Site iconSite icon Janayugom Online

വിഴിഞ്ഞത്ത് നങ്കൂരമിട്ട സ്വപ്നത്തിന് ഒരാണ്ട്

കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ നങ്കൂരമിട്ടിട്ട് ഒരാണ്ട്. 2024 ജൂലൈ 11 നാണ് സാൻ ഫെർണാണ്ടോ എന്ന കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് അടുത്തത്. ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷയായ വിഴിഞ്ഞം തുറമുഖം ലോകത്തെ തന്നെ വിസ്മയിപ്പിച്ചാണ് ഈ കാലയളവിൽ കുതിക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. 2024 ഡിസംബറിൽ കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 392 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എംഎസ്‌സി ഐറിന ഉൾപ്പെടെ 23 അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. ഐറിന ഉൾപ്പെടെ പല കപ്പലുകളും ഇന്ത്യയിൽ ആദ്യമായാണ് ബെർത്ത് ചെയ്തത്. ഇതുവരെ 8.3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 

വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ പൂർണ ശേഷിയിൽ പ്രവർത്തനം നടത്തിയ ലോകത്തെ അപൂർവം പോർട്ടുകളിലൊന്നായി വിഴിഞ്ഞം മാറി. ഓട്ടോമേഷൻ, എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തുറമുഖം പ്രവർത്തിപ്പിക്കാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാൻ വിഴിഞ്ഞം വഴിയൊരുക്കി. കഴിഞ്ഞ നാല് മാസങ്ങളായി ഇന്ത്യയിലെ തെക്ക്-കിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ ഒന്നാമതെത്താനും വിഴിഞ്ഞത്തിനു കഴിഞ്ഞു. വിഴിഞ്ഞം പ്രദേശത്തെ വനിതകളെ പരിശീലിപ്പിച്ചു ഇന്ത്യയിലെ ആദ്യ വനിതാ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരാക്കിയത് രാജ്യാന്തരതലത്തിൽ വരെ ശ്രദ്ധ നേടി. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിലെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളിലൂടെ ഒരു ലക്ഷത്തിലേറെ പേരെ പിന്തുണയ്ക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. ഒന്നാം വർഷം അഭിമാനത്തോടെ ആഘോഷിക്കുന്നതിനൊപ്പം ഏതാണ്ട് 10,000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട നിർമ്മാണപ്രവർത്തനങ്ങളും ഉടൻ തുടങ്ങും. ഇന്ത്യയുടെ മാരിടൈം മേധാവിത്വത്തിലേക്കുള്ള പടിവാതിലായി വിഴിഞ്ഞം വളരുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. 

Exit mobile version