Site iconSite icon Janayugom Online

സിക്കിമിൽ ടൂറിസ്റ്റ്‌ വാഹനം മറിഞ്ഞ്‌ ഒരാൾ മരിച്ചു; എട്ടു പേർക്കായി തിരച്ചിൽ തുടരുന്നു

സിക്കിമിൽ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാഹനം നദിയിലേയ്ക്ക്‌ മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. എട്ട്‌ പേരെ കാണാതായി. വ്യാഴാഴ്ച മംഗൻ ജില്ലയിലാണ്‌ അപകടമുണ്ടായത്‌. 11 പേരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 100 അടി താഴ്ചയുള്ള ടീസ്റ്റ നദിയിലേക്കാണ്‌ വാഹനം മറിഞ്ഞത്‌. ഗുരുതരമായി പരിക്കേറ്റ രണ്ട് യാത്രക്കാരെ മംഗൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കാണാതായ എട്ട് യാത്രക്കാർക്കായി ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസും, സിക്കിം പൊലീസും, മംഗൻ ജില്ലാ ഭരണകൂടവും തിരച്ചിൽ നടത്തുകയാണ്‌. തിരച്ചിലിൽ ഒരു മൃതദേഹം കണ്ടെടുത്തതായി മംഗൻ പൊലീസ് സ്ഥിരീകരിച്ചു. ടൂറിസ്റ്റ്‌ വാഹനത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ, ത്രിപുര എന്നിവിടങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളായിരുന്നുവെന്നാണ്‌ റിപ്പോർട്ട്‌.

മെയ് 29 ന് രാത്രി മംഗൻ ജില്ലയിലെ ചുബോംബുവിന് സമീപം ലാച്ചനിൽ നിന്ന് ലാച്ചുങ്ങിലേക്ക് പോകുന്നതിനിടെ ടൂറിസ്റ്റ് വാഹനം ടീസ്റ്റ നദിയിലേക്ക് മറിഞ്ഞ ദാരുണമായ സംഭവത്തിൽ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് അതീവ ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version