ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷ ബോണ്ട് നിര്‍ബന്ധമാക്കുന്നു. ഡല്‍ഹിയിലെ മെഡിക്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഓള്‍ ഇന്ത്യ, സംസ്ഥാന ക്വാട്ടയില്‍ ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ഒരു വര്‍ഷത്തെ സേവനം നിര്‍ബന്ധമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ബോണ്ട് സംവിധാനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ആവശ്യമുന്നയിക്കുമ്പോഴാണ് രാജ്യതലസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഡല്‍ഹി നാഷണല്‍ കാപിറ്റല്‍ ടെറിറ്ററി (ജിഎന്‍സിടി)ക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത സേവനം നടത്തേണ്ടിവരുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവിട്ടത്.