Site iconSite icon Janayugom Online

കുമ്മാട്ടി പടിക്കലല്ല, മനസിലാണ്

കേരളത്തിന്റെ കാര്‍ഷികഭൂപടത്തില്‍ വിളവെടുപ്പ് കാലമായി അടയാളപ്പെടുത്തിയ ചിങ്ങമാസത്തിലെ തിരുവോണം നമ്മുടെ പൊതുഉത്സവമാണെങ്കിലും പല നാടുകളില്‍ പലതരത്തിലാണ് ആഘോഷിക്കപ്പെടുന്നത്. ആഘോഷങ്ങള്‍ക്ക് വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും വ്യത്യാസങ്ങള്‍ കാണാം. തൃശൂരുകാര്‍ക്ക് ഓണമെന്നാല്‍ പുലിക്കളിയും കുമ്മാട്ടിക്കളിയുമാണ്. പുലിക്കളിയേക്കാള്‍ പഴക്കമുള്ള കുമ്മാട്ടിക്കളി തന്നെയാണ് അതില്‍ കേമം. 

വിശ്വാസവും മിത്തും
കുമ്മാട്ടിക്കളിയ്ക്ക് വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയോളം പഴക്കമുണ്ടത്രേ! വടക്കുന്നാഥ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശിവനും പഞ്ചപാണ്ഡവരില്‍ പ്രമുഖനായ അര്‍ജ്ജുനനും തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് കുമ്മാട്ടിക്കളിയില്‍ പാടിവരുന്ന പാട്ടുകളില്‍ നിറയുന്നത്.
തിത്തൈ-തികൃതൈ-തിയ്യത്തൈ
തീ പൊരിഞ്ഞു മേത്തെറിച്ചു
ആറാപ്പൂ…ഔ…ഔ…ഔ…

പാശുപതാസ്ത്രത്തിനുവേണ്ടി ശിവനും അര്‍ജ്ജുനനും തമ്മില്‍ തീപാറുന്ന പോരാട്ടമാണത്രേ നടന്നത്. ആര്യവത്കരണത്തിനു മുമ്പുള്ള ദ്രാവിഡീയ സംസ്‌കാരത്തിന്റെ പൊന്‍പരാഗങ്ങള്‍ കുമ്മാട്ടിപ്പാട്ടുകളിലാകെ ചിതറിക്കിടപ്പുണ്ട്. വാമനരൂപം പൂണ്ട മഹാവിഷ്ണു മഹാദാനിയായ മഹാബലിയോട് മൂന്നടി മണ്ണ് ദാനമായി ചോദിക്കുന്നതും മഹാബലി സസന്തോഷം അത് നല്‍കുന്നതുമാണ് ഓണപുരാവൃത്തങ്ങളില്‍ നിറയുന്നത്. ആദ്യമളന്നത് ആകാശം, പിന്നെ ഭൂമി, മൂന്നാമത്തെ ചവിട്ടടി മഹാബലിയുടെ ശിരസിലായിരുന്നു. തദ്ദേശീയരായ ദ്രാവിഡജനതയുടെ ആരാധാനാസമ്പ്രദായങ്ങളെ ആദ്യം ഇല്ലാതാക്കിയ ആര്യന്മാര്‍ പിന്നെ, അവരുടെ കൃഷിഭൂമിയും സ്ഥാവരജംഗമങ്ങളും കൈക്കലാക്കുകയും ഒടുക്കം ദ്രാവിഡരെയാകെ ഉന്മൂലനം ചെയ്യുകയും ചെയ്തതിന്റെ ഒരു ഉപകഥ ഈ മിത്തില്‍ നിഴലിടുന്നുണ്ട്.
ഉത്രാടം നാള്‍ അസ്തമയത്തില്‍
എത്രയും മോഹിനിമോദത്തോടെ
തെക്കന്‍ തെക്കന്‍ തെക്കിനിയപ്പന്‍
തക്കത്തില്‍ ചില പേരുകള്‍ നല്‍കി
ഗണനായകനും ഗുരുവരനും മമ
തുണയായ് വരണം കുമ്മാട്ടിക്ക് 


എന്നാണ് പാട്ടിലെ വരികള്‍. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിച്ചെത്തുന്ന മഹാബലിയെ അനുഗമിക്കുന്നവരാണ് കുമ്മാട്ടികളെന്നും കഥകളുണ്ട്. ഓണക്കാലത്ത് നാട്ടിടവഴികളെ ത്രസിപ്പിച്ചും വീടുവീടാന്തരം കയറിയിറങ്ങി, പാട്ടുപാടിയും ചാടിമറിഞ്ഞുമെത്തുന്ന കുമ്മാട്ടികള്‍ കുട്ടികളുടെ മനസില്‍ എന്നും അതിമാനുഷരായ കഥാപാത്രങ്ങളാണ്. എന്നാല്‍ പഴമക്കാര്‍ കുമ്മാട്ടിയെ കാണുന്നത് ഭയഭക്തിബഹുമാനത്തോടെത്തന്നെയാണ്. ശിവന്റെ ഭൂതഗണങ്ങളായ കുമ്മാട്ടികള്‍ വീടുകളില്‍ എത്തുന്നത് കാലദോഷം തീര്‍ക്കാനാണെന്നാണ് ഹൈന്ദവ വിശ്വാസം. പുരാണങ്ങളിലെ കഥാപാത്രങ്ങളെ സ്തുതിച്ചെത്തുന്ന കുമ്മാട്ടികളെ മലയാളികള്‍ ഏറെ ആദരവോടെയാണ് കാണുന്നത്. കുമ്മാട്ടിപ്പാട്ടുകളിലെ ഈ വരികള്‍ ശ്രദ്ധിക്കൂ:
തേങ്ങാമരമതു കായ്ക്കണമെങ്കില്‍
കുമ്മാട്ടിക്കൊരു തേങ്ങ കൊടുപ്പിന്‍
കുമ്മാട്ടിയ്ക്കു പഴങ്ങള്‍ കൊടുത്താല്‍
ഉണ്ണാനുണ്ടാമെല്ലാവര്‍ക്കും

വീട്ടിലും തൊടിയിലുമെല്ലാം ഫലമൂലാദികള്‍ തഴച്ചുവളരുന്നതിനും നിറയെ കായ്ഫലം ഉണ്ടാകുന്നതിനും ആദ്യഫലം കുമ്മാട്ടിയ്ക്ക് കൊടുക്കണമെന്ന വിശ്വാസമാണ് ഈ വരികളില്‍ തെളിയുന്നത്. 

ശൈവാര്‍ജ്ജുനയുദ്ധം
കുമ്മാട്ടിയുടെ ഉത്ഭവം പുരാണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ശിവന്റെ കൈവശമുള്ള പാശുപതാസ്ത്രം വരമായി നേടാനുള്ള അര്‍ജ്ജുനന്റെ ആഗ്രഹവും തുടര്‍ന്ന് ശിവനും അര്‍ജ്ജുനനുമായി നടന്ന പോരാട്ടവുമാണ് കുമ്മാട്ടിക്കഥയുടെ തായ്‌വേര്. പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരന്‍ അനുജനായ അര്‍ജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ടായുധങ്ങള്‍ തപസുചെയ്ത് നേടാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അര്‍ജ്ജുനന്‍ ഹിമാലയത്തിലെത്തി ദേവേന്ദ്രന്‍, ശിവന്‍, യമന്‍, വരുണന്‍ എന്നീ ദേവന്‍മാരെ കണ്ട് വരം സ്വന്തമാക്കി. ഇതില്‍ ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ കഠിനമായ തപസു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അര്‍ജ്ജുന്‍ വരമായി ആഗ്രഹിച്ചത്. എന്നാല്‍ ഈ വരം നല്കുന്നതിന് മുമ്പായി അര്‍ജ്ജുനന്റെ സാമര്‍ഥ്യം പരീക്ഷിക്കാന്‍ ശിവന്‍ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു. ശിവന്‍ കാട്ടാളരൂപം ധരിച്ച് അര്‍ജ്ജുനന്റെ മുമ്പിലെത്തി. പാര്‍വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അര്‍ജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അര്‍ജ്ജുനന്‍ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി. കിരാതരൂപിയായ ശിവന്‍ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടര്‍ന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിക്ക് മേല്‍ കൊണ്ടതെന്ന് പറഞ്ഞ് അര്‍ജ്ജുനന്‍ അവകാശവാദം ഉന്നയിച്ചു.

ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തര്‍ക്കം മുറുകിയപ്പോള്‍ തങ്ങളില്‍ ആരാണ് കേമന്‍ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി. ശിവനും അര്‍ജ്ജുനനും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ച് തങ്ങളുടെ കഴിവുകള്‍ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവില്‍ അര്‍ജ്ജുനന്‍ നിരായുധനും നിസഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതില്‍ അര്‍ജ്ജുനന്‍ ദുഃഖിച്ചു. പെട്ടെന്ന് ശിവന്‍ കിരാതരൂപം വെടിഞ്ഞ് സ്വന്തം രൂപം കൈക്കൊണ്ട് അര്‍ജ്ജുനനെ അനുഗ്രഹിച്ചു. അതോടൊപ്പം ദിവ്യശക്തിയുള്ള പാശുപതാസ്ത്രവും സമ്മാനിച്ചു. അപ്പോഴേക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങള്‍ അവിടെയെത്തി. അവര്‍ ശിവനേയും പാര്‍വതിയേയും സന്തോഷിപ്പിക്കാന്‍ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. വളരെ കാലങ്ങള്‍ക്ക് ശേഷം ശിവന്‍ പാര്‍വതീ സമേതനായി തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ കുടികൊണ്ടു. ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കല്‍ കൂടി കേള്‍ക്കണമെന്ന് പാര്‍വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീര്‍ന്നതും പാര്‍വതി ഭൂതഗണങ്ങള്‍ക്ക് പട്ടും വളയും സമ്മാനിച്ചു. തുടര്‍ന്ന് ശിവന്‍ ഭൂതഗണങ്ങളോട്നിര്‍ദ്ദേശിച്ചു. ‘ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങള്‍ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവര്‍ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോള്‍ നിങ്ങള്‍ ഭക്തരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം.’ അങ്ങനെയാണ് കുമ്മാട്ടിക്കളിക്ക് തൃശൂരില്‍ ഏറെ പ്രചാരം ലഭിച്ചത്. 

പര്‍പ്പടകപ്പുല്ലും കുമ്മാട്ടിമുഖങ്ങളും
തൃശൂര്‍ ജില്ലയില്‍ തിരുവോണം മുതല്‍ക്കാണ് കുമ്മാട്ടിയുടെ പുറപ്പാട് നടക്കുന്നത്. തിരുവോണനാളില്‍ പുലര്‍ച്ചെയാണ് കളിയാരംഭിക്കുന്നത്. ക്ഷേത്രങ്ങളില്‍ പോയി യഥാവിധി ഈശ്വരാരാധന നടത്തി ആരംഭിക്കുന്ന കുമ്മാട്ടിക്കളി നാലോണനാള്‍ വരെ തുടരും. പുരാണകഥാപാത്രങ്ങളായ ശിവന്‍(കാട്ടാളന്‍), പാര്‍വതി(തള്ള), കിരാതമൂര്‍ത്തി, നാരദന്‍, ഹനുമാന്‍, ദാരികന്‍, കാളി, കൃഷ്ണന്‍, ഗണപതി തുടങ്ങിയവയാണ് പ്രധാനപ്പെട്ട മുഖങ്ങള്‍. ഈ മുഖങ്ങള്‍ ആദ്യകാലങ്ങളില്‍ പാള, തകിട് മുതലയാവയിലാണ് കൊത്തിയെടുത്തിരുന്നത്. സമീപകാലത്തായി കുമിഴ് മരത്തിന്റെ തടിയിലാണ് മുഖം കൊത്തുന്നത്. പര്‍പ്പടകപുല്ല് ദേഹത്ത് ചുറ്റി മുഖംമൂടി ധരിച്ചാണ് കുമ്മാട്ടികള്‍ എത്തുന്നത്. 

കുമ്മാട്ടിപ്പാട്ടുകള്‍
പുരാണങ്ങളെ ആസ്പദമാക്കിയുള്ള പാട്ടുകളും ചിലപ്പോഴൊക്കെ അസംബന്ധപാട്ടുകളും കുമ്മാട്ടിക്കളിയില്‍ പാടിവരുന്നു. ചിലസമയങ്ങളില്‍ പാട്ടുകാരുടെ മനോധര്‍മ്മമനുസരിച്ച് അപ്പോഴപ്പോള്‍ തോന്നുംപോലെ വരികള്‍ ചമച്ച് പാടുന്ന രീതിയുമുണ്ട്. നിയതമായ ചട്ടക്കൂടുകളോ ചിട്ടവട്ടങ്ങളോ അല്ല, ആസ്വാദനത്തിന്റെ തലം മാത്രമേ അപ്പോള്‍ ശ്രദ്ധിക്കാറുള്ളൂ. ദാരിക‑കാളീയുദ്ധവും ദാരികനെ കൊന്ന് കാളി സംഹാരരുദ്രയായി നിലകൊള്ളുന്നതും പാട്ടുകളിലുണ്ട്.
വാളെടുത്തങ്ങട്ടഹസിച്ചു
അട്ടാദങ്ങള്‍ കേട്ടുമുഴങ്ങി
ചെന്നുകരേറി കൊടുങ്ങല്ലൂര്
കാള്യേ കാള്യേ എന്നുവിളിച്ചു
കണ്ടന്‍കാളി വിളിയും കേട്ടു…

എന്നുതുടങ്ങുന്ന വരികള്‍ അതിനുദാഹരണമാണ്. ഹനുമാന്റെ ലങ്കാദഹനവുമായി ബന്ധപ്പെട്ട പുരാണവും പാട്ടുകളില്‍ കാണാം. ‘ഓണത്തപ്പാ കുടവയറാ നാണം കൂടാതടുത്തുവാ’ എന്നു പാടുമ്പോള്‍, പടിക്കല്‍ നില്‍ക്കുന്ന ഓണത്തപ്പനെ ആമോദത്തോടെ വിളിച്ച് അകത്തുകയറ്റുന്ന പഴമയുടെ ഉത്സാഹം പാട്ടുകളില്‍ തുളുമ്പുന്നു.
കുമ്മാട്ടിക്കളിയില്‍ പാട്ടിനുള്ളതുപോലെ പ്രാധാന്യം ഓണവില്ലിനുമുണ്ട്. ഓണവില്ലാണ് പാട്ടിന് താളംകൊടുക്കുന്ന വാദ്യം. കവുങ്ങിന്റെയോ പനയുടെയോ വാരി വളച്ച് മുളകൊണ്ട് ഞാണ്‍ കെട്ടിയാണ് ഓണവില്ല് ഉണ്ടാക്കുന്നത്. വില്ലില്‍ പ്രത്യേകരീതിയില്‍ കൊട്ടിയുള്ള മനോഹരമായ ശബ്ദമാണ് പാട്ടിന് പശ്ചാത്തലസംഗീതം. ശിവനും അര്‍ജ്ജുനനും തമ്മില്‍ നടന്ന പോരാട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഈ വില്ല്. 

തെരുവിലെ കുമ്മാട്ടി, തൊടിയിലെ കുമ്മാട്ടി
കുമ്മാട്ടിയെവിടെയാണ്? ഇന്നത്തെ ഡിജിറ്റല്‍ ലോകത്തിരുന്നാണ് നാം കുമ്മാട്ടിയെക്കുറിച്ച് സംസാരിക്കുന്നത്. ആധുനികത നമ്മുടെ നാടിനെയോ വീട്ടകത്തളങ്ങളെയോ ആവേശിക്കാതിരുന്ന ഒരു കാലത്ത് കുമ്മാട്ടി പടിക്കലും വീട്ടിലുമൊക്കെയായിരുന്നു. കുട്ടികളാണ് അന്നൊക്കെ കുമ്മാട്ടികളുടെ ഏറ്റവും വലിയ ആരാധകര്‍. ഓലയില്‍ പൊതിഞ്ഞ ശര്‍ക്കരയുടെ മണം കിട്ടിയാല്‍ ഓടിയെത്തുന്ന, ചേനത്തണ്ടും പയറും തിന്നുന്ന, പളുങ്കുവയറനായ കുമ്മാട്ടിയെ ഇന്നും പഴയതലമുറ ഗൃഹാതുരതയോടെയാണ് ഓര്‍ക്കുന്നത്. തൃശൂര്‍ കിഴക്കുംപാട്ടുകരയിലെ എഴുപത്തിയഞ്ച് വര്‍ഷത്തെ പഴക്കമുള്ള വടക്കുംമുറി കുമ്മാട്ടിസംഘവും എണ്‍പത്തിനാല് വര്‍ഷത്തെ പഴക്കവും പാരമ്പര്യവുമുള്ള തെക്കുംമുറി കുമ്മാട്ടിസംഘവുമെല്ലാം ഇന്നും തനിമയും പഴമയും ചോരാതെ ഈ കലാരൂപത്തെ നിലനിര്‍ത്തിപ്പോരുന്നുണ്ട്.

Exit mobile version