Site iconSite icon Janayugom Online

രാജ്യത്ത് ജനിക്കുന്ന കുട്ടികളിൽ 36ൽ ഒരാൾ ഒരുവയസിനിടെ മരിക്കുന്നു

ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ശിശുമരണ നിരക്ക് കുറയുന്നുണ്ടെങ്കിലും 36 കുട്ടികളിൽ ഒരാൾ ഇപ്പോഴും ഒരു വയസിനുള്ളിൽ മരിക്കുന്നുവെന്ന് റിപ്പോർട്ട്. അതായത് 108 കുട്ടികളിൽ മൂന്നുപേര്‍. നിശ്ചിത കാലയളവിൽ ഓരോ ആയിരം ജനനത്തിലുമുണ്ടാകുന്ന കുട്ടികളുടെ ഒരു വർഷമാകും മുമ്പുള്ള മരണത്തെയാണ് ശിശുമരണങ്ങൾ എന്ന് നിർവചിക്കുന്നത്. ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയുടെ അസംസ്കൃത സൂചകമായി അംഗീകരിക്കപ്പെട്ടതാണ് ശിശുമരണ നിരക്ക് അഥവാ ഐഎംആർ. 

രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 1971നെ അപേക്ഷിച്ച് ശിശുമരണങ്ങൾ നാലിലൊന്നിൽ താഴെയായി കുറഞ്ഞു. 1971 ൽ ശിശുമരണ നിരക്ക് 129 ആയിരുന്നു. 2020 ൽ ഇത് 28 ആയി. കഴിഞ്ഞ 10 വർഷങ്ങളിൽ തന്നെ ഐഎംആറിൽ ഏകദേശം 36 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവിൽ ഗ്രാമീണ മേഖലയിൽ 48 മുതൽ 31 വരെയും നഗരപ്രദേശങ്ങളിൽ 29 മുതൽ 19 വരെയുമാണ്. കഴിഞ്ഞ പതിറ്റാണ്ടിനെക്കാൾ യഥാക്രമം 35 ശതമാനവും 34 ശതമാനവും കുറവാണിത്. 

നിരക്ക് കുറഞ്ഞിട്ടും ഗ്രാമ‑നഗര വ്യത്യാസമില്ലാതെ ഓരോ 36 ശിശുക്കളിലും ഒരാൾ ജീവിതത്തിന്റെ ആദ്യ വർഷത്തിനുള്ളിൽ മരിക്കുന്നുവെന്ന് ബുള്ളറ്റിൻ പറയുന്നു. ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ്, 43. ഏറ്റവും കുറഞ്ഞ ഐഎംആർ മിസോറാമിലും-മൂന്ന്. കേരളത്തിലെ ശിശുമരണ നിരക്ക് 4.4 ആണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്കുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

അതേസമയം രാജ്യത്തെ ജനനനിരക്ക് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിൽ പകുതിയായി കുറഞ്ഞു. 1971‑ലെ 36.9 ൽ നിന്ന് 2020 ലെത്തിയപ്പോൾ 19.5 ആയി. എന്നാൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ജനനനിരക്ക് കൂടുതലാണ്. കഴിഞ്ഞ ദശകത്തിൽ ജനനനിരക്ക് 11 ശതമാനം കുറഞ്ഞു. 2011ലെ 21.8 ൽ നിന്ന് 2020 ൽ 19.5 ആയി. ഗ്രാമപ്രദേശങ്ങളിൽ ഇത് 23.3 ൽ നിന്ന് 21.1 ആയാണ് കുറഞ്ഞത്. ഏകദേശം ഒമ്പത് ശതമാനം ഇടിവ്. ജനനനിരക്ക് രാജ്യത്തെ ജനസംഖ്യാ വളർച്ചയുടെ നിർണായക ഘടകമാണ്. 

Eng­lish Summary:One in 36 chil­dren born in the coun­try dies with­in a year
You may also like this video

Exit mobile version