Site icon Janayugom Online

യുവത്വത്തിന്റെ ഉള്‍തുടിപ്പുകളുമായി ‘ഓണപ്പുലരി’

സമത്വത്തിന്റെയും സമഭാവനയുടെയും ആശയ സമൃദ്ധിയാണ്‌ ഓണത്തെ ആഘോഷങ്ങളുടെ ആഘോഷമാക്കുന്നത്. പതിവു പോലെ മലയാളികളുടെ ദേശീയോത്സവത്തിന്റെ വരവറിയിച്ച് അത്തപ്പൂക്കൾ വിരിഞ്ഞു കഴിഞ്ഞു. അത്രമേൽ ജാഗ്രത വേണ്ട കാലത്തിന്റെ ആകുലതകൾ ഓണാഘോഷത്തേയും ബാധിച്ചിരിക്കുന്നു. ആൾക്കൂട്ടവും ആരവങ്ങളുമില്ലാതെ ഓണം ചുറ്റുമതിലുകൾക്കും ചുവരുകൾക്കും ഉള്ളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഓർമയിലെ ആളാരവങ്ങളുടേയും ആഘോഷങ്ങളുടേയും ഗൃഹാതുരത്വമുണർത്തുന്ന ഓർമകളിലാണ്‌ ഓരോ മനസിലും ഓണപ്പൂക്കളം ഒരുങ്ങുന്നത്. 

ഓണത്തിന്റെ നിറങ്ങളും ആഘോഷങ്ങളുമെല്ലാം മൊബൈൽ ഫോണിന്റെ ചതുരക്കൂട്ടിലേക്ക് ഒതുങ്ങുന്ന കാലത്തിലാണ്‌ ‘ഓണപ്പുലരി’ എന്ന മ്യൂസിക് ആൽബം ആസ്വാദകരിലേയ്ക്ക് എത്തുന്നത്. ഓണത്തിന്റെ ഗൃഹാതുരതയും, ആഘോഷവും ആശയവുമെല്ലാം ഒരു ഗാനത്തിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ, യുവത്വത്തിന്റെ, പുതു തലമുറയുടെ ആഘോഷങ്ങളിലും ഓണത്തിന്റെ ഓർമകൾ എത്രമാത്രം സ്വാധീനം ചെലത്തുന്നുണ്ട് എന്നു കാണാം. മഹാമാരിയുടെ കാലത്ത് ‘ഓണപ്പുലരി’യിൽ, നിശബ്ദമായി കടന്നു വരുന്ന ഓണത്തെ പ്രതിനിധീകരിച്ച് കൊണ്ട്, മിണ്ടാതെ, ഉരിയാടാതെ പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ രൂപമായ ഓണപ്പൊട്ടൻ വന്നെത്തുന്നു. 

പോയ കാലത്തിലെ ആഹ്ളാദാരാവങ്ങളെ ഓർമിച്ചു കൊണ്ട്, ആഘോഷങ്ങല്ലാം സ്വന്തം അതിരുകൾക്കും ചുവരുകൾക്കും ഉള്ളിലൊതുക്കുന്ന ഒരോണക്കാലമാണ്‌ ‘ഓണപ്പുലരി’യിൽ കാണാനാവുക. ‘ഓണപ്പുലരി’യുടെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത് റോസ് ജോ. മഴവിൽ മനോരമ സൂപ്പർ 4 സീസൺ 2 മത്സാരാർത്ഥി ജൂലിയറ്റ് വർഗീസ് ആണ്‌ ആലാപനം. അനൂപ് ശാന്തകുമാർ സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ആൽബത്തിന്റെ ഛായാഗ്രഹണം അജയ് ദേവരാജ്. അശ്വിനി, ഡോണ, സിബി എന്നിവർ അഭിനയിച്ചിരിക്കുന്നു.

Eng­lish Sum­ma­ry : ona­pu­lari music album 

You may also like this video :

Exit mobile version