Site iconSite icon Janayugom Online

കിങ് കോലിയുടെ ഒന്നൊന്നര വരവ്

വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ റെക്കോഡ് പ്രകടനം നടത്തിയ കോലി ഫോം വീണ്ടെടുത്തു. ഈ മത്സരത്തോടെ ഏകദിന ഫോര്‍മാറ്റില്‍ വേഗത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്ക് കഴിഞ്ഞിരുന്നു. 

ഏകദിനക്രിക്കറ്റില്‍ 14,000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുമാണ് നേരത്തേ ഏകദിനത്തിൽ 14,000 റണ്‍സ് തികച്ചവർ. 287 ഇന്നിങ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സ­ച്ചിന്‍ ടെണ്ടുല്‍ക്കര്‍ 350 ഇന്നിങ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് പട്ടികയിലുള്ള മറ്റൊരു താരം. 378 ഇന്നിങ്‌സില്‍ നിന്ന് സംഗക്കാര 14,000 ക്ലബ്ബിലെത്തി. പാകിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ 15 റണ്‍സ് നേടിയതോടെയാണ് കോലി റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് കോലി. 2017ലെ ചാമ്പ്യൻസ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ നേടിയ 91 റണ്‍സായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യൻ ബാറ്ററുടെ ഉയര്‍ന്ന സ്കോര്‍. 2009ലെ ചാമ്പ്യൻസ് ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡ് (76), 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യ (76) എന്നിവരാണ് പാകിസ്ഥാനെതിരെ തിളങ്ങിയ ഇന്ത്യൻ താരങ്ങള്‍.

കഴിഞ്ഞ കുറച്ച് കാലമായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന കോലി നിര്‍ണായക മത്സരത്തില്‍ ഫോം വീണ്ടെടുത്തത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. പാകിസ്ഥാനെതിരായ മത്സരത്തിലെ ജയത്തോടെ ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. മത്സരത്തില്‍ കോലി 111 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയറണ്‍ കുറിച്ചതും കോലിയായിരുന്നു. 

Exit mobile version