഏറെ ആശങ്കയിലായിരുന്നു. ജില്ലാ ലോട്ടറി ഓഫിസ് കൗണ്ടറിൽ നിന്ന് രണ്ടും മൂന്നും ബുക്കുകൾ വാങ്ങി നടന്നു വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് ഓണം ബംബർ ടിക്കറ്റ് വാങ്ങണമെങ്കിൽ വലിയ തുക നല്‍കേണ്ടി വരികയാണ്. 10 എണ്ണം വരുന്ന ബുക്കിന് കമ്മീഷൻ കഴിച്ച് 4,200 രൂപയാണ് നൽകേണ്ടത്. സാധാരണക്കാരായ ലോട്ടറി ഏജന്റുമാർക്ക് മിക്കപ്പോഴും അത് നല്‍കാനാതെ വരും. ഭീമമായ തുക മുടക്കി ടിക്കറ്റ് വാങ്ങിയാല്‍ വിറ്റു പോയില്ലെങ്കിലോ എന്ന ആശങ്കയും ചിലരിലുണ്ട്.
തൊഴിലില്ലാത്തവർക്ക് വലിയൊരു ആശ്വാസമാണ് സർക്കാർ ഭാഗ്യക്കുറി. ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗികലോട്ടറി എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളില്‍ കേരള ലോട്ടറി ഒരു മാതൃക തന്നെയായി മാറി. സംസ്ഥാനത്ത് അംഗപരിമിതർ, രോഗികൾ, സ്ത്രീകൾ എന്നിങ്ങനെ ഒരുപാടുപേർക്ക് ലോട്ടറി വില്‍പ്പന ജീവിതമാർഗമായി. 1991ൽ ആരംഭിച്ച ക്ഷേമനിധിയും തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി വില്‍പ്പന ഉപജീവനമാര്‍ഗമാക്കിയവര്‍ക്ക് ഏറെ ആശ്വാസമായി.
പച്ചക്കുതിരയും ഭാഗ്യവും
പച്ചക്കുതിരയാണ് ഇത്തവണ നമ്മുടെ കേരള ലോട്ടറിയുടെ ഭാഗ്യമുദ്ര. പച്ചക്കുതിര വീട്ടിൽ ഭാഗ്യം കൊണ്ടുവരുമെന്ന് പലരും വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ലോട്ടറി ടിക്കറ്റിലും പരസ്യങ്ങളിലുമെല്ലാം ഇനി പച്ചക്കുതിരയുണ്ടാകും. ഭാഗ്യത്തില്‍ നിന്ന് മറ്റൊരു ഭാഗ്യത്തിലേക്ക് ചാടി നടക്കുന്ന പച്ചക്കുതിരകള്‍ ആരുടെയൊക്കെ കീശയാകും നിറയ്ക്കുകയെന്ന് കാത്തിരുന്ന് കാണാം…