ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശതെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക പ്രായോഗികമല്ലെന്ന് നിയമ കമ്മിഷന്‍ വിലയിരുത്തല്‍. പകരം ഒരേ വര്‍ഷം എല്ലാ വോട്ടെടുപ്പും പൂര്‍ത്തിയാക്കണമെന്ന ശുപാര്‍ശ കമ്മിഷന്‍ നല്‍കിയേക്കുമെന്ന് സൂചന. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് നിയമ കമ്മിഷന്‍ അംഗങ്ങളുടെ യോഗം ഈയാഴ്ച ചേരും. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിന് പൊതു വോട്ടര്‍പട്ടിക എന്ന ശുപാര്‍ശയും നല്‍കിയേക്കും. ഒരു ഘട്ടമായി ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളും അതേ വര്‍ഷം മറ്റൊരു ഘട്ടമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്താമെന്ന ശുപാര്‍ശ നിയമകമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സൂചന.
അഞ്ചു കൊല്ലത്തേക്ക് പിന്നെ തെരഞ്ഞെടുപ്പ് ഒഴിവാക്കാം എന്നാണ് അവകാശവാദം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പാര്‍ലമെന്ററി ജനാധിപത്യത്തെ നശിപ്പിക്കുമെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷ പാര്‍ട്ടികളും വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനും ഭാരിച്ച ചെലവ് ഉള്‍പ്പെടെയുള്ള വിവിധ വെല്ലുവിളികള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതേസമയം ഉന്നതതല കമ്മിറ്റിക്ക് ലഭിച്ച 20,972 പ്രതികരണങ്ങളില്‍ 81 ശതമാനം പേരും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ആശയത്തെ അനുകൂലിച്ചതായി കേന്ദ്ര നിയമമന്ത്രാലയം പറയുന്നു.
സെപ്റ്റംബറിലാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ എട്ടംഗ ഉന്നതതല കമ്മിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. ഇത് സംബന്ധിച്ച് കമ്മിറ്റിയുടെ മൂന്നാമത്തെ യോഗം ഞായറാഴ്ച ചേര്‍ന്നിരുന്നു. ഈ മാസം അഞ്ചു മുതല്‍ 15 വരെ പൊതുജന അഭിപ്രായം ക്ഷണിച്ചിരുന്നു. 46 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അഭിപ്രായവും ക്ഷണിച്ചു. ഇതുവരെ 17 പാര്‍ട്ടികള്‍ പ്രതികരണം രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. 27ന് സമിതി വീണ്ടും യോഗം ചേരും.
English Summary: One nation one election; Law Commission said it was not practical
You may also like this video

