Site icon Janayugom Online

ഓണ്‍ലൈന്‍ കൊറിയര്‍ സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച

തൃപ്പാളൂരില്‍ കൊറിയര്‍ സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് 2.50 ലക്ഷം രൂപ കവര്‍ന്നു. ഞായറാഴ്ചരാത്രി പന്ത്രണ്ടിനും ഒന്നമേുക്കാലിനും ഇടയിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിവരം പുറത്തറിയുന്നത്. തൃപ്പാളൂര്‍ ദേശീയപാതയിലെ മേല്‍ നടപ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഗോലൈന്‍ നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ്, ഇകോം എക്‌സ്പ്രസ് എന്നിവയുടെ ശാഖകളിലാണ് മോഷണം നടന്നത്. ഓണ്‍ലൈന്‍ വില്‍പ്പന ശാലകളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിതരണംചെയ്യുന്ന സ്ഥാപനങ്ങളാണിവ.

ഗോലൈനിന്‍നിന്ന് 1.91 ലക്ഷം രൂപയും ഇകോമില്‍നിന്ന് 79,000 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. ഗോലൈനില്‍ പണം അടങ്ങിയ ലോക്കര്‍ അലമാരയ്ക്കുള്ളില്‍ പൂട്ടിവെച്ചിരിക്കയായിരുന്നു. അലമാര കുത്തിത്തുറന്നെങ്കിലും ലോക്കര്‍തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ എടുത്തുകൊണ്ടുപോയി. ഇകോമില്‍ പണം സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി 12‑ന് ശേഷം പാന്റ്സും കോട്ടും മുഖാവരണവും തൊപ്പിയും ധരിച്ച് രണ്ടുപേര്‍ സ്ഥാപനങ്ങളിലേക്ക് വരുന്നത് സിസിടിവി. ദൃശ്യത്തിലുണ്ട്. ഗോലൈനിലെ സിസിടിവിയുടെ റിക്കോര്‍ഡര്‍ മോഷ്ടാക്കള്‍ എടുത്തുമാറ്റിയ നിലയിലാണ്. ഇത് വീണ്ടെടുക്കാനായില്ല. ഇകോമിലെ സിസിടിവിയില്‍ ഇവര്‍ അലമാര കുത്തിത്തുറന്ന് പണം കവരുന്ന ദൃശ്യമുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ഗോലൈനില്‍ സാധനങ്ങള്‍ ഇറക്കാന്‍ ലോറിവന്നെങ്കിലും ഡ്രൈവര്‍ മോഷണവിവരം അറിഞ്ഞില്ല. ഷട്ടര്‍ പതിവുപോലെ താഴ്ത്തി ഇട്ടിരുന്നു. ആറ്ുമണിക്ക് ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. സമീപത്തെ ഇകോമിന്റെ പൂട്ടും പൊളിച്ചിട്ടിരുന്നു. ഗോലൈന്‍ മാനേജര്‍ എ. അനസ്, ഇകോം മാനേജര്‍ എ. നൗഫല്‍ എന്നിവര്‍ പോലീസില്‍ വിവരമറിയിച്ചു.

ആലത്തൂര്‍ സി.ഐ. ജെ. മാത്യു, എസ്.ഐ. എം.ആര്‍. ആരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ബിവറേജസ് മദ്യവില്പന ശാലയ്ക്കും പെട്രോള്‍ പമ്പിനും സമീപത്താണ് മോഷണംനടന്ന സ്ഥാപനങ്ങള്‍. ഇവിടയൊന്നും രാത്രികാലസുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനാന്തര പ്രൊഫഷണല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.

Eng­lish sum­ma­ry; Online couri­er shops robed

You may also like this video;

Exit mobile version