ചെറുവത്തൂര്‍ ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി ഗിരീഷാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഇനി ആറു പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. എട്ടുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കാലയളവിൽ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്.
ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി പരിചയം. സർക്കാർ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും ഫുട്‌ബോൾ പരിശീലകരുമുൾപ്പെടെ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഉൾപ്പെട്ടത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. വിദ്യാർഥിയുടെ മൊബൈൽഫോൺ പരിശോധനയിലാണ് പൊലീസിന് ശക്തമായ തെളിവുകൾ ലഭിച്ചത്. വിദ്യാർഥിക്ക് ഡേറ്റിങ് ആപ്പിൽ അക്കൗണ്ടുള്ളതായി പരിശോധനയിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്ത വിദ്യാർഥി എങ്ങനെ ഇതിൽ അക്കൗണ്ട് തുറന്നുവെന്നും പരിശോധിക്കുന്നുണ്ട്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
പ്രതികൾ വിദ്യാർഥിയെ വിളിച്ചതും പണം അയച്ചുകൊടുത്തതായും അന്വേഷണസംഘം കണ്ടെത്തി. ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പ്രതികളെ പിടിച്ചത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലയിൽ നിന്നുള്ളവരും പ്രതിപട്ടികയിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

