പച്ചക്കറി-പലവ്യഞ്ജന സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്താൽ വ്യാപാര മേഖലയിലുണ്ടായ മാന്ദ്യം പതിയെ മാറുന്നു. ഓണത്തിന് ദിവസങ്ങൾ മാത്രമിരിക്കെ വിപണിയിൽ തിരക്ക് തുടങ്ങി. ഓണാഘോഷം പൊലിപ്പിക്കാൻ കേരളീയർക്കൊപ്പം അന്തർസംസ്ഥാനക്കാരും നഗരത്തിലെത്തി. വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം വഴിയോരക്കച്ചവടവും തെരുവു സജീവമാക്കുകയാണ്. ഞായറാഴ്ച മുതലാണ് നഗരത്തിൽഓണം വിപണി സജീവമായത്. കനത്തവെയിലും മഴയും വകവെക്കാതെ ഓണാഘോഷത്തിനുള്ള തയാറെടുപ്പുമായി ഓരോ കുടുംബവും ഷോപ്പിങ്ങിനായി നഗരത്തിലിറങ്ങുകയാണ്. വസ്ത്രശാലകൾ, പാദരക്ഷ, ഫാൻസി ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും പലവ്യഞ്ജനം — പച്ചക്കറി കടകളിലുമാണ് തിരക്ക് കൂടുതൽ. വിദ്യാലയങ്ങളിൽ വ്യാഴാഴ്ച ഓണപ്പരീക്ഷ കഴിയുന്നതോടെ വിപണി കൂടുതൽ സജീവമാകും.
വിറ്റഴിക്കൽ വിൽപനയും മറ്റ് ഓഫറുകളുമായി വ്യാപാര മേഖല ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുകയാണ്. സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഇക്കുറി ഓണം കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കലാപരിപാടികളുടെ അരങ്ങുകളും ആഘോഷത്തിന് കൊഴുപ്പേകും. പിന്നെയുള്ളത്, ഓണസദ്യയുണ്ണാനുള്ള തയ്യാറെടുപ്പാണ്. വിഭവ സമൃദ്ധമായ സദ്യയുണ്ടാക്കാൻ സ്ഥാപനങ്ങളിൽ സൗകര്യമുണ്ടാകില്ല. അതുകൊണ്ട് കാറ്ററിംഗുകാരെയും ഹോട്ടലുകാരെയും ഏൽപ്പിക്കും. നാവിൽ രുചിയൂറുന്ന സദ്യ ഒരുക്കാൻ കാറ്ററിംഗുകാരും ഹോട്ടലുകാരും റെഡിയായി. നാടിന്റെ ആഘോഷത്തിൽ പങ്കു ചേരാനുള്ള പ്രതിബദ്ധതയും നല്ല സദ്യയൊരുക്കി പെരുമ നിലനിറുത്താനുളള അവസരവും അവർ പ്രയോജനപ്പെടുത്തും. ഓരോരുത്തർക്കും അവരുടെതായ സ്പെഷ്യലുകളുണ്ട്. പരമ്പരാഗത വിഭവങ്ങൾക്കു പുറമേ പുതിയ ഇനങ്ങൾ കൂടി പരിചയപ്പെടുത്തും. ചോറും പരിപ്പിനും നെയ്ക്കുമൊപ്പം ഇക്കുറി മീഡിയം പപ്പടമാണ് നൽകുന്നത്. നേരത്തെ ഒരു വലിയ പപ്പടവും ഒരു ചെറിയ പപ്പടവുമായിരുന്നു നൽകിയിരുന്നത്. സാമ്പാറും രസവും പുളിശേരിയും പച്ചമോരുമെല്ലാം ഓണത്തിന്റെ തനിമയോടെയുണ്ടാകും.
ഉപ്പേരിയും ശർക്കരവരട്ടിയും പഴവും കൂടാതെ ജില്ലയിൽ പൊതുവെ പത്ത് കൂട്ടം തൊടുകറികളാണ് വിളമ്പുന്നത്. ഓണസദ്യയിൽ പായസമാണ് സ്പെഷ്യൽ, അടപ്രഥമനും പാൽപ്പായസവും പൊതുവായുള്ളതാണ്. ആവശ്യമനുസരിച്ച് കടല പ്രഥമൻ, ചെറുപയർ പരിപ്പ്, നുറുക്ക് ഗോതമ്പ്, പൈനാപ്പിൾ, പഴം, സേമിയ എന്നിവകൊണ്ടും പായസം ഉണ്ടാക്കുന്നുണ്ട്. ജില്ലയിൽ ഒരു സദ്യയ്ക്ക് ഇലയുൾപ്പെടെ ഇരുന്നൂറ് രൂപയാണ് ശരാശരി റേറ്റ്. ഓണത്തിന് ലാഭനഷ്ടങ്ങൾ നോക്കിയല്ല സദ്യ തയ്യാറാക്കുന്നത്. നാടിന്റെ ആഘോഷത്തിൽ പങ്കാളിയാവുകയെന്നതാണ് പ്രധാനം. ചെറിയ എണ്ണം സദ്യയാണെങ്കിൽ എത്തിക്കുന്നതും വിളമ്പുന്നതും ചിലപ്പോൾ നഷ്ടമുണ്ടാക്കും. ജില്ലയിലെ എല്ലാ കാറ്ററിംഗുകാരും ഓണസദ്യയുണ്ടാക്കും.
English Summary: Onam has arrived; The market started getting crowded