Site iconSite icon Janayugom Online

ഓണത്തിന് മലയാളികൾക്ക് യാത്രാദുരിതം: സ്വകാര്യബസുകളിൽ വൻനിരക്ക്

ഓണത്തിന് നാട്ടിലെത്താൻ ഓട്ടം തുടങ്ങിയ ബംഗളൂരു മലയാളികളിൽ പലർക്കും ഇത്തവണയും നിരാശ. ബംഗളുരുവില്‍ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ബസുകളെല്ലാം ഇതിനോടകം തന്നെ ബുക്കിങ്ങ് പൂര്‍ണമായതിനാലും കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സ്പെഷ്യൽ ബസുകളില്ലാത്തതും സ്വകാര്യബസുകൾ വൻനിരക്ക് ഈടാക്കുന്നതും മലയാളികൾക്ക് ഇരുട്ടടിയായി. ബംഗളൂരുവിൽ നിന്ന് ഓണത്തിന് നാട്ടിലേക്ക് വരാൻ കൊച്ചുവേളിയിലേക്കും തിരിച്ചുമെല്ലാം പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റുകളും ഇതിനോടകം തീർന്നിരിക്കുകയാണ്. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ തീർന്നു. ഓണാഘോഷം കഴിഞ്ഞ് തിരിച്ചുവരാന്‍ സെപ്റ്റംബര്‍ ഏഴിലേക്കും കര്‍ണാടക ആര്‍ടിസിയുടെയും കെഎസ്ആര്‍ടി സിയുടെയും ടിക്കറ്റുകളും ഇതിനോടകം തീര്‍ന്നു കഴിഞ്ഞു.

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വർധിപ്പിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വകാര്യ ബസുകൾ ഈ സീസണിൽ മൂന്നിരട്ടി വരെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. എ സി മൾട്ടി ആക്സിൽ ബസുകളിൽ 2500–3500 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ദിവസം കഴിയുന്തോറും നിരക്ക് ഇനിയും വര്‍ധിക്കനാണ് സാധ്യത. വലിയ പണച്ചെലവൊന്നുമില്ലാതെ നാട്ടിലെത്തി വീട്ടുകാരൊടൊപ്പം ഓണമാഘോഷിക്കാന്‍ ഉത്സാഹിക്കുന്ന ബംഗളൂരു മലയാളികള്‍ക്ക് എല്ലാ ഓണക്കാലത്തും യാത്രാദുരിതമാണ്. കേരള, കർണാടക ആർടിസി ബസുകള്‍ക്ക് മുപ്പത് ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകുകയുള്ളൂ. സെപ്റ്റംബറിലെ ബുക്കിങ് ഓഗസ്റ്റ് ആദ്യവാരം തുടങ്ങിയത് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയായി. കെഎസ്ആര്‍ടിസി ബസുകള്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തുമെന്നത് പ്രഖ്യാപനം മാത്രമാണെന്ന ആരോപണവുമുണ്ട്. ഒരു ഗത്യന്തരവുമില്ലാതെ വിമാനമാര്‍ഗം നാട്ടിലെത്താന്‍ ആലോചിക്കുന്നവരുമുണ്ട്.

ബംഗളൂരുവിൽ നിന്ന് കൂടുതൽ സർവീസുകളുള്ള കൊച്ചിയിലേക്ക് സെപ്റ്റംബർ ആദ്യവാരം 3800–5000 രൂപ വരെയും തിരുവനന്തപുരത്തേക്ക് 4800–5500, കോഴിക്കോട്ടേക്ക് 3000–3900, കണ്ണൂരിലേക്ക് 4600–5000 രൂപയുമാണ് വിമാനടിക്കറ്റ് നിരക്ക്. ഓണം അടുക്കുന്നതോടെ നിരക്ക് വീണ്ടും ഉയരും. ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ എത്തുന്നത് ചെന്നൈയിൽ നിന്നും ബംഗളുരുവില്‍ നിന്നുമാണ്. ചെന്നൈയെ അപേക്ഷിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സർവീസുകളുടെ എണ്ണവും കുറവാണ്. 

Exit mobile version