Site iconSite icon Janayugom Online

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 17ന് നടക്കും. രാവിലെ 11.30 ന് സെക്രട്ടേറിയറ്റ് ഉദ്യാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. മൺചട്ടിയിലും നിലത്തുമായി 13 വിവിധ ഇനങ്ങളിലുള്ള പച്ചക്കറികൾ സെക്രട്ടേറിയറ്റ് അങ്കണത്തിലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും. ഓണത്തിന് വിളവെടുപ്പ് ഉദ്ദേശിച്ച് ഓറഞ്ച് /മഞ്ഞ നിറത്തിലുള്ള 1200 ഹൈബ്രിഡ് ജമന്തി തൈകളും സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടാൻ തീരുമാനിച്ചിട്ടുണ്ട്. 

560 ചെടിച്ചട്ടികളിൽ വഴുതന, കത്തിരി, മുളക്, തക്കാളി, വെണ്ട എന്നീ ഇനങ്ങളുടെ ഹൈബ്രിഡ് തൈകൾ നടും. ചീര, മത്തൻ, നിത്യവഴുതന, പടവലം, വെള്ളരി, സാലഡ് വെള്ളരി, പയർ, പാവൽ എന്നീ പച്ചക്കറികൾ നിലത്തും നട്ട് പരിപാലിക്കും. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലൂടെയും വിത്ത് പാക്കറ്റുകൾ വിതരണം ചെയ്യും. ഉദ്ഘാടന വേളയിൽ വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, സുരക്ഷിത പച്ചക്കറി ഉല്പാദനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കൃഷി വകുപ്പ് സംസ്ഥാന പച്ചക്കറി വികസന പദ്ധതി 2024–25ൽ ഉൾപ്പെടുത്തിയാണ് ഈ വർഷവും ഓണക്കാലത്ത് സുരക്ഷിത പച്ചക്കറികൾ വീട്ടുവളപ്പിൽ നിന്ന് തന്നെ ലഭ്യമാക്കാൻ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതി നടപ്പിലാക്കുന്നത്. 

ഓണവിപണിയിൽ നാടൻ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയിലൂടെ ആവശ്യമായ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതുസമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 

Eng­lish Sum­ma­ry: Onam Orku Muram Veg­etable Project: Chief Min­is­ter will inau­gu­rate the state level

You may also like this video

Exit mobile version