രാജ്യത്തിന്റെ സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായ ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു.
2020 നവംബര്‍ 26 നാണ് കാര്‍ഷിക മേഖലയിലേക്ക് കോര്‍പ്പറേറ്റുകള്‍ക്ക് വാതില്‍ തുറന്നിടുന്ന കര്‍ഷക നിയമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ചിനായി യാത്ര തുടങ്ങിയത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ കര്‍ഷക ഐക്യത്തിന് മുന്നില്‍ നരേന്ദ്ര മോഡി ഭരണകൂടം മുട്ടുകുത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയിട്ടും അന്തിമവിജയം ഉറപ്പിക്കുന്നതിനായി കര്‍ഷകര്‍ സമരവേദികളില്‍ തുടരുകയാണ്. ഇന്ന് ഡല്‍ഹി അതിര്‍ത്തികള്‍ കര്‍ഷകര്‍ ഉപരോധിക്കും.
ഇന്നലെയോടെ സിംഘു, ടിക്രി, ഗാസിപൂര്‍ സമരകേന്ദ്രങ്ങളില്‍ കര്‍ഷകര്‍ നിറഞ്ഞു. ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമായി സമരവേദികളിലേക്കുള്ള പ്രവാഹം തുടരുകയാണ്. വിളവെടുപ്പ് ജോലികള്‍ പൂര്‍ത്തിയായതോടെ ഇനിയും മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിന് കര്‍ഷകര്‍ തയ്യാറാണെന്ന് ഹരിയാനയിലെ ജിന്ദില്‍ നിന്നുള്ള കര്‍ഷക നേതാവായ ആസാദ് പല്‍വ പറഞ്ഞു. ജിന്ദില്‍ നിന്നുമാത്രം ഭക്ഷ്യധാന്യങ്ങള്‍ വഹിച്ച നൂറോളം വാഹനങ്ങളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കർഷകപ്രവാഹം കണക്കിലെടുത്ത് ഡൽഹി അതിർത്തിയിൽ പൊലീസ് വീണ്ടും ബാരിക്കേഡുകൾ ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ സേനാംഗങ്ങളെയും വിന്യസിച്ചു.
മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുക, കർഷകർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുക, പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായ കർഷകര്‍ക്കായി സ്മാരകം നിര്‍മ്മിക്കുക, അവരുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച മുന്നോട്ടുവച്ചിരിക്കുന്നത്. വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കുക, ലഖിംപുര്‍ ഖേരി കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയവയും പ്രധാനമന്ത്രിക്ക് കഴിഞ്ഞദിവസം നല്‍കിയ തുറന്ന കത്തില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ 19 ന് രാജ്യത്തെ അഭിസംബോധന ചെയ്താണ് കാർഷിക ബില്ലുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചത്. നിയമങ്ങള്‍ പിൻവലിക്കാനുള്ള ബില്ലിന് കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗവും അംഗീകാരം നൽകിയിരുന്നു. ബില്‍ പാര്‍ലമെന്റില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. ശൈത്യകാല സമ്മേളനത്തിന് തുടക്കമാകുന്ന 29ന് പാര്‍ലമെന്റിലേക്ക് സന്‍സദ് ചലോ മാര്‍ച്ചും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: One year for agitation; Farmer influx to Delhi
You may like this video also