Site iconSite icon Janayugom Online

ഉള്ളിക്ക് പൊന്നുംവില; ഇന്ത്യയില്‍ 512 കിലോ ഉള്ളിക്ക് വില രണ്ട് രൂപ

ആഗോള ഭക്ഷ്യപ്രതിസന്ധിയില്‍ വരുംകാലങ്ങളില്‍ വെല്ലുവിളിയാവുക ഉള്ളി ക്ഷാമമെന്ന് വിദഗ്ധര്‍. പല രാജ്യങ്ങളിലും ഉള്ളിവില കുതിച്ചുയരുകയാണ്. ആഗോള ഭക്ഷ്യ പ്രതിസന്ധിയുടെ പ്രതീകമായി ഉള്ളി മാറി. വരുംകാലങ്ങളില്‍ ഇത് കൂടുതല്‍ മോശം സ്ഥിതിയിലേക്ക് എത്തുമെന്നും വിദഗ്ധര്‍ പറയുന്നു.
ഫിലിപ്പീന്‍സ്, മൊറോക്കോ, തുര്‍ക്കി, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ പച്ചക്കറി വില കുതിച്ചുയരുകയാണ്. വിലക്കയറ്റം വര്‍ധിച്ചതോടെ സര്‍ക്കാരുകള്‍ ഉള്ളി, ക്യാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ്, ആപ്പിള്‍ തുടങ്ങിയ ഉല്പന്നങ്ങളുടെ കയറ്റുമതി റദ്ദാക്കിയിരുന്നു. ചില രാജ്യങ്ങള്‍ ഭക്ഷ്യോല്പന്നങ്ങളുടെ കയറ്റുമതിക്ക് വരുത്തിയ നിയന്ത്രണം ലോകമെമ്പാടുമുള്ള ലഭ്യതയെ തടസപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്രസഭയും ലോക ബാങ്കും അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫിലിപ്പീന്‍സില്‍ മാംസത്തേക്കാള്‍ വിലയാണ് ഉള്ളിക്ക്. അവിടെ ഭൂരിപക്ഷം വിഭവങ്ങളിലെയും പ്രധാന ചേരുവയായ ചുവന്ന ഉള്ളിയുടെ വില ഏപ്രിലിൽ കിലോയ്ക്ക് 70 പെസോ (105.18 രൂപ) ആയിരുന്നത് ഡിസംബറിൽ 700 പെസോ (1051 രൂപ) ആയി ഉയർന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ ഇത് കിലോയ്ക്ക് 825 രൂപ (550 പെസോ) ആയി കുറഞ്ഞു. ഇത് ഫിലിപ്പിനോ മാർക്കറ്റിൽ കോഴിയിറച്ചിയെക്കാൾ ഏകദേശം മൂന്നിരട്ടിയും ബീഫിനെക്കാൾ 25 ശതമാനം വില കൂടുതലുമാണ്.

ഉള്ളി ക്ഷാമത്തില്‍ കനത്ത പ്രതിഷേധമാണ് ഫിലിപ്പീന്‍സില്‍ അരങ്ങേറുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രസിഡന്റ് ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ 21,060 മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതായി കാര്‍ഷിക വകുപ്പ് പറയുന്നു. എന്നാല്‍ ഇത് താല്‍ക്കാലിക ആശ്വാസം മാത്രമാണെന്നും വകുപ്പ് വക്താവ് റെക്സ് എസ്റ്റൊപെരെസ് പറഞ്ഞു. കസാക്കിസ്ഥാനില്‍ വലിയ അളവില്‍ ഉള്ളി വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്ക് വില ഉയര്‍ന്നാല്‍ ഇന്ത്യയിലും കയറ്റുമതി നിരോധിക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാറുണ്ട്. 

ഇന്ത്യയില്‍ 512 കിലോ ഉള്ളിക്ക് വില രണ്ട് രൂപ

മുംബൈ: 512 കിലോ ഉള്ളി ലേലത്തില്‍ വിറ്റ കര്‍ഷകന് ലഭിച്ചത് വെറും രണ്ട് രൂപ. മഹാരാഷ്ട്രയിലെ സോളാപൂരിലെ ബോര്‍ഗാവ് നിവാസിയായ രാജേന്ദ്ര തുക്കാറാം ചവാനാണ് ഒരു സീസണിലെ അധ്വാനത്തിന് തുച്ഛമായ വില ലഭിച്ചത്.
58കാരനായ ചവാന്‍ 70 കിലോമീറ്റര്‍ സഞ്ചരിച്ചാണ് 512 കിലോ ഉള്ളിവില്‍ക്കുന്നതിന് സോളാപൂര്‍ എപിഎംസിയില്‍ എത്തിയത്. എന്നാല്‍ കിലോയ്ക്ക് ഒരു രൂപ മാത്രമാണ് ചവാന് ലഭിച്ചത്. വാഹനത്തിന്റെ കൂലിയും ചുമട്ടുകൂലിയും കിഴിച്ച് അവസാനം 2.49 രൂപയാണ് കര്‍ഷകന് ലഭിച്ചത്. ഒടുവില്‍ രണ്ട് രൂപയുടെ ചെക്കാണ് കിട്ടിയത്. എന്നാല്‍ 15 ദിവസത്തിനുശേഷം മാത്രമേ ഇത് പണമായി കയ്യില്‍ ലഭിക്കൂ.
512 രൂപയാണ് ഉള്ളി വിറ്റപ്പോള്‍ ലഭിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് 509.50 രൂപ എപിഎംസി വാഹനക്കൂലി ഇനത്തില്‍ ഈടാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഉള്ളി കിലോയ്ക്ക് 20 രൂപ ലഭിച്ചിരുന്നുവെന്നും ചവാന്‍ പറയുന്നു.
കഴിഞ്ഞ മൂന്ന്-നാല് വര്‍ഷത്തിനിടെ വിത്തിന്റെയും വളത്തിന്റേയും വില ഇരട്ടി ആയിരിക്കുകയാണ്. ഈ വര്‍ഷം 500 കിലോ ഉള്ളി കൃഷി ചെയ്യാനായി 40,000 രൂപ ചെലവഴിച്ചുവെന്നും ചവാന്‍ പറയുന്നു. അതേസമയം ചവാന്‍ ലേലത്തിനായി കൊണ്ടുവന്നത് ഗുണനിലവാരം കുറഞ്ഞ ഉള്ളിയാണെന്നാണ് എപിഎംസി അധികൃതരുടെ വിശദീകരണം. ഗുണനിലവാരം കുറഞ്ഞ ഉള്ളിക്ക് ആവശ്യക്കാര്‍ കുറവാണെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Onion price hikes

You may also like this video

Exit mobile version