Site icon Janayugom Online

മോൻസനെതിരെ ഒരു കേസുകൂടി!

മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും കേസ്. സംസ്കാര ടിവി ചെയര്‍മാന്‍ ആയി സ്വയം അവരോധിച്ച്‌ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കലൂര്‍ മ്യൂസിയത്തിലെത്തിച്ച മോന്‍സനെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. പുരാവസ്തുക്കള്‍ വില്‍ക്കാന്‍ മോന്‍സന്‍ ശ്രമം നടത്തിയതായും എഡിജിപി പറഞ്ഞു. നാലാമത്തെ സാമ്ബത്തിക തട്ടിപ്പ് കേസാണ് മോന്‍സന്‍മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്കാര ടിവിയുടെ ചെയർമാൻ  എന്ന് സ്വയം അവരോധിച്ച്‌ യഥാര്‍ത്ഥ ആളുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പുതിയ കേസ്. പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്‌ പറഞ്ഞു.

മോന്‍സന്‍റെ കലൂര്‍ മ്യൂസിയത്തില്‍ തെളിവെടുപ്പ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂരിലെ മ്യൂസിയത്തില്‍ മോന്‍സനുമായി നടത്തിയ തെളിവെടുപ്പില്‍ പുരാവസ്തുഗവേഷണ വകുപ്പിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു. പുരാവസ്തുശേഖരത്തില്‍ പ്രാഥമികമായ പരിശോധന മാത്രമാണ് നടത്തിയതെന്നും കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. തിരുവനന്തപുരം മുട്ടത്തറയിലെ ശില്‍പ്പി സുരേഷ് മ്യൂസിയത്തിലെത്തി നിര്‍മ്മിച്ചു നല്‍കിയ സാധനങ്ങള്‍ തിരിച്ചറിഞ്ഞു. ചന്ദനശില്‍പ്പങ്ങളാണെന്നായിരുന്നു മോന്‍സന്‍ മറ്റുളളവരെ പരിചയപ്പെടുത്തിയിരുന്നത്. ഇവ കണ്ടുകെട്ടാനുളള നടപടി ആരംഭിച്ചിട്ടുണ്ട്. മോന്‍സന്‍റെ ശബ്ദ സാമ്പിളും  ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഫോണ്‍ വിളികളും പുറത്തുവന്ന സംഭാഷണങ്ങള്‍ അടക്കം സ്ഥിരീകരിക്കുന്നതിന്‍റെ ഭാഗമായായിരുന്നു കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കൊണ്ടുപോയി ശബ്ദസാമ്ബിള്‍ എടുത്തത്. അതിനുശേഷമായിരുന്നു മോന്‍സന്‍റെ തട്ടിപ്പിന്‍റെ കേന്ദ്രമായ കലൂരിലെ മ്യൂസിയത്തിലെത്തിച്ച്‌ മൂന്ന് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയത്.

Eng­lish Sum­ma­ry: One more case against Monson!

You may like this video also

Exit mobile version