Site iconSite icon Janayugom Online

ആര്‍എഫ്‌ഐഡി മൈക്രോ ചിപ്പ്; ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ മൃഗങ്ങള്‍ക്കും

‘റീ ബില്‍ഡ് കേരള’ യില്‍ ഉള്‍പ്പെടുത്തിയ ഇ ‑സമൃദ്ധ പദ്ധതിയുടെ ഭാഗമായുള്ള ആര്‍എഫ്‌ഐഡി മൈക്രോ ചിപ്പ് പൈലറ്റ് പ്രൊജക്റ്റ് പത്തനംതിട്ടയില്‍ മൃഗ സംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മൈക്രോചിപ്പ് പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും ഉടന്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓമല്ലൂര്‍ എ ജി ടി ഗ്രീന്‍ ഗാര്‍ഡന്‍ ഫാമിലെ ‘അമ്മിണി‘എന്ന പശുവിലാണ് പദ്ധതി പ്രകാരം ആദ്യത്തെ മൈക്രോ ചിപ്പ് ഘടിപ്പിച്ചത്.

മൈക്രോ ചിപ്പ് പദ്ധതിയിലൂടെ മനുഷ്യര്‍ക്കുള്ള ആധാര്‍ നമ്പര്‍ പോലെ മൃഗങ്ങള്‍ക്കും ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ മൃഗങ്ങളുടെ കാതുകളില്‍ കമ്മല്‍ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് മൈക്രോ ചിപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍. മൃഗങ്ങളുടെ തൊലിക്കടിയില്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകള്‍, ആരോഗ്യപുരോഗതി, ഇന്‍ഷുറന്‍സ് എന്നീ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമാകും.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബീനപ്രഭ, ജില്ലാ പഞ്ചായത്ത് വികസനകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സിപിഐ പത്തനംതിട്ട ജില്ല എ പി ജയന്‍, സില്‍വി മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ് പത്തനംതിട്ട, തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry; One time iden­ti­fi­ca­tion card num­ber for animals

You may also like this video;

Exit mobile version