രാജ്യത്തിന്റെ ഫെഡറല്‍ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠേനെ പ്രമേയം പാസാക്കി. മന്ത്രി എം ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് ശ്രമം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കലില്‍ കത്തിവയ്ക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്രം അടിയന്തരമായി പിന്‍മാറണമെന്നും പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെട്ടു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമസഭകളുടെ കാലവാധി വെട്ടിച്ചുരുക്കുന്നതിനുള്ള നിര്‍ദേശമാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ പാര്‍ലമെന്റിന്റെ കാലാവധിയോടും തിരഞ്ഞെടുപ്പിനോടും ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി ഇത്തരത്തില്‍ വെട്ടിച്ചുരുക്കാമെന്നും നിര്‍ദേശമുണ്ട്. ഈ നടപടി സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനവും പൂര്‍ണ കാലാവധിയിലേക്ക് തങ്ങളുടെ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവും ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്ക്കുമേലുമുള്ള കൈകടത്തലുമാണ്- പ്രമേയം പറയുന്നു.