Site iconSite icon Janayugom Online

ഓണാഘോഷം; ഭാരതീയ ചികിത്സാ വകുപ്പ് ഡയരക്ടറുടെ നടപടി പിൻവലിക്കണം: കേരള ഗവ. ആയൂർവ്വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ

ഭാരതീയചികിത്സാ വകുപ്പ് ഡയറക്ടറുടെ ഓണാഘോഷം സംബന്ധിച്ച വിവാദ നടപടി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തെ തുടർന്ന് സർക്കാർ ഔദ്യോഗിക ഓണം വാരാഘോഷ പരിപാടികൾ മാത്രമാണ് റദ്ദ് ചെയ്തിട്ടുള്ളത്. സ്ഥാപനങ്ങൾ നടത്തുന്ന ഓണാഘോഷ പരിപാടികൾ റദ്ദ് ചെയ്യണമെന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല.അത് സംബന്ധിച്ച് ഗവ. സർക്കുലറോ വകുപ്പ് തലത്തിൽ സർക്കുലറോ ഇല്ല. മാത്രമല്ല സെക്രട്ടറിയേറ്റിൽ ഉൾപ്പടെ മറ്റെല്ലാ പൊതു സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിൽ ഡയറക്ടറേറ്റ്, ജില്ലാ ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ, തദ്ദേശയ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജനപ്രതിനിധികളും മന്ത്രിമാരും കളക്ടര്‍മാരും പങ്കെടുത്തുകൊണ്ട് ഓണാഘോഷ പരിപാടികൾ നടത്തിയിട്ടുണ്ട്.

ആശുപത്രികൾ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അവിടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി ഓണം പോലെയുള്ള ആഘോഷങ്ങൾ ജീവനക്കാരെ സഹായിക്കും എന്നിരിക്കെ ഓണാഘോഷം നടത്തരുത് എന്ന് പറയുന്നത് തീർത്തും ഒഴിവാക്കേണ്ട നിർദ്ദേശമാണ്. പ്രത്യേകിച്ചും മുൻകൂട്ടി നിർദ്ദേശം കൊടുക്കാതെ അകാരണമായി യാതൊരു ന്യായീകരണവുമില്ലാതെയാണ് ഇത്തരം ഓണാഘോഷം നടത്തിയത്തിന്റെ പേരിൽ കോഴിക്കോട് ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരെ വിശദീകരണം ആവശ്യപ്പെട്ടത്. ഈ നടപടി ഒട്ടും അംഗീകരിക്കാൻ കഴിയില്ല. വിശദീകരണം ആവശ്യപ്പെട്ട ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറുടെ നടപടി അടിയന്തിരമായി പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആരോഗ്യ മന്ത്രിക്കും ആയുഷ് ഡയറക്ടർക്കും കത്ത് നൽകിയിട്ടുണ്ട്. 

ഇതിൽ കോഴിക്കോട് ആയുർവേദ ആശുപത്രി സൂപ്രണ്ടിന്റെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്നും യാതൊരും തെറ്റും ഉണ്ടായിട്ടില്ല. മാത്രമല്ല, അവിടുത്തെ ഒപി സമയം കഴിഞ്ഞ് മാത്രമാണ് ഈ ഓണാഘോഷം നടത്തിയത്. അതിനാല്‍ ഒപി ചികിത്സയോ കിടത്തിച്ചികിത്സയോ തടസ്സപ്പെട്ടിട്ടില്ല. ഒപി സമയം കഴിഞ്ഞ് സംഘടിപ്പിച്ച ഓണാേഘോഷ പരിപാടിയിൽ അകാരണമായി വിശദീകരണം ആവശ്യപ്പെട്ട നടപടി പ്രതിഷേധാർഹമാണ്. അത് അടിയന്തിരമായി പിൻവലിക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്നും ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആരോഗ്യ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറുടെ ഭാഗത്ത് നിന്ന് മെഡിക്കൽ ഓഫീസര്‍മാരെ ദോഷകരമായി ബാധിക്കുന്ന നിരവധി നിർദ്ദേശങ്ങൾ നിരന്തരം വരുന്ന സാഹചര്യത്തിൽ സംഘടന ഈ മാസം 24 ന് പ്രതിഷേധ ദിനമായി ആചരിക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. സംഘടനകളുമായോ ജീവനക്കാരുമായോ യാതൊരു കൂടിയാലോചനയും നടത്താതെ ഇപ്പോൾ നിലവിൽ വന്ന ജനൽ ട്രാൻസ്ഫർ കരടിൽ ഉൾപ്പടെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ ഡയറക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തരം നടപടികൾ ജീവനക്കാരെ സമ്മർദ്ദത്തിലാക്കുകയും മനോവീര്യം കെടുത്തുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടന പ്രതിഷേധ ദിനം ആചരിക്കാൻ തീരുമാനിച്ചതെന്നും അസോസിയേഷൻ വ്യക്തമാക്കി.

Exit mobile version