ഇടതുപക്ഷ ജനാധിപത‍്യ മുന്നണി സർക്കാർ ഒരാണ്ടു പിന്നിടുന്ന ഇക്കാലം ലോകത്തിന് ദുരന്തങ്ങളുടേതാണ്. മഹാമാരി, യുദ്ധങ്ങളും വംശീയകലാപങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമ്പത്തിക കുഴപ്പങ്ങൾ ഇവയെല്ലാം സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനമുൾപ്പെടെയുള്ള അവശ‍്യവസ്തുക്കളുടെയും ക്ഷാമം എത്രയോ രാജ‍്യങ്ങളെ നരകതുല‍്യമാക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ ശാസ്ത്രസാങ്കേതിക വളർച്ച അത‍്യുന്നതിയിലെത്തുകയും ലോകം ഏക ഗ്രാമമായിത്തീരുകയും ചെയ്ത ഇക്കാലത്ത് മനുഷ‍്യർ ഇങ്ങനെ എരിഞ്ഞടങ്ങാൻ കാരണമെന്ത്? ഇല്ലായ്മയും സംഭരണ ഗതാഗത സൗകര്യങ്ങളുടെ അപര‍്യാപ്തതയും നിലനിന്ന മുൻ നൂറ്റാണ്ടുകളിൽ പട്ടിണിമരണങ്ങൾ നിത്യസംഭവമായിരുന്നു. സമൃദ്ധിയുടെ നടുവിലെ ദാരിദ്യമാണിത്. ‘വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രേ’ എന്നതാണ് സ്ഥിതി. ഭരണകൂടങ്ങളും ഭരണവ‍്യവസ്ഥകളും പിന്തുടരുന്ന നവലിബറൽ നയങ്ങളുടെ സൃഷ്ടിയാണ് ഇന്നത്തെ ദാരിദ്ര‍്യം. അത് അവസാനിപ്പിക്കാൻ പര്യാപ്തമായ വിഭവങ്ങളും സാങ്കേതിക സംവിധാനങ്ങളും ഇന്ന് മനുഷ‍്യരാശിക്ക് കൂട്ടായി കരഗതമാണ്. പക്ഷേ ഭരണകൂടങ്ങൾക്ക് അതിന് മനസുവേണം. മനസുണ്ടാവണമെങ്കിൽ അത് സൃഷ്ടിക്കുന്ന രാഷ്ട്രീയ നിലപാടുകൾ വേണം. ഇത്തരം നിലപാടുള്ളതുകൊണ്ടാണ് ഈ സർക്കാരിനും മുൻസർക്കാരിനും കേരള ജനതയെ കെടുതിയുടെ കാലത്തും ചേർത്തുപിടിക്കാൻ കഴിഞ്ഞത്. പണിയും കൂലിയുമില്ലാതെ ജനങ്ങൾ വീടുകളിൽ അടച്ചുപൂട്ടി ഇരുന്ന കാലത്ത് സൗജന്യ ഭക്ഷ‍്യക്കിറ്റുകൾ നല്കാൻ കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനത്തെപ്പോലും പരിഹസിച്ചവർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആരും വിശക്കാതിരിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് നല്കിയ 2021 ലെ 16 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് ഉൾപ്പെടെ ആകെ 13 തവണയായി 5600 കോടി രൂപ ചെലവിൽ 11.5 കോടി കിറ്റുകൾ ആണ് നല്കിയത്.
മലയാളികൾക്ക് മാത്രമല്ല, ലോക്ഡൗൺ കാലത്ത് കേരളത്തിലകപ്പെട്ടുപോയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്കും കേരളം അന്നം നല്കി. ഇന്ത‍്യയുടെ ഇതരഭാഗങ്ങളിൽ റയിൽപ്പാളങ്ങളിലും ശ്രമിക് ട്രെയിനുകളിലും ആഹാരവും വെള്ളവുമില്ലാതെ മനുഷ‍്യർ തളർന്നു വീണുമരിച്ച ആ കാലത്ത് നവലിബറൽ ഭരണനയങ്ങൾക്ക് ബദലുണ്ട് എന്ന് കേരളം ഉറക്കെ പ്രഖ‍്യാപിച്ചു. ഭക്ഷ‍്യ‑പൊതുവിതരണ രംഗത്തെന്നപോലെ ഭരണസേവനങ്ങളുടെ എല്ലാ മേഖലകളിലും നടപ്പിലാക്കിയ ബദൽനയങ്ങളെ കേരള ജനത ഇരുകൈയും നീട്ടി സ‍്വീകരിച്ചു. അപവാദങ്ങളെയും കുത്തിത്തിരിപ്പുകളെയും അതിജീവിച്ച് കൂടുതൽ ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിൽ തിരിച്ചെത്തി. ജനപക്ഷ ബദൽനയങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ അകമഴിഞ്ഞ ജനപിന്തുണ കരുത്തേകുന്നു. ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുന്ന വേളയിലാണ് രണ്ടാം ഇടത് സർക്കാർ ഒന്നാം വാർഷികമാഘോഷിക്കുന്നത്. ജാതീയവും സാമ്പത്തികവുമായ അസമത‍്വങ്ങളും വലിയൊരളവോളം അതിജീവിച്ചെങ്കിലും കേരളത്തിലിന്നും ദാരിദ്ര‍്യത്തിന്റെ ഒറ്റപ്പെട്ട തുരുത്തുകൾ ഉണ്ട്. വിശപ്പിന്റെ വിളി കേൾക്കുക എന്നത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഒന്നാമത്തെ കടമയാണ്. ഇരുപത് രൂപ നിരക്കിൽ ഉച്ചഭക്ഷണം നല്കുന്ന സുഭിക്ഷ ഹോട്ടലുകൾ സംസ്ഥാനവ‍്യാപകമായി പ്രവർത്തിക്കുന്നു. എല്ലാ ജില്ലകളിലുമായി നിലവിൽ 52 ഹോട്ടലുകൾ പ്രവർത്തിച്ചുവരുന്നു. ഒട്ടും പണം കൈവശമില്ലാത്തവർക്ക് സൗജന്യമായും ഇവിടെ ഭക്ഷണം നല്കിവരുന്നു. ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യധാന‍്യ വിതരണം നൂറു ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെ ആദിവാസി ഊരുകളും ലേബർ സെറ്റിൽമെന്റുകളുമടക്കമുള്ള വിദൂരസ്ഥ പ്രദേശങ്ങളിലേക്ക് “സഞ്ചരിക്കുന്ന റേഷൻ കടകൾ” പ്രയാണം ചെയ്യുന്നു.
ഇതുകൂടി വായിക്കാം; ഇന്ത്യയുടെ ദാരിദ്ര്യവും കേരളത്തിന്റെ മുന്നേറ്റവും
എല്ലാവർക്കും റേഷൻ കാർഡ് എന്ന ലക്ഷ‍്യം പ്രാവർത്തികമാക്കുന്നതിനായി തെരുവിൽ കഴിയുന്ന മനുഷ്യർ, കെട്ടിട ഉടമകൾ വാടകച്ചീട്ടോ സമ്മതപത്രമോ നല്കാൻ വിസമ്മതിക്കുന്ന വാടകക്കാർ, വീടുവിട്ട് പോയ ട്രാൻസ്ജെൻഡറുകൾ എന്നിവർക്കെല്ലാം ആധാർകാർഡിനെ മാത്രം അടിസ്ഥാനമാക്കി റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനമെടുത്തു നടപ്പിലാക്കി. രാജ‍്യമെങ്ങും ഭയാനകമായ വിലക്കയറ്റത്തിന് നടുവിലാണ്. ആഗോള പ്രതിഭാസമെന്ന് പറയാവുന്ന നിലയിലാണ് പണപ്പെരുപ്പവും വിലക്കയറ്റവും. കേരളത്തിലെ സാമാന‍്യജനങ്ങളെ ഈ വിഷമകാലത്ത് സംരക്ഷിക്കുന്നത് സർക്കാരിന്റെ കാര‍്യക്ഷമമായ വിപണി ഇടപെടലാണ്. കേരളാ സിവിൽ സപ്ലൈസ് കോർപറേഷന്റെ വില്പനശാലകൾ വഴി 13 ഇനം അവശ‍്യ സാധനങ്ങൾ 2016 ഏപ്രിലിലെ വിലയിൽ ഇന്നും നല്കിവരുന്നു. പുതിയ സൂപ്പർമാർക്കറ്റുകളും മാവേലി സ്റ്റോറുകളും മെഡിക്കൽ സ്റ്റോറുകളും സപ്ലൈകോ ആരംഭിച്ചു. നിലവിലുള്ളവ അപ്ഗ്രേഡ് ചെയ്തു. സപ്ലൈകോയുടെ മൊബൈൽ വില്പനശാലകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് സബ്സിഡി നിരക്കിൽ അവശ‍്യവസ്തുക്കൾ വിതരണം ചെയ്യുന്നു. സബ്സിഡിയിലൂടെ ഉണ്ടാവുന്ന സാമ്പത്തികഭാരത്തിന് സർക്കാരിനെ ആശ്രയിക്കാതെ സ‍്വന്തം വ‍്യാപാരം ശക്തിപ്പെടുത്തി പരിഹരിക്കാനുള്ള പരിശ്രമം മുന്നോട്ടുപോകുന്നു. ഇതിന്റെ ഭാഗമായി സബ്സിഡി ഇതര ഉല്പന്നങ്ങളുടെ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും എല്ലാ സൂപ്പർമാർക്കറ്റുകളിലും ആരംഭിച്ചു. സപ്ലൈകോ ആധുനികീകരണത്തിന്റെ ഭാഗമായി എല്ലാ മാവേലി സ്റ്റോറുകളിലെയും ഇതര വില്പനശാലകളിലെയും സ്റ്റോക്ക്, സെയിൽസ്, പർച്ചേസ് ഇവയെല്ലാം കേന്ദ്രീകൃതമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയുന്ന (എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്) നടപ്പിലാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. ഉദാരവല്ക്കരണ നയങ്ങളുടെ ഭാഗമായി രാജ‍്യം സ‍്വാതന്ത്ര‍്യാനന്തരം തുടർന്നുവന്ന സാർവത്രിക പൊതുവിതരണ സമ്പ്രദായം തകർക്കുകയും ലക്ഷ്യാധിഷ്ഠിത പൊതുവിതരണം ഏർപ്പെടുത്തുയും ചെയ്തു.
2013 ലെ ഭക്ഷ്യഭദ്രതാനിയമം ഇതിന് സ്റ്റാറ്റ‍്യൂട്ടറി പിൻബലം നല്കി. ഇതുപ്രകാരം അന്ത്യോദയ–അന്നയോജന (മഞ്ഞ കാർഡ്), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിങ്ക്കാർഡ്) എന്നീ മുൻഗണനാ വിഭാഗങ്ങളുടെ പരമാവധി അംഗങ്ങൾ 1,54,80,040 നിജപ്പെടുത്തിയിരുന്നു. ഭക്ഷ‍്യഭദ്രതാ നിയമപ്രകാരമുള്ള ആനുകൂല‍്യങ്ങൾക്ക് പുറമെ, ചികിത്സാ ആനുകൂല‍്യങ്ങളടക്കം ലഭ‍്യമാകുന്നതിനുള്ള മാനദണ്ഡമാണ് മുൻഗണനാ കാർഡുകൾ. അർഹരായ ഒട്ടേറെപ്പേർ കേന്ദ്രസർക്കാർ നിഷ്കർഷതകൾ മൂലം മുൻഗണനയ്ക്ക് പുറത്തുപോയി. ഈ സാഹചര‍്യം മറികടക്കാൻ മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരോട് കൂടുതൽ അർഹരായവർക്കായി കാർഡുകൾ തിരികെയേല്പിക്കാൻ സർക്കാർ അഭ‍്യർത്ഥിച്ചു. ഇതുപ്രകാരം നാളിതുവരെ 14701 എഎവൈ (മഞ്ഞ) കാർഡുകളും 90798 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും 66813 എന്‍പിഎസ് (നീല) കാർഡുകളുമുൾപ്പെടെ 172312 കാർഡുകൾ തിരിച്ചേല്പിക്കപ്പെട്ടു. ഈ ഒഴിവിലേക്ക് എഎവൈ, പിഎച്ച്എച്ച്, എൻപിഎസ് വിഭാഗങ്ങളിലായി യഥാക്രമം 17271, 135971, 240കാർഡുകൾ അതായത് ആകെ 153482കാർഡുകൾ ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് തരംമാറ്റി നല്കി. മാരകരോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ, ഓട്ടിസം ബാധിച്ച കുട്ടികളുള്ള കുടുംബങ്ങൾ എന്നിവർക്ക് ഈ പ്രക്രിയയിൽ പ്രത്യേക പരിഗണന നല്കി. ഇതിനു പുറമെയാണ് സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം മുൻഗണനാ കാർഡുകൾ നല്കുന്നത്. സംസ്ഥാനത്തിന്റെ ഭക്ഷ‍്യ സ‍്വയംപര‍്യാപ്തതയിലും പാരിസ്ഥിതിക സന്തുലനത്തിലും വലിയ സ്ഥാനമാണ് നെൽകൃഷിക്കുള്ളത്. പലവിധ കാരണങ്ങളാൽ കൃഷിയിൽ നിന്ന് അകന്നുപോകുന്നവരെ തിരികെ കൊണ്ടുവരാൻ ബഹുതല സ്പർശിയായ നടപടികൾ സർക്കാർ കൈക്കൊണ്ടുവരുന്നു. ഉല്പന്നം ന്യായവിലയ്ക്ക് സംഭരിക്കപ്പെടുമെന്ന ഉറപ്പാണ് ഇതിൽ മുഖ‍്യം.
ഇതുകൂടി വായിക്കാം; കാര്‍ഷിക മേഖലയില്‍ ജീവനറ്റ പദ്ധതികള്‍
നെല്ലുസംഭരണം മാതൃകാപരമായി സംസ്ഥാനസർക്കാർ നടത്തിവരുന്നു. കിലോഗ്രാമിന് 27 രൂപ 48 പൈസാ നിരക്കിൽ 7.65 ലക്ഷം മെട്രിക് ടൺ നെല്ലാണ് കഴിഞ്ഞ വർഷം സംഭരിച്ചത്. വില 28 രൂപ 20 പൈസയായി ഇപ്പോൾ ഉയർത്തിയിട്ടുണ്ട്. കേന്ദ്രവിഹിതം വൈകിയേ ലഭിക്കാറുള്ളൂ എങ്കിലും നെല്ലളന്നാലുടൻ പണം കർഷകരുടെ അക്കൗണ്ടിൽ എത്തിക്കാനുള്ള സംവിധാനമാണ് ബാങ്കുകളുമായി ധാരണയിലെത്തി നടപ്പിൽ വരുത്തിയിട്ടുള്ളത്. ക്ഷേമനടപടികളോടൊപ്പം നിലവിലെ സംവിധാനങ്ങളുടെ ആധുനികവല്ക്കരണവും സർക്കാരിന്റെ മുൻഗണനകളിൽ പ്രധാനമാണ്. ഗ്രാമീണ മേഖലയിലെ 1000 റേഷൻ കടകൾ തിരഞ്ഞെടുത്ത് ചെറുകിട ബാങ്കിങ് സേവനങ്ങൾ, യൂട്ടിലിറ്റി പേയ്‌മെന്റുകൾ, പലവ്യഞ്ജനങ്ങളുടെ വില്പന എന്നിവയെല്ലാം നിർവഹിക്കാൻ പര്യാപ്തമായ വിധം പശ്ചാത്തലസൗകര‍്യം വികസിപ്പിക്കുകയും ഇവയിൽ ഉപയോഗിക്കാൻ കഴിയുംവിധം മൈക്രോചിപ്പുകൾ ഘടിപ്പിച്ച ഇ‑റേഷൻ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും. കേരളാ സ്റ്റോർ (കെ-സ്റ്റോർ) എന്നാണ് ഈ കടകൾ അറിയപ്പെടുക. പൊതുവിതരണ വകുപ്പ് പൂർണമായും അളവുതൂക്കവകുപ്പ് ഭാഗികമായും ഈ ഒരു വർഷക്കാലയളവിൽ ഇ‑ഓഫീസ് സംവിധാനത്തിലേക്ക് മാറി. റേഷൻ കടകളുടെ ഓൺലൈൻ പരിശോധനയ്ക്കായി മൊബൈൽ ആപ്പ് ഏർപ്പെടുത്തി. ഭക്ഷ‍്യധാന‍്യങ്ങളുടെ വാതിൽപ്പടി വിതരണവാഹനങ്ങളിൽ ജിപിഎസ് ട്രാക്കിങ് സംവിധാനം ആരംഭിച്ചു. ലീഗൽമെട്രോളജി വകുപ്പിന്റെ എറണാകുളത്തുള്ള സെൻട്രൽ ലബോറട്ടറിയോടനുബന്ധിച്ച് തെർമോമീറ്റർ കാലിബറേഷൻ ലാബും ഫ്ളോമീറ്റർ കാലിബറേഷൻ ലാബും ആരംഭിച്ചു. എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ പിശകുകൾ തിരുത്താൻ ‘തെളിമ’ ക‍്യാമ്പയിൻ തുടങ്ങിവച്ചു. നിലവിലുള്ള സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങൾക്ക് പുറമെ റേഷൻ കട തലത്തിലും വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
റേഷൻ ഡീലർമാർക്കും സെയിൽസ്‌മാൻമാർക്കും ഏഴരലക്ഷം രൂപയുടെ സൗജന‍്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ഉപഭോക്തൃസംരക്ഷണം കാലികപ്രസക്തമായ ഒരു വിഷയമാണെങ്കിൽപ്പോലും ഈ മേഖലയിൽ ഭരണപരമായ നടപടികൾ ഏറെയുണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ഒരു വർഷം സർക്കാർ ഈ രംഗത്ത് പുതുചുവടുകൾ വച്ചു. പൊതുവിതരണവകുപ്പിനെ പൊതുവിതരണ– ഉപഭോക്തൃകാര്യ വകുപ്പെന്ന് പുനർനാമകരണം ചെയ്തു. ദേശീയ–അന്താരാഷ്ട്ര ഉപഭോക്തൃദിനങ്ങളായ ഡിസംബർ 24നും മാർച്ച് 15നും വിപുലമായ ജനകീയ ബോധവല്ക്കരണ നടപടികൾക്ക് തുടക്കമിട്ടു. മൂവായിരത്തിലധികം നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരിലൂടെ വിദ‍്യാർത്ഥികളിലേക്കും ബഹുജനങ്ങളിലേക്കും ഉപഭോക്തൃ അവകാശ വിദ‍്യാഭ‍്യാസം എത്തിച്ചേരുന്നു. ഓൺലൈൻ കേസ് ഫയലിങ് സംവിധാനമായ ഇ‑ദാഖിൽ സജ്ജമാക്കി. ഇതിലൂടെ ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിൽ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ സ്വന്തം കമ്പ‍്യൂട്ടറിലൂടെയോ കേസുകൾ ഫയൽ ചെയ്യാനും ഫീസടയ്ക്കാനും ഉപഭോക്താവിന് കഴിയുന്നു. കൂടാതെ അനുരഞ്ജനത്തിലൂടെ വ‍്യവഹാരങ്ങൾ തീർപ്പാക്കാൻ എല്ലാ തർക്കപരിഹാര ഫോറങ്ങളിലും മീഡിയേഷൻ സെല്ലുകൾ പ്രവർത്തനമാരംഭിച്ചു. ജനസമൂഹത്തിനാകെ വിഭാഗീയ പരിഗണനകൾക്കതീതമായ ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ‍്യപരിരക്ഷയും സാമൂഹ‍്യ നീതിയും ഉറപ്പുവരുത്തിയ കേരള മോഡൽ ഇന്ന് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മാറിയ കാലഘട്ടത്തിൽ അതിന്റെ നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് തന്നെ സാമ്പത്തിക വികാസവും പശ്ചാത്തല സൗകര‍്യവികസനവും ഉറപ്പുവരുത്തുവാനുള്ള പരിശ്രമത്തിലാണ് കേരള സർക്കാർ. ജനക്ഷേമവും ആധുനീകരണവും ഒരുമിപ്പിച്ച് ഈ യത്നത്തിൽ ഭക്ഷ‍്യ–പൊതുവിതരണ-ഉപഭോക്തൃകാര‍്യ‑ലീഗൽ മെട്രോളജി വകുപ്പുകളും മുന്നണിയിൽ നിലയുറപ്പിച്ചിരിക്കുന്നു.