Site iconSite icon Janayugom Online

ചൊക്രമുടിയില്‍ ഒരു പട്ടയം കൂടി റദ്ദാക്കി

ചൊക്രമുടി കയ്യേറ്റത്തിൽ വീണ്ടും റവന്യു വകുപ്പിന്റെ നടപടി. ഒരു അനധികൃത പട്ടയം കൂടി ദേവികുളം സബ് കളക്ടര്‍ റദ്ദ് ചെയ്തു. ചൊക്രമുടിയുടെ തുടക്കത്തില്‍ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. സര്‍വേ നമ്പറും എല്‍എ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സബ് കളക്ടര്‍ ജയകൃഷ്ണന്റെ നടപടി. ഇതോടെ ചൊക്രമുടിയില്‍ റദ്ദ് ചെയ്ത പട്ടയങ്ങളുടെ എണ്ണം അഞ്ചായി. മേരിക്കുട്ടി വര്‍ഗീസ് വാഴവരയില്‍ എന്ന പേരിൽ ഒരേക്കര്‍ അഞ്ച് സെന്റിന്റേതായിരുന്നു പട്ടയം. അതിലെ 274/1 എന്ന സര്‍വേ നമ്പറും 926/69 എന്ന എല്‍എ നമ്പറും വ്യാജമാണെന്ന് കണ്ടെത്തി. പട്ടയമുള്‍പ്പെട്ടതായി കാണിച്ചിരിക്കുന്ന സര്‍വേ നമ്പര്‍ കിലോമീറ്ററുകള്‍ അകലെ ബൈസണ്‍വാലി വില്ലേജിന്റെ പടിഞ്ഞാറേ ഭാഗത്താണ് എന്നിരിക്കെ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലെത്തി അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. 

പട്ടയത്തിന്റെ അപേക്ഷാ രജിസ്റ്റര്‍, പതിവ് ഉത്തരവ് രജിസ്റ്റര്‍, പട്ടയം നല്‍കുന്ന രജിസ്റ്റര്‍, പട്ടയ മഹസര്‍, പതിവ് ലിസ്റ്റ് തുടങ്ങി ഈ പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നുമില്ലായിരുന്നു. തുടര്‍ന്ന് ആറ് ഹിയറിങ്ങുകള്‍ നടത്തി. പട്ടയം റദ്ദ് ചെയ്യാതിരിക്കുന്നതിന് തക്ക രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ കക്ഷികൾക്ക് കഴിഞ്ഞില്ല. സ്ഥലം ഏറ്റെടുക്കുന്ന നടപടികളിലേക്ക് അടുത്ത ദിവസങ്ങളിൽ റവന്യു വകുപ്പ് നീങ്ങും. അതീവ പരിസ്ഥിതിപ്രാധാന്യമുള്ള ചൊക്രമുടിയിൽ സര്‍ക്കാര്‍ ഭൂമി കയ്യേറി വന്‍കിട നിര്‍മ്മാണം നടക്കുന്നുവെന്ന വാർത്തകളെത്തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ റവന്യു മന്ത്രി കെ രാജനെ സമീപിക്കുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി ജില്ലാ കളക്ടറാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.

Exit mobile version