ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തിലേറെ രൂപ തട്ടിയ കേസിലെ പ്രതിയെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഷിഹാസ് (23) ആണ് അറസ്റ്റിലായത്. പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 3,15,780 രൂപ കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ പ്രവർത്തിച്ചതിനാലാണ് ഇയാളെ പട്ടാമ്പിയിൽ നിന്നും പിടികൂടിയത്.
കോടന്നൂർ ശാസ്താംകടവ് സ്വദേശി സ്മിത (43) ഇൻസ്റ്റാഗ്രാമിൽ “ടാസ്ക് ചെയ്ത് പണമുണ്ടാക്കാം” എന്ന പരസ്യം കണ്ട് പ്രതികളുമായിബന്ധപ്പെട്ടു. അവർ നൽകിയ ടെലഗ്രാം ലിങ്ക് വഴി ചെറു ടാസ്ക് ചെയ്തതിന് 150 രൂപ ലഭിച്ചപ്പോൾ വിശ്വസിച്ച സ്മിത, പിന്നീട് വലിയ ടാസ്കുകൾക്കായി മുൻകൂറായി പണം നൽകണമെന്ന് പറഞ്ഞതിനെ അനുസരിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി 2 മുതൽ മാർച്ച് 19 വരെ പലതവണയായി 10,05,780 രൂപ അയച്ചുകൊടുത്തതാണ് തട്ടിപ്പ്. 2024 ജൂലൈയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

