Site iconSite icon Janayugom Online

കേരള ഫുട്ബോളിന് ഒരു പൊന്‍തൂവല്‍ കൂടി

കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്ന കവിവചനം കേരളീയരുടെയെല്ലാം ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നതാണ്. ഇന്ത്യാ മഹാരാജ്യത്തെ നൂറ്റിനാൽപ്പതിലേറെ കോടി ജനങ്ങളിൽ കേവലം മൂന്നരക്കോടിയിൽ പരംവരുന്ന കേരളീയർ എന്നും കായികരംഗത്ത് നല്ല പോരാളികളും നിരവധി നേട്ടങ്ങളുടെ ഉടമകളുമാണ്. ഇന്ത്യയുടെ ലോകോത്തരനേട്ടങ്ങളിൽ കേരളം വലിയ സംഭാവന നൽകിയിട്ടുണ്ട്. ഇത്രയും സൂചിപ്പിക്കുന്നത് ഫുട്‌ബോൾ കളിയിൽ കേരളത്തിന്റെ വളർച്ച കണ്ടുകൊണ്ടാണ്. ദേശീയ ഗെയിംസിലെ ഫുട്ബോളിൽ കേരളം സ്വർണമെഡൽ നേട്ടമാണ് സ്വന്തമാക്കിയത്. 

27വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഈ കിരീടം എന്നതിൽ നിന്ന് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ഇത്തവണ മത്സരിച്ച ടീമിന്റെ പ്രത്യേകത നിശ്ചയദാർഢ്യം തന്നെയാണ്. കോച്ചിങ് ക്യാമ്പിൽ ഒരുപാട് തർക്കങ്ങൾ നടന്നു. എത്തിച്ചേർന്ന കളിക്കാരുടെ തിരിച്ചുപോക്ക്. സന്തോഷ് ട്രോഫി ഫൈനലിൽ തോറ്റ ടീമിലെ കളിക്കാർ നടത്തിയ അവഗണന. ഇങ്ങനെയുള്ള ഒരു ടീമിനെ അയയ്ക്കുന്നതുകൊണ്ട് എന്ത് പ്രയോജനം എന്നചിന്ത നിലനിൽക്കെയാണ് കേരളം ചരിത്ര വിജയം നേടിയത്. ഷഫീഖ് ഹസനാണ് പരിശീലകൻ.

കേരള ഫുട്ബോളിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പൊലീസ് ഫുട്‌ബോൾ ടീമിന്റെ 40-ാമത് വാർഷികമാണ് കടന്നുപോയത്. പൊലീസ് സേനയെക്കുറിച്ച് പൊതുവെ തന്നെ പ്രതിഷേധം ഇടയ്ക്കിടെ ഉണ്ടാവുകയും മർദക വിരന്മാരെന്ന നിലയിൽ ജനങ്ങളുമായി അകലത്തിൽ നിൽക്കുകയും ചെയ്യുന്നതാണ് പൊലീസ്. അത്തരമൊരു സന്ദർഭത്തിൽ പൊലീസിന്റെ ഫുട്‌ബോൾ ടീം കളിക്കാനിറങ്ങിയാൽ എന്തായിരിക്കും പ്രതികരണം. എന്നാൽ പൊലീസ് ടീം കളിയിലൂടെ ജനങ്ങളുമായി അടുക്കുകയും അവരുടെ ഇഷ്ട ടീമായി മാറുകയും ചെയ്തു. ഫുട്‌ബോൾ കളിയുടെ മാസ്മരികതയിൽ ജനങ്ങൾ എല്ലാം മറന്ന് പൊലീസ് ടീമിനെ സ്വീകരിച്ചു. കേരളത്തിൽ മിക്ക അഖിലേന്ത്യാ ടൂർണമെന്റുകളിലും ജേതാക്കളായി. ഐ എം വിജയൻ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ താരങ്ങളുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ചു.

രാജ്യത്തെ പ്രധാന ടൂർണമെന്റുകളിൽ മികച്ച പ്രകടനത്തിലൂടെ ജേതാക്കളായി. ഫുട്‌ബോൾ കളി മനുഷ്യ സ്നേഹത്തിന്റെയും അവരുടെ കായിക ബന്ധത്തിന്റെയും കരുത്താണെന്നതിന്റെ നേർസാക്ഷ്യമാണ് കേരളാ പൊലീസ്. അകന്നുനിന്ന ജനസമൂഹത്തെ ഹൃദയത്തിൽ ചേർത്തുവയ്ക്കാനുള്ള അപാരസിദ്ധി ഫുട്‌ബോളിനുണ്ട്. കേരളത്തിനെ സന്തോഷ് ട്രോഫി ജേതാക്കളാക്കുന്നതിലും ഫെഡറേഷൻ കപ്പിൽ കരുത്ത് കാട്ടാനും പറ്റിയ നല്ല കളിക്കാരുടെ വലിയനിര പൊലീസിനുണ്ടായിരുന്നു. കളികളോട് സ്നേഹമുള്ള ഓഫിസര്‍മാർ നിലനിന്ന കാലത്തോളം പൊലീസ് കായികരംഗത്ത് കരുത്തരായിരുന്നു. ഐ ജി കൃഷ്ണൻ നായരെപ്പോലെയുള്ള മഹത്തുക്കളുടെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും കേരള പൊലീസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. നാലുപതിറ്റാണ്ടുകാലത്തെ യാത്രയിൽ നേടിയെടുത്ത വൻ നേട്ടങ്ങൾ കേരളത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിന്റെ ഭാഗമാണ്.

കേരളത്തിന്റെ പു
തിയ കാലത്തെ ഫുട്‌ബോൾ പ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ മത്സരങ്ങളിൽ നിരന്തരമായ തോൽവിക്ക് ശേ ഷം പ്രതീക്ഷയുടെ വഴിയിലാണ് അവരുള്ളത്. ഈ വർഷം അവർ കളിച്ച അഞ്ചു കളികളിൽ നാലു ജയവുമായി പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. 15ന് കൊൽക്കത്തയിൽ വച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനുമായി അവരുടെ തട്ടകത്തിലാണ് മത്സരം. ഇപ്പോൾ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള അഞ്ച് മത്സരങ്ങളും നിർണായകമാണ്. പ്ലേഓഫിലെത്താൻ വലിയ കടമ്പയുണ്ട്. ആറാം സ്ഥാനത്ത് കയറണം. ഇനി കളിക്കാനുള്ള ടീമുകളിൽ ഗോവയും ജംഷഡ്പൂരുമൊക്കെ ശക്തരാണ്. ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തോടെ കളിച്ചാൽ രക്ഷപ്പെടാൻ കഴിയും, നിലവിലുള്ള ടീമിനെ ഒത്തൊരുമയോടെ മുന്നോട്ട് നയിച്ചേ മതിയാവുകയുള്ളു, ഡിഫൻസിൽ വരുത്തിയ മാറ്റത്തിന്റ ഗുണം ചെന്നൈയിൽ കണ്ടു. ടീമിന്റെ കോമ്പിനേഷൻ വളരെ പ്രധാനമാണ്. കഴിഞ്ഞ കളിയിൽ ക്യാപ്റ്റനോട് കാണിച്ച പരസ്യമായ ഏറ്റുമുട്ടൽ മനസിൽ വച്ചുകൊണ്ട് ടീമിനെ സജ്ജമാക്കിയാൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.
അതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഭാരവാഹികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതി എതിരാളികളുടെ തന്ത്രങ്ങൾ ശരിക്കും മനസിലാക്കി ടീമിനെ സജ്ജമാക്കുകയെന്നാണ്. ആ കാര്യത്തിൽ ഒരു വലിയ മാതൃക ദേശീയ ഗെയിംസിൽ നാം കണ്ടതാണ്. ഫൈനൽ മത്സരത്തിൽ ജയം ഉറപ്പാക്കിവന്നവരെ അടവുകളും തന്ത്രങ്ങളും കൊണ്ട് അടിയറവ് പറയിച്ചത് നാം കണ്ടതാണ്. കഴിഞ്ഞ ദിവസം ആ സംഭവം കോച്ച് വിശദീകരിച്ചപ്പോൾ അത് നടപ്പാക്കാൻ കാണിച്ച ടീം വർക്ക് അഭിനന്ദനീയമായെന്ന് പറയാതിരുന്നു കൂടാ.

പലതരത്തിലും തട്ടിക്കൂട്ടിയ കളിക്കാരെ ഒരു ദേശീയ മത്സരത്തിൽ ഒരുമിപ്പിച്ചു കളിച്ചുജയിക്കുന്നത് നിസാരകാര്യമല്ല. ആ കാര്യത്തിൽ കേരളത്തിന്റെ പരിശീലകൻ ഷഫീഖ് ഹസൻ കാണിച്ച തന്ത്രങ്ങൾ നമുക്ക് വഴികാട്ടിയാകണം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ടീമിന്റെ ഘടനയെ എപ്പോഴും സങ്കീർണമാക്കുമ്പോൾ ഫുട്‌ബോൾ കളിതന്നെ ടീം ഗെയിമാണെന്ന് അത്തരക്കാരെ ബോധ്യപ്പെടുത്തണം. 

Exit mobile version