Site iconSite icon Janayugom Online

ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നു

ലോകത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവി‍ഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ മാനസിക ആരോഗ്യക്കുറവുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തിന് അടുത്തായിരുന്നു. കൗമാരപ്രായത്തിലുള്ള 14 ശതമാനവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കോവിഡ് മഹാമാരി പിടിമുറുക്കിയതിനു ശേഷമുള്ള രണ്ട് വര്‍ഷങ്ങളില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി.

മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ തന്നെ വിഷാദരോഗം, ഉത്കണ്ഠ എന്നിവ നേരിടുന്നവരുടെ എണ്ണത്തില്‍ 25 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായത്. അതേസമയം ചെറിയ ശതമാനം രാജ്യങ്ങള്‍ മാത്രമാണ് ആരോഗ്യ ബജറ്റില്‍ രണ്ട് ശതമാനമെങ്കിലും മാനസിക ആരോഗ്യത്തിനു വേണ്ടി മാറ്റിവയ്ക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ വളരെക്കുറച്ച് ആളുകൾക്ക് മാത്രമാണ് ഫലപ്രദവും താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ മാനസികാരോഗ്യ സംരക്ഷണം ലഭ്യമാകുന്നത്.

മാനസികാരോഗ്യ സംരക്ഷണത്തില്‍ രാജ്യങ്ങളുടെ സമീപനം മാറ്റണമെന്നും ഫലപ്രദമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നു. ‘മാനസികാരോഗ്യ സംരക്ഷണത്തിലേക്കുള്ള നിക്ഷേപം എല്ലാവർക്കും മെച്ചപ്പെട്ട ജീവിതത്തിലേക്കും ഭാവിയിലേക്കുമുള്ള നിക്ഷേപ’ മാണെന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞത്. മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍, വിവേചനം, അപകീര്‍ത്തി എന്നിവ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ ആത്മഹത്യാശ്രമം കുറ്റകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ആഗോളതലത്തില്‍ 20 ആത്മഹത്യാ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഒരാള്‍ മരിക്കുന്നു. 100ല്‍ ഒരു മരണവും ആത്മഹത്യ മൂലമാണെന്നും യുവാക്കളില്‍ ഈ പ്രവണത കൂടി വരികയാണെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നു. മാനസികാരോഗ്യ വെല്ലുവിളിയുള്ളവര്‍ ജീവിതകാലം മുഴുവന്‍ ഇതിന്റെ ദുരിതംപേറിയാണ് ജീവിക്കേണ്ടിവരുന്നത്. ഇക്കാരണത്താല്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയായ 200 പേരില്‍ ഒരാള്‍ എന്ന നിലയില്‍ കണ്ടെത്തുന്ന സ്കിസോഫ്രീനിയയും പ്രധാന ആശങ്കയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റെല്ലാ ആരോഗ്യാവസ്ഥകളെക്കാളും ഏറ്റവും മോശമായതാണ് സ്കിസോഫ്രീനിയയുടേത്. മാനസികമായ വെല്ലുവിളികള്‍ ജീവിത നിലവാരത്തെ ബാധിക്കുന്നതിനു പുറമെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. എല്ലാ രാജ്യങ്ങളും സമഗ്ര മാനസികാരോഗ്യ പ്രവർത്തന പദ്ധതി 2013–2030 നടപ്പാക്കുന്നത് ത്വരിതപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

Eng­lish summary;One in eight peo­ple in the world suf­fers from men­tal health problems

You may also like this video;

Exit mobile version